Image

വാക്‌സിന്‍ പരീക്ഷണത്തെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നം; അഞ്ചു കോടി നഷ്ടപരിഹാരം തേടി യുവാവ്, 100 കോടിയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

Published on 30 November, 2020
വാക്‌സിന്‍ പരീക്ഷണത്തെ തുടര്‍ന്ന്  ആരോഗ്യപ്രശ്‌നം; അഞ്ചു കോടി നഷ്ടപരിഹാരം തേടി യുവാവ്, 100 കോടിയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ചെന്നൈ: കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിനു വിധേയനായതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടി അഞ്ചു കോടി രൂപ നഷ്ടപരിഹാരം തേടി ചെന്നൈ സ്വദേശി രംഗത്ത്. 


ഓക്സ്ഫഡ് സര്‍വകലാശാല, ആസ്ട്രസെനക്ക എന്നിവ പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച്‌ വികസിപ്പിക്കുന്ന കൊവിഷീല്‍ഡ് വാക്സിന്‍ എടുത്തതിനെ തുടര്‍ന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മനശാസ്ത്രപരവുമായ പ്രശ്നങ്ങള്‍ ഉണ്ടായെന്നാണ് പരീക്ഷണത്തില്‍ പങ്കാളിയായ 40കാരനായ ബിസിനസ് കണ്‍സള്‍ട്ടന്റിന്റെ ആരോപണം. 


ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച്‌ എന്ന സ്ഥാപനത്തില്‍നിന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് കൊവിഡ് വാക്സിന്‍ സ്വീകരിച്ചയാളാണ് പരാതിക്കാരന്‍. 


എന്നാല്‍, തെറ്റിദ്ധാരണജനകമായ പ്രസ്താവനയ്‌ക്കെതിരേ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ അറിയിച്ചു. കൊവിഷീല്‍ഡ് വാക്സിന്‍ നിര്‍മാണവും വിതരണവും ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും ചെന്നൈ സ്വദേശി പറഞ്ഞു.


 കൊവിഡ് വാക്സിന് അടിയന്തര അനുമതി തേടി അധികൃതരെ സമീപിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാല വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയുണ്ടായ വിവാദം വരുംദിവസങ്ങളില്‍ നിയമയുദ്ധത്തിലേക്കും വാക്‌സിന്‍ നിര്‍മാണത്തെയും ബാധിച്ചേക്കുമെന്നാണു സൂചന.


ഇദ്ദേഹത്തിനു ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ നേരിട്ടത് പരീക്ഷണ ഘട്ടത്തിലുള്ള കൊവിഡ് വാക്സിന്‍ എടുത്തതിന്റെ ഫലമായാണോയെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിജിസിഐ)യും ഇന്‍സ്റ്റിറ്റിയൂഷനല്‍ എത്തിക്സ് കമ്മിറ്റിയും പരിശോധിക്കുന്നുണ്ട്. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍, ഡിജിസിഐ, സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്റേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ എന്നിവയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. 


ആസ്ട്രസെനക്ക സിഇഒ, പ്രഫസര്‍ ആന്‍ഡ്രൂ പൊള്ളാഡ്, ഓക്സ്ഫഡ് വാക്സിന്‍ പരീക്ഷണത്തിന്റെ ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍, ശ്രീ രാമചന്ദ്രാ ഹയര്‍ എഡ്യൂട്ടേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ എന്ന സ്ഥാപനത്തിന്റെ വൈസ് ചാന്‍സലര്‍ എന്നിവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. തന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ദീര്‍ഘകാലം ചികില്‍സ വേണ്ടി വരുമോ എന്ന ആശങ്കയിലാണെന്നും അതിനാല്‍ നോട്ടീസ് ലഭിച്ച്‌ രണ്ടാഴ്ചയ്ക്കകം അഞ്ച് കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം.


സന്നദ്ധ പ്രവര്‍ത്തകന്‍ വാക്‌സിന്‍ സ്വീകരിച്ചതും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും സംബന്ധിച്ച്‌ ബന്ധമില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയതിനു 100 കോടി രൂപയുടെ മാനനഷ്ടക്കേസ് തയ്യാറാക്കുന്നതായും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. 


നവംബര്‍ 21ന് യുവാവ് സമര്‍പ്പിച്ച വക്കീല്‍ നോട്ടീസ് പ്രകാരം കൈവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ 10 ദിവസത്തിന് ശേഷം അദ്ദേഹത്തിന് 'കടുത്ത തലവേദന', 'പെരുമാറ്റ വ്യതിയാനം', 'പ്രകാശത്തോടും ശബ്ദത്തോടും ഉള്ള പ്രകോപനം' എന്നിവ അനുഭവപ്പെട്ടു തുടങ്ങി. അദ്ദേഹത്തിന് ആരെയും തിരിച്ചറിയാനോ സംസാരിക്കാനോ കഴിഞ്ഞില്ലെന്നും ആരോപിക്കുന്നുണ്ട്. 


ഒക്ടോബര്‍ 26 ന് 'അക്യൂട്ട് എന്‍സെഫലോപ്പതി' ബാധിച്ച്‌ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വാക്‌സിന്‍ പരിശോധനയുടെ പാര്‍ശ്വഫലമാണിതെന്നും ആരോപിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക