Image

യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി

Published on 29 November, 2020
 യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി

ലണ്ടന്‍: യുക്മയുടെ ചരിത്രത്തില്‍ ഇദം പ്രഥമമായി കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. ഇതാദ്യമായി യുക്മ കലാമേളയില്‍ നേരിട്ട് ദേശീയ തലത്തില്‍ മത്സരിക്കാന്‍ കഴിയുന്നു എന്ന പ്രത്യേകതയും ഉള്ള സാഹചര്യത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അംഗ അസോസിയേഷനുകളില്‍ നിന്നും നിരവധി മത്സരാര്‍ത്ഥികളാണ് രംഗത്തുള്ളത്. യാത്ര ഒഴിവാക്കി ദേശീയ മേളയില്‍ പങ്കെടുക്കാമെന്നതിനാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ അംഗ അസോസിയേഷനുകളില്‍ നിന്നുമുള്ള നൂറ് കണക്കിന് മത്സരാര്‍ത്ഥികള്‍ മത്സരത്തിന് ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.

രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മത്സരാര്‍ത്ഥികള്‍ നിബന്ധനകള്‍ പാലിച്ചുകൊണ്ട് തങ്ങളുടെ മത്സര ഇനങ്ങള്‍ വീഡിയോയിലാക്കി നവംബര്‍ 30 തിങ്കളാഴ്ച രാത്രി 12 മണിക്ക് മുന്‍പായി കലാമേളക്കായി പ്രത്യേകം ഉണ്ടാക്കിയിരിക്കുന്ന ഇ മെയിലുകളിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്. ഓരോ വിഭാഗത്തിനും പ്രത്യേകം ഇ മെയിലുകളാണുള്ളത്. തിങ്കളാഴ്ച 12 മണിക്ക് ശേഷം ലഭിക്കുന്ന വീഡിയോകള്‍ മത്സരത്തിനായി പരിഗണിക്കുന്നതല്ല.

പതിനൊന്നാമത് യുക്മ ദേശീയ കലാമേള ഡിസംബര്‍ പന്ത്രണ്ട് ശനിയാഴ്ച എസ് പി ബി വെര്‍ച്വല്‍ നഗറില്‍ ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെര്‍ച്വല്‍ പ്ലാറ്റ്ഫോം രൂപകല്‍പ്പന ചെയ്തുകഴിഞ്ഞു. യശഃശരീരനായ ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള വെര്‍ച്വല്‍ നഗറില്‍ ദേശീയമേളക്ക് തിരിതെളിയുമ്പോള്‍, അത് യുക്മയ്ക്കും ലോക പ്രവാസി മലയാളി സമൂഹത്തിനും ചരിത്ര നിമിഷമാകും.

വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി യുക്മ ഏറ്റെടുക്കുമ്പോള്‍, കഴിഞ്ഞ പത്തു കലാമേളകളില്‍നിന്നും പ്രധാനപ്പെട്ട ചില വ്യത്യാസങ്ങള്‍ ഈ വര്‍ഷത്തെ കലാമേളക്ക് എടുത്തുപറയുവാനുണ്ട്. റീജിയണല്‍ കലാമേളകള്‍ ഈ വര്‍ഷം ഉണ്ടായിരിക്കില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു സവിശേഷത. കൂടാതെ ഗ്രൂപ്പ് മത്സര ഇനങ്ങളും പ്രത്യേക സാഹചര്യത്തില്‍ ഒഴിവാക്കിയിട്ടുണ്ട്.

മത്സരത്തിനുള്ള വീഡിയോകള്‍ ഓരോ വിഭാഗത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഇ മെയിലിലേക്കാണ് അയക്കേണ്ടത്. കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേകം മെയില്‍ ഐഡികളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇ - മെയില്‍ ഐഡികള്‍ താഴെ കൊടുത്തിരിക്കുന്നു.

1. KIDS - uukmavk20kids@gmail.com
2.SUB JUNIORS -uukmavk20subjuniors@gmail.com
3.JUNIORS -uukmavk20juniors@gmail.com
4. SENIORS - uukmavk20seniors@gmail.com

രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മത്സരാര്‍ത്ഥികള്‍ക്ക് ചെസ്റ്റ് നമ്പറുകള്‍ അനുവദിച്ചിട്ടുണ്ട്. ചെസ്റ്റ് നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്ത സോഫ്റ്റ് വെയറില്‍ നിന്നും ലഭിക്കുന്നതാണ്. പതിനൊന്നാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയിലേക്ക് മത്സരാര്‍ത്ഥികളെ പങ്കെടുപ്പിക്കുവാന്‍ അഹോരാത്രം പരിശ്രമിച്ച യുക്മ ദേശീയ, റീജിയണല്‍, അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ക്ക് യുക്മ ദേശീയ സമിതി നന്ദി രേഖപ്പെടുത്തി. യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ കലാമേളയില്‍ പങ്കെടുക്കുന്ന എല്ലാ മത്സരാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേര്‍ന്നു.

കലാമേളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ (07828424575) ജോയിന്റ് സെക്രട്ടറി സാജന്‍ സത്യന്‍ (07946565837) എന്നിവരെയോ അതാത് റീജിയണല്‍ ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സജീഷ് ടോം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക