Image

അനുമതി ലഭിക്കും മുൻപ് വാക്‌സിൻ വിമാനമാർഗം എത്തിക്കുന്നു; സാൻ ഫ്രാൻസിസ്കോയിൽ സ്ഥിതി ഗുരുതരം

മീട്ടു Published on 29 November, 2020
അനുമതി ലഭിക്കും മുൻപ് വാക്‌സിൻ വിമാനമാർഗം  എത്തിക്കുന്നു; സാൻ ഫ്രാൻസിസ്കോയിൽ സ്ഥിതി ഗുരുതരം
ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (എഫ് ഡി എ) നിന്ന് അനുമതി ദിവസങ്ങൾക്കുള്ളിൽ  ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ , ഫൈസർ കമ്പനിയുടെ കോവിഡ്-19 വാക്സിൻ യു എസിലെയും യൂറോപ്പിലെയും വിവിധ പ്രാന്തങ്ങളിൽ വിതരണം ചെയ്യാൻ യുണൈറ്റഡ്  എയർലൈൻസ് ഇതിനോടകം പറന്നുകഴിഞ്ഞതായി റിപ്പോർട്ട്. 

ചാർട്ടർ വിമാനങ്ങളിൽ നേരത്തെ ലക്ഷ്യസ്ഥാനങ്ങളിൽ വാക്സിൻ  എത്തിക്കാനുള്ള ഫൈസറിന്റെ  ശ്രമങ്ങൾ, അനുമതി ലഭിച്ചയുടൻ മരുന്ന് ആളുകളിലേക്ക് ലഭ്യമാകുന്നതിനായാണ് എന്ന് വോൾ സ്ട്രീറ്റ് ജേർണൽ പറയുന്നു. ഫൈസറിന്റെ അന്തിമ വാക്സിൻ അസംബ്ലി സെന്ററുകൾ മിഷിഗണിലെ കലമാസൂ, ബെൽജിയം എന്നിവിടങ്ങളിലും  ഡിസ്ട്രിബൂഷൻ സ്റ്റോറേജ് സൈറ്റുകൾ പ്ലെസന്റ് പ്രൈറി, ജർമ്മനിയിലെ കാർൾസ്റൂഹ് എന്നിവിടങ്ങളിലുമാണ് സജ്ജമാക്കിയിരിക്കുന്നത്. ഫൈസർ കമ്പനി ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല. 

ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ  മാധ്യമങ്ങൾക്ക് വെള്ളിയാഴ്ച നൽകിയ പ്രസ്താവനയിൽ " വാക്സിൻ ബൾക്കായി വിമാനമാർഗം കയറ്റി അയയ്ക്കുന്ന ആദ്യ ശ്രമത്തെയും അതിനായി എയർലൈനുകളെ സമീപിക്കുന്നതിനെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. 

ഒരു വിമാനത്തിൽ സാധാരണയായി കയറ്റാൻ അനുവദനീയമായ ഡ്രൈ  ഐസിന്റെ ഭാരം 15,000 പൗണ്ടാണെന്നും , വാക്സിൻ സൂക്ഷിക്കുമ്പോൾ  താഴ്ന്ന താപനില പാലിക്കാതിരുന്നാൽ അത് കേടാകുമെന്ന കാരണത്താൽ, യുണൈറ്റഡിന് അഞ്ച് മടങ്ങ് അധികം ഡ്രൈ ഐസ് കയറ്റാൻ അനുവദിച്ചതായും  ഏജൻസി പറഞ്ഞു.

യുകെ ഉൾപ്പെടെ യൂറോപ്പിൽ നിന്നാണ് ഫൈസർ വാക്സിന് ആദ്യ അനുമതി പ്രതീക്ഷിക്കുന്നത്.  മരുന്ന് കമ്പനി എഫ് ഡി എ യുടെ അടിയന്തര അനുമതിക്ക് അപേക്ഷ സമർപ്പിച്ചത് നവംബർ 20 നായിരുന്നു. ഡിസംബർ 10 -നു അവർ അത് പരിഗണിക്കും.

സാൻ ഫ്രാൻസിസ്കോയിൽ സ്ഥിതി ഗുരുതരം 

സാൻ ഫ്രാൻസിസ്‌കോ: കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, കാലിഫോർണിയ അധികൃതർ സാൻ ഫ്രാന്സിസ്കോയെ ഏറ്റവുമധികം നിയന്ത്രണങ്ങൾ കല്പിക്കുന്ന 'പർപ്പിൾ ടിയറിൽ' ഉൾപ്പെടുത്തി.  മഹാമാരിയുടെ തീവ്രതയുടെ അടിസ്ഥാനത്തിൽ ഓരോ നിറങ്ങളുടെ പേര് നൽകിക്കൊണ്ട് വേർതിരിക്കുന്നതിൽ, പർപ്പിൾ മേഖലയിൽ പെടുന്നത് രോഗവ്യാപനം കൂടുതലുള്ള ഇടങ്ങളാണ്. നഗരത്തിൽ തിങ്കളാഴ്‌ച രാത്രി മുതൽ കർഫ്യു തുടങ്ങും. ഞായറാഴ്ച തന്നെ  റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും, മ്യൂസിയം-തീയറ്റർ- ജിം,ആരാധനാലയങ്ങൾ എന്നിവയ്ക്കും വിലക്കേർപ്പെടുത്തി.

രാത്രി പത്ത് മുതൽ രാവിലെ അഞ്ച് മാണി വരെയായിരിക്കും കർഫ്യു.  ഈ നേരം അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടുവിട്ടിറങ്ങാൻ പാടുള്ളതല്ല.  മറ്റു ബേ ഏരിയ കൗണ്ടികളിൽ മുൻപേ തന്നെ കർഫ്യു പ്രാബല്യത്തിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 

" നമ്മുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കുവേണ്ടിയാണിത്. നമ്മുടെ ഇടം സുരക്ഷിതമാക്കിയാൽ മാത്രമേ , സാധാരണ ജീവിതത്തിലേക്ക് മടങ്ങി തൊഴിൽ ചെയ്ത് ജീവിതം പച്ചപിടിപ്പിക്കാൻ സാധിക്കൂ. " സാൻ ഫ്രാൻസിസ്‌കോ മേയർ ലണ്ടൻ ബ്രീഡ് തന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

"സാൻഫ്രാന്സിസ്കോയിൽ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ പ്രതിദിന ശരാശരി 130 ആണ്.  നവംബർ ആദ്യ ആഴ്ച ഇത് 73 മാത്രമായിരുന്നു."  നഗരത്തിലെ ആരോഗ്യ അധികൃതർ അറിയിച്ചു.
" കോറോണയുടെ രണ്ടാം തരംഗം നമ്മൾ  ആദ്യം അഭിമുഖീകരിച്ചതുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ അക്രമണാത്മകവും വേഗത്തിൽ പടർന്നുപിടിക്കുകയും ചെയ്യുന്നതാണ്." നഗരത്തിലെ ആരോഗ്യ വകുപ്പ് വേധാവി ഗ്രാന്റ് കോൾഫാക്സ് വിവരിച്ചു.

"ഉറച്ച തീരുമാനം ഇപ്പോൾ എടുത്തേ തീരൂ. നമ്മുടെ നഗരവും ജനങ്ങളും വൈറസിൽ നിന്ന് സുരക്ഷ നേടണം". അദ്ദേഹം കൂട്ടിച്ചേർത്തു.

താരതമ്യേന രോഗികൾ കുറവായിരുന്ന സാൻ ഫ്രാൻസിസ്‌കോ ആദ്യം യെല്ലോ ടയറിലായിരുന്നു ഉൾപ്പെട്ടിരുന്നത്. ഗണ്യമായ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നവംബർ 16 ന് റെഡ് ടയറിൽ ചേർത്തിരുന്നു.

രക്തദാനം ചെയ്യാൻ ആറു  മാസം കഴിയണം 

കോവിഡ് മുക്തരായവർ രക്തദാനം ചെയ്യാൻ കുറഞ്ഞത് ആറു മാസം കാത്തിരിക്കണമെന്ന് ചൈനീസ് അധികൃതർ അറിയിച്ചു. രക്തമാറ്റത്തിലൂടെ വൈറസ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആധികാരികമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും മുൻകരുതൽ നല്ലതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 
കോവിഡ് ലക്ഷണങ്ങളില്ലാത്ത വ്യക്തി നൽകുന്ന രക്തത്തിൽ വൈറസിന്റെ ജനിതക തന്മാത്രകൾ അപൂർവമായി  മാത്രമേ കാണുകയുള്ളുവെങ്കിലും അതിന്റെ സാധ്യത പൂർണമായും തള്ളിക്കളയാനാവില്ലെന്നാണ് ബെയ്‌ജിങ്‌ ന്യൂസിനോട് വുഹാനിലെ ഒരു വിദഗ്ദ്ധൻ വിവരിച്ചത്. ഇതുപറഞ്ഞ വിദഗ്ദ്ധൻ ആരാണെന്ന് വ്യക്തമല്ല. രോഗബാധിതരായവരുടെ രക്തത്തിലും മൂത്രത്തിലും വൈറസിന്റെ തന്മാത്രകൾ അദ്ദേഹം ചികിത്സയ്‌ക്കിടയിൽ കണ്ടിരുന്നതായും പറയുന്നു.  അമേരിക്കൻ സൊസൈറ്റി ഓഫ് ഹെമറ്റോളജിയുടെ ജേർണലിലും  ഇതിനെ പിന്തുണയ്ക്കുന്നൊരു  ലേഖനമുണ്ട്.
മതിയായ തെളിവുകൾ ഇല്ലെങ്കിൽപോലും അപകടസാധ്യത ഒഴിവാക്കാനുള്ള മുൻകരുതലായി തൽക്കാലം രോഗമുക്തി നേടി ആറുമാസം കഴിഞ്ഞുമാത്രം രക്തദാനം നടത്തുന്നതാണ് നല്ലതെന്നും വിദഗ്ധൻ വ്യക്തമാക്കി.
2018 ന്റെ അവസാനത്തിലാണ് വുഹാനിൽ ആദ്യമായി കൊറോണവൈറസ് തിരിച്ചറിഞ്ഞത്.  ഇന്നത് ലോകമാകെ പടർന്ന് 62 ദശലക്ഷം രോഗികളും 1.4 ദശലക്ഷം മരണങ്ങളുമെന്ന കണക്കിലെത്തിയതായി ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്റ്റാറ്റിസ്റ്റിക്സിൽ പറയുന്നു.
രോഗപ്രതിരോധത്തിന് ഉതകുന്ന ആന്റിബോഡികൾ കോവിഡ് മുക്തരായവരിൽ  ഉണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ അവരുടെ പ്ലാസ്മ ദാനം ചെയ്യാൻ ലോകം വാക്സിനുവേണ്ടി കാത്തിരിക്കുന്ന അവസരത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക