Image

ഭക്തിപൂര്‍വ്വം കത്തുകള്‍; കൗതുകമായി സന്നിധാനം പോസ്റ്റ് ഓഫീസ്

അനിൽ പെണ്ണുക്കര Published on 28 November, 2020
ഭക്തിപൂര്‍വ്വം കത്തുകള്‍; കൗതുകമായി സന്നിധാനം പോസ്റ്റ് ഓഫീസ്
ഭക്തിയുടെ അപൂര്‍വ കൗതുകങ്ങളാല്‍ സമ്പന്നമാണ് സന്നിധാനം തപാല്‍ ഓഫീസ്. അയ്യനുമായി നേരിട്ട്  ആശയവിനിമയം നടത്താനുള്ള ഉപാധിയായി ചില ഭക്തര്‍ കാണുന്നത്  ഈ തപാലോഫീസിനെയാണ്. ഒരു കത്തിലെ മേല്‍വിലാസം ഇങ്ങനെ: 'സ്വാമി ശരണം അയ്യപ്പ, അയ്യപ്പ ടെമ്പിള്‍, ശബരിമല- 689713, കേരള'. അയച്ചിരിക്കുന്നത് വിശാഖപട്ടണത്തു  നിന്ന് . ജോഗി രാജുവിന്റെ  മകളുടെ വിവാഹത്തിനുള്ള ക്ഷണക്കത്താണ്. ഇത്തരം നിരവധി  കത്തുകള്‍ ദിവസവും സന്നിധാനം പോസ്റ്റോഫീസില്‍ ലഭിക്കുന്നു . അവയെല്ലാം ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് കൈമാറും .

ഭാവി അറിയാന്‍ ഈശ്വരനോട് ചില ചോദ്യങ്ങള്‍, ദൈവകാരുണ്യത്തിന് ഉപകാരസ്മരണ, ജീവിത പ്രശ്‌നങ്ങള്‍, പരാതികള്‍ എന്നിവയെല്ലാം അയ്യപ്പനുള്ള കത്തില്‍ വിഷയമാകും . തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം കത്തുകള്‍ കൂടുതല്‍. പൂജയ്ക്കുള്ള തുകയും കാണിക്കയും മണിഓര്‍ഡറായി അയക്കുന്ന വരും ഒട്ടേറെ . 

നിരവധി  പ്രത്യേകതകളുള്ള ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വര്‍ഷത്തില്‍ മൂന്ന് മാസം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണ പോസ്റ്റ് ഓഫീസ് സീലില്‍ നിന്നും വ്യത്യസ്തമായി അയ്യപ്പസ്വാമി വിഗ്രഹത്തിന്റെയും  പതിനെട്ട് പടികളുടെയും ചിത്രം ആലേഖനം ചെയ്ത സീലാണ് ഇവിടെ ഉപയോഗിക്കുന്നത്. ഈ സീല്‍ പതിച്ച പോസ്റ്റ് കാര്‍ഡ് വാങ്ങി വേണ്ടപ്പെട്ടവര്‍ക്ക് അയച്ചു നല്‍കാന്‍ ഭക്തര്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിക്കുന്നത് പതിവാണ്. 689713 പിന്‍ കോഡുള്ള പോസ്റ്റ് ഓഫീസ് ശബരിമലയില്‍ സേവനം തുടങ്ങിയത് 1963 ല്‍ ആണ്. 

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് മാത്രമാണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസിന്റെ പ്രവര്‍ത്തനം.  കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ കഴിയാത്ത ഭക്തര്‍ക്കായി ഈവര്‍ഷം മുതല്‍ പ്രസാദം തപാല്‍  മുഖേന വിതരണം ചെയ്യുന്നുണ്ട്. അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ പണം അടയ്ക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും അയ്യപ്പസ്വാമിയുടെ പ്രസാദം തപാല്‍ വകുപ്പ് എത്തിച്ചു നല്‍കും. അയ്യപ്പസ്വാമിയുടെ  ചിത്രം പതിച്ച മൈ സ്റ്റാമ്പും തപാല്‍ വകുപ്പ് ഒരുക്കിയിട്ടുണ്ട്.

മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രമേ ഇവിടെ പ്രവര്‍ത്തനമുള്ളൂ. തിരുവല്ല ആര്‍.എം.എസില്‍ നിന്ന് ദിവസവും ഉച്ചയ്ക്ക് 12 മണിക്ക് പമ്പ പോസ്റ്റോഫീസിലെത്തിക്കുന്ന  കത്തുകള്‍ തലച്ചുമറ്റായാണ് സന്നിധാനത്ത് എത്തിക്കുക.   സന്നിധാനത്തെ വിവിധ ഓഫീസുകളിലേക്കും മറ്റുമുള്ള കത്ത് വിതരണത്തിന് രണ്ട് പോസ്റ്റുമാന്‍മാരുമുണ്ട്.

സന്നിധാനത്ത് വിവിധ ജോലികളില്‍ ഏർപ്പെട്ടിരിക്കുന്നവർ നാട്ടിലേക്ക്  മണിഓര്‍ഡര്‍ അയക്കാനും ഈ തപാലോഫീസിനെ ആശ്രയിക്കുന്നു . മൊബൈല്‍ റീച്ചാര്‍ജിംഗിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട് . കോവിഡ് കാലത്ത് ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയായതിനാൽ കത്തുകളുടെയും മണിയോഡറുകളുടെയും എണ്ണം കൂടിയിട്ടുണ്ട് .പോസ്റ്റല്‍ സേവനങ്ങള്‍ക്കു പുറമേ മൊബൈല്‍ റീചാര്‍ജ്, ഇന്‍സ്റ്റന്റ് മണി ഓര്‍ഡര്‍, അടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് മാത്രം പ്രവര്‍ത്തിക്കുന്ന സന്നിധാനം പോസ്റ്റ് ഓഫീലെ അയ്യപ്പന്റെ ചിത്രം പതിപ്പിച്ച മുദ്ര പോസ്റ്റ് ഓഫീസ് അടയ്ക്കുന്നതോടെ റാന്നിയിലെ പോസ്റ്റല്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലാണ് അടുത്ത ഉത്സവകാലം വരെ ഭദ്രമായി സൂക്ഷിക്കുന്നത്. ഈ വര്‍ഷം പോസ്റ്റ് മാസ്റ്റര്‍ നിധീഷ് പ്രസാദ്, പോസ്റ്റ്മാന്‍മാരായ ജിഷ്ണു ചന്ദ്രന്‍, മനു മോഹന്‍ എന്നീ മൂന്ന് ഉദ്യോഗസ്ഥരെയാണ് തപാല്‍ വകുപ്പ് സേവനത്തിനായി നിയമിച്ചിരിക്കുന്നത്.
ഭക്തിപൂര്‍വ്വം കത്തുകള്‍; കൗതുകമായി സന്നിധാനം പോസ്റ്റ് ഓഫീസ്ഭക്തിപൂര്‍വ്വം കത്തുകള്‍; കൗതുകമായി സന്നിധാനം പോസ്റ്റ് ഓഫീസ്ഭക്തിപൂര്‍വ്വം കത്തുകള്‍; കൗതുകമായി സന്നിധാനം പോസ്റ്റ് ഓഫീസ്ഭക്തിപൂര്‍വ്വം കത്തുകള്‍; കൗതുകമായി സന്നിധാനം പോസ്റ്റ് ഓഫീസ്ഭക്തിപൂര്‍വ്വം കത്തുകള്‍; കൗതുകമായി സന്നിധാനം പോസ്റ്റ് ഓഫീസ്ഭക്തിപൂര്‍വ്വം കത്തുകള്‍; കൗതുകമായി സന്നിധാനം പോസ്റ്റ് ഓഫീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക