Image

വിതുരയിലെ വീട്ടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍; വീട്ടുടമ ഒളിവില്‍

Published on 28 November, 2020
വിതുരയിലെ വീട്ടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍; വീട്ടുടമ ഒളിവില്‍


തിരുവനന്തപുരം: വിതുരയില്‍ വീട്ടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. താജുദ്ധീന്‍ എന്നയാളുടെ വീട്ടിലാണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയത്. താജുദ്ധീന്റെ സുഹൃത്തായ മീനാങ്കല്‍ സ്വദേശി മാധവന്റേതാണ്(ചെങ്കള മാധവന്‍-46) മൃതദേഹമെന്നും ഇയാളെ കൊലപ്പെടുത്തിയ ശേഷം താജുദ്ധീന്‍ 
ഒളിവില്‍പോയിരിക്കുകയാണെന്നും വിതുര പോലീസ് പറഞ്ഞു.

വാറ്റ് കേസുകളിലടക്കം പ്രതിയായ താജുദ്ധീന്റെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. വീട്ടിനുള്ളില്‍ വാറ്റ് നടക്കുകയാണെന്ന് കരുതിയാണ് ഇവര്‍ പോലീസിന് വിവരം നല്‍കിയത്. പോലീസെത്തി വീട് പരിശോധിച്ചപ്പോള്‍ ചാണകം മെഴുകിയ തറ പൊളിച്ച് കുഴിയെടുത്തതായി കാണുകയായിരുന്നു. ഇത് പരിശോധിച്ചപ്പാഴാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് കൊലപാതകം നടന്നതായാണ് പോലീസിന്റെ നിഗമനം.

സമീപത്തെ മുറിയില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട മാധവനെ നാല് ദിവസം മുമ്പ് വീട്ടില്‍നിന്ന് കാണാതായിരുന്നു. ഇടയ്ക്കിടെ വീട്ടില്‍നിന്ന് പോകുന്നത് പതിവായതിനാല്‍ മാധവന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ 
കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും വിതുര പോലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക