Image

കോവിഡ് ബാധ വഷളാവുന്നു; ഗുരുതരമായി 18000 പേർ; വെന്റിലേറ്ററിൽ 6000 പേർ

മീട്ടു Published on 28 November, 2020
കോവിഡ് ബാധ വഷളാവുന്നു; ഗുരുതരമായി 18000 പേർ; വെന്റിലേറ്ററിൽ 6000 പേർ
താങ്ക്സ്ഗിവിങ് ഡേയിൽ യു എസിൽ കോവിഡ് ബാധിതരായി തൊണ്ണൂറായിരത്തിലധികം ആളുകളെയാണ് ആശുപത്രികളിൽ പ്രവർത്തിപ്പിച്ചിരിക്കുന്നത്. മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ഏറ്റവും ഉയർന്നനിരക്കാണിത്. 

കോവിഡ് ട്രാക്കിങ് പ്രോജക്ട് തയ്യാറാക്കിയ കണക്കുകൾ പ്രകാരം, 90,481 കോവിഡ് രോഗികളെയാണ് പുതിയതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം.  

തുടർച്ചയായ പതിനേഴാം ദിവസവും രോഗികളുടെ നിരക്കിൽ റെക്കോർഡ് തിരുത്തപ്പെടുന്ന സ്ഥിതിവിശേഷമാണുള്ളത്.  ഇവരിൽ 17802 രോഗികളുടെ നില ഗുരുതരമാണെന്നതും 5979 പേർ വെന്റിലേറ്ററിൽ കഴിയുന്നു എന്നതുമാണ് മറ്റു റെക്കോർഡുകൾ. 

താങ്ക്സ്ഗിവിങ്ങിനോട് അനുബന്ധിച്ച് രോഗവ്യാപനം കൂടാനുള്ള സാധ്യത പ്രവചിച്ചുകൊണ്ട് ആരോഗ്യ വിദഗ്ദ്ധർ മുന്നോട്ടുവച്ച നിബന്ധനകൾ പാലിക്കാതിരുന്നതിന്റെ ഫലമായി ഇതിനെ വിലയിരുത്താം. അവധിദിനം ആഘോഷമാക്കാൻ പതിവിലുള്ള  യാത്രകൾ ഈ വർഷം  ഒഴിവാക്കണമെന്ന് സിഡിസി അമേരിക്കൻ ജനതയോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും  മാർച്ച് മാസത്തിനു ശേഷം ഏറ്റവും അധികം ആളുകൾ വിമാനയാത്രയ്‌ക്കൊരുങ്ങിയ കാഴ്ചയാണ് ഈ വാരാന്ത്യത്തിൽ  എയർപോർട്ടുകളിൽ കണ്ടത്.  

ട്രാൻസ്‌പോർടെഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ മൂന്ന് ദശലക്ഷത്തിലധികം യാത്രക്കാരെയാണ് ഈ ദിവസങ്ങളിൽ രാജ്യത്ത് സ്ക്രീൻ ചെയ്തത്.

" കഴിഞ്ഞ വര്ഷം വളരെ നല്ല രീതിയിലാണ് ഞാനും കുടുംബവും താങ്ക്സ്ഗിവിങ്ങും ക്രിസ്മസും ന്യൂ ഇയറും  ആഘോഷിച്ചത്. ഇക്കുറി വാക്സിൻ ലഭ്യമായാലും ഒന്നും സാധാരണ പോലെയാകില്ല. ക്രിസ്മസ് -ന്യൂ ഇയർ 2021 ൽ നന്നായി ആഘോഷിക്കാമെന്ന് ഉറ്റുനോക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രിയപ്പെട്ടവരുടെ സുരക്ഷയ്ക്ക് വേണം പ്രാധാന്യം നൽകാൻ. ഒരുലക്ഷത്തിലധികം പേർ ദിവസേന രോഗബാധിതരാവുകയും മരണം  ഉയരുകയും ചെയ്യുന്നതുകൊണ്ട് ഇക്കുറി ആഘോഷങ്ങൾ ഒന്നും വേണ്ട  " ഡോ. അന്റോണി ഫൗച്ചി നിർദ്ദേശിച്ചു. 

" 20 ദിവസങ്ങൾക്കുള്ളിൽ 60,000 മരണങ്ങൾ ഈ നില തുടർന്നാൽ സംഭവിക്കും. " വാഷിംഗ്‌ടൺ യൂണിവേഴ്സിറ്റിയിലെ മെഡിസിൻ പ്രൊഫസർ ഡോ. ജോനാഥൻ റെയ്നർ സിഎൻഎന്നിനോട് പറഞ്ഞു.  ഐ സി യു സംവിധാനങ്ങളും ആശുപത്രി ജീവനക്കാരും പര്യാപ്തമല്ലാത്ത സാഹചര്യമാണ് ഉള്ളതെന്ന ആശങ്ക ന്യൂ മെക്സിക്കോ ഗവർണർ മിഷേൽ ലജ്ന ഗ്രിഷാം വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.  

നിലവിൽ യു എസിൽ 13 ദശലക്ഷം പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും 264624 രോഗികൾ മരണപ്പെട്ടതായും ശരാശരി പ്രതിദിന  മരണനിരക്ക് 1650 ആണെന്നും ഹോപ്കിൻസ് യൂണിവേഴ്സിറ്റി റിപോർട്ടുകൾ പറയുന്നു.

ഫൈസർ വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് കണ്ട് എഫ് ഡി എ യോട് അടിയന്തര അനുമതി തേടിയെങ്കിലും ഡിസംബർ പത്തിന് വിലയിരുത്താമെന്നാണവർ പ്രതികരിച്ചത്. രാജ്യത്ത് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ ഡോസുകളുടെ വിതരണത്തിന് ഇതോടെ ഇനിയും കാത്തിരിക്കേണ്ടി വരും. 

അൾട്രാ വയലറ്റ് (യു വി) രശ്മികൾ കണ്ണിനു ദോഷം 

അൾട്രാ വയലറ്റ് (യു വി) രശ്മികൾ കൊറോണവൈറസിനെ നശിപ്പിക്കുമെന്ന ധാരണയിൽ യു വി വിളക്കുകൾ (ലാംപ്‌സ്) ഉപയോഗിച്ച ആളുകളുടെ കണ്ണുകൾക്ക് ക്ഷതമേറ്റു.  

ഫ്ലോറിഡയിലെ ഡോക്ടർമാർ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. അണുവിമുക്തി നേടുന്നതിന് യു വി രശ്മികൾ ഉപയോഗപ്പെടുത്തിയ  ഏഴ്‌ പേർ കണ്ണിന്റെ കോർണിയയ്ക്ക് ക്ഷതമേറ്റ് ചികിത്സ തേടിയതായി ഇവർ 'ഒക്യൂലർ ഇമ്മ്യൂണോളജി ആൻഡ് ഇൻഫ്ളമേഷൻ' സംബന്ധിച്ച സയൻസ് ജേർണലിൽ റിപ്പോർട്ട് ചെയ്തു. 
കോർണിയയ്ക്ക് ക്ഷതമേറ്റവർ സൂര്യാതപമേൽക്കുന്നതിന് സമാനമായി കണ്ണുകൾ പൊള്ളുന്നതായി തോന്നുന്നെന്ന് വിവരിച്ചിരുന്നെന്ന് പഠനത്തിൽ  പ്രവർത്തിച്ച ഡോ. ജെസ് സെങ്കിലോ എൻ ബി സി യോട് പറഞ്ഞു. രോഗികൾക്ക് വല്ലാത്ത വേദന അനുഭവപ്പെട്ടിരുന്നെന്നും സുഖപ്പെടാൻ രണ്ടുദിവസങ്ങൾ വേണ്ടിവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  കണ്ണുകൾ ചുവന്നുവരികയും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നതുകൊണ്ട് ചിലരിൽ കണ്ണുതുറക്കാൻ പ്രയാസം തോന്നിയിരുന്നെന്നും ഡോക്ടർ വ്യക്തമാക്കി. 

യു വി ലാമ്പുകളിൽ അതിൻറെ നിർമ്മാതാക്കൾ രേഖപ്പെടുത്തിയ നിർദ്ദേശങ്ങൾ പാലിക്കാതെ ത്വക്കിലും  കണ്ണിലും  നേരിൽ രശ്മികൾ പതിച്ചതാണ് ബുദ്ധിമുട്ടുകൾക്ക് കാരണമെന്നും പഠനത്തിൽ പറയുന്നു. 
കണ്ണുകൾക്ക് ക്ഷതമേറ്റ ഏഴിൽ മൂന്ന് പേർക്കും യു വി രശ്മികൾ ഏറ്റത് തൊഴിലിടങ്ങളിലെ ലാംപുകളിൽ നിന്നായിരുന്നു. 

ഒരു സംസ്ഥാനത്തെ ഒരു ക്ലിനിക്കിൽ ഇത്തരം കേസുകൾ ഉണ്ടായതുകൊണ്ടുതന്നെ രാജ്യത്താകമാനം ഒരുപാട് ആളുകൾ ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാകുമെന്നതുകൊണ്ട് യു വി ലാംപുകളുടെ ഉപയോഗം സംബന്ധിച്ച് എഫ് ഡി എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

മിയാമിയിൽ കോവിഡ് കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ കോർണിയയ്ക്ക് ക്ഷതമേൽക്കുന്ന കേസുകളും കൂടിയേക്കുമെന്ന് ഡോ. സെങ്കിലോ അഭിപ്രായപ്പെട്ടു.

" കണ്ണുകൾ അതീവ ശ്രദ്ധ നൽകേണ്ട അവയവമാണ്.  ആളുകൾക്ക് സൂര്യനെ നോക്കരുതെന്ന് ബോധ്യമുണ്ട്. അവർ കരുതുന്നത് യു വി ലാമ്പുകൾ അത്ര അപകടകാരികൾ അല്ലെന്നായിരിക്കാം. യു  വി രശ്മികൾ കണ്ണുകളിൽ നേരിൽ പതിച്ചാൽ ക്ഷതമേൽക്കുമെന്ന് മനസിലാക്കുക. ഇത്തരത്തിലുള്ള ഉപകരണം ഉപയോഗിക്കണമെന്ന് നിർബന്ധമാണെങ്കിൽ കണ്ണുകളുടെ സുരക്ഷ ഉറപ്പാക്കുന്ന ഒന്ന് ധരിച്ചിരിക്കണം". പിറ്റ്‌സ്ബർഗ് യൂണിവേഴ്സിറ്റിയിലെ ഒഫ്ത്ൽമോളജി പ്രൊഫസർ   ഡോ ദീപീന്ദർ ധാലിവാൾ നിർദ്ദേശിച്ചു.  

ബൈഡനു   വരവേൽപ്പ് ഒരുങ്ങുന്നു 

കഴിഞ്ഞ നാല് വർഷങ്ങളുടെ നേട്ടങ്ങൾ, ബജറ്റ്, നിയമനിർമ്മാണം എന്നിവ സംബന്ധിച്ച വിവരങ്ങളും ഭരണതലത്തിലെ പുതിയ ലക്ഷ്യങ്ങളും  ഉൾക്കൊള്ളിച്ച പുസ്തകവുമായി കാലങ്ങളായി തുടർന്നുപോകുന്ന വരവേൽപ്പ് ബൈഡനുവേണ്ടിയും ഒരുങ്ങുന്നു.

ആരും ഏറ്റെടുക്കാൻ ആഗ്രഹിക്കാത്ത  സാഹചര്യത്തിലാണ് ബൈഡന് രാജ്യത്തിന്റെ ചുമതല  ഏൽക്കേണ്ടിവരുന്നത്. ദിവസങ്ങൾ കഴിയുംതോറും  കോവിഡ് പ്രതിസന്ധി വർദ്ധിക്കുകയാണ്. രോഗബാധിതരുടെ എണ്ണത്തിലും  മരണനിരക്കിലും  റെക്കോർഡുകൾ തിരുത്തപ്പെടുകയാണ്. നാൽപ്പത്തിയഞ്ച് സ്റ്റേറ്റുകളിലും കേസുകളിൽ വർദ്ധനവ് തുടരുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ഒൻപത് സംസ്ഥാനങ്ങളിൽ തോത് രണ്ടാഴ്ചകൊണ്ട് ഇരട്ടിയിലധികമായി. 

വാക്സിനുകൾക്ക് മികച്ച പ്രോത്സാഹനമാണ് ആദ്യഫലങ്ങൾ  നൽകിവരുന്നത്. കളയാൻ സമയം ഇല്ലെന്നതുകൊണ്ടുതന്നെ ഫലപ്രദമാണോ എന്നുനോക്കി വാക്സിൻ വിതരണവും അനുബന്ധ  കാര്യങ്ങളും വേഗതയോടെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന സംഘത്തെ ബൈഡൻ  നിയോഗിക്കും. വാക്‌സിൻ  സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയും അബദ്ധധാരണകൾ ദുരീകരിക്കുകയുമാണ് മറ്റൊരു കടമ്പ.

" ഇലക്ഷന് മുൻപുവരെ നിങ്ങൾ ആർക്കൊപ്പം നിന്നെന്നോ നിങ്ങൾ ആർക്ക് വോട്ട് ചെയ്തു എന്നോ ഉള്ളത് ഒരു വിഷയമേയല്ല." നവംബർ ആദ്യവാരം ഡെലവെറിൽ നടന്ന കോറോണ വൈറസ് ടാസ്ക് ഫോഴ്സ് പ്രഖ്യാപന വേളയിൽ ബൈഡൻ പറഞ്ഞു. " നിങ്ങളുടെ പാർട്ടിയോ വീക്ഷണമോ കാര്യമല്ല.  പതിനായിരങ്ങളുടെ ജീവൻ രക്ഷിക്കാൻ, വരുന്ന ഏതാനും മാസങ്ങൾ കൂടി എല്ലാവരും മാസ്ക് ധരിക്കുക. ഡെമോക്രറ്റുകളുടെയോ റിപ്പബ്ലിക്കന്മാരുടെയോ ജീവനുവേണ്ടിയല്ല,  നമ്മൾ അമേരിക്കക്കാരുടെ ജീവനുവേണ്ടി " ബൈഡൻ നിർദ്ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക