Image

ആഭ്യന്തര റബര്‍ വിപണിയിലെ ഉണര്‍വ്വില്‍ റബര്‍ ബോര്‍ഡിന് പങ്കില്ല: വി.സി.സെബാസ്റ്റ്യന്‍

Published on 28 November, 2020
ആഭ്യന്തര റബര്‍ വിപണിയിലെ ഉണര്‍വ്വില്‍ റബര്‍ ബോര്‍ഡിന് പങ്കില്ല: വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: ആഭ്യന്തര റബര്‍വിപണിയില്‍ താല്‍ക്കാലികമായിട്ടുണ്ടായ ഉണര്‍വ്വിന്റെ പിന്നില്‍ രാജ്യാന്തരവിപണിയിലെ വിലക്കയറ്റമാണ് പ്രധാനഘടകമെന്നും ഇക്കാര്യത്തില്‍ റബര്‍ബോര്‍ഡിന് യാതൊരു പങ്കുമില്ലെന്നും   ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

രാജ്യാന്തരവിപണിയിലെ റബര്‍ വിലയിലുള്ള ഉയര്‍ച്ചയുടെ പിന്നില്‍ ചൈനയുടെ വാങ്ങലും പ്രധാന റബറുല്പാദനരാജ്യങ്ങളിലെ കാലാവസ്ഥാവ്യതിയാനം, മഴക്കാലം, ഉല്പാദനക്കുറവ് എന്നിവ കൂടാതെ കോവിഡ് 19നെത്തുടര്‍ന്നുള്ള സാഹചര്യങ്ങളുമുണ്ട്. എന്നിട്ടും രാജ്യാന്തരവിലയ്ക്ക് ആനുപാതികമായി ആഭ്യന്തരവിപണിയില്‍ വില ഉയര്‍ത്തുവാന്‍ വ്യവസായികളോ, കര്‍ഷകര്‍ക്ക് റബര്‍ ആക്ട് പ്രകാരമുള്ള ന്യായവില ലഭ്യമാക്കുവാന്‍ റബര്‍ ബോര്‍ഡോ ശ്രമിക്കാത്തത് കര്‍ഷകദ്രോഹമാണ്.

വര്‍ഷങ്ങളായിത്തുടരുന്ന വിലത്തകര്‍ച്ചയില്‍ ഒളിച്ചോട്ടം നടത്തിയ റബര്‍ബോര്‍ഡ് കര്‍ഷകരോട് ഉല്പാദനം വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശം വിപണിയില്‍ വിലയിടിക്കുന്നതിനുള്ള തന്ത്രമാണ്. ഉല്പാദനം കുറഞ്ഞിട്ടും വിലയിടിക്കുന്ന വിരോധാഭാസത്തിന് റബര്‍ ബോര്‍ഡ് കൂട്ടുനില്‍ക്കുന്നു. റബറിന് ന്യായവില ഉറപ്പാക്കാന്‍ സാധിക്കാത്തവരുടെ പ്രഖ്യാപനങ്ങളും പദ്ധതികളും മുഖവിലയ്ക്കെടുക്കാന്‍ കര്‍ഷകര്‍ക്കാവില്ല. രാജ്യാന്തരവില ഉയര്‍ന്നിരിക്കുമ്പോള്‍ വ്യവസായികള്‍ക്ക് ഇറക്കുമതി ലാഭകരമല്ല. അതുകൊണ്ട് മാത്രമാണ് വിപണിയില്‍ ഈ വിലയെങ്കിലും നിലനില്‍ക്കുന്നത്. ഗുണമേന്മയില്ലാത്ത ബ്ലോക്ക് റബര്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്ക് സംരക്ഷണമേകുവാന്‍ കാലങ്ങളായി കര്‍ഷകരെ ബലിയാടാക്കുന്ന സമീപനമാണ് റബര്‍ബോര്‍ഡ് സ്വീകരിച്ചിട്ടുള്ളത്. 26604 രൂപ മുതല്‍ 256221 രൂപവരെ വന്‍ ശമ്പളം പറ്റുന്ന 1140 ജീവനക്കാര്‍ക്കായി മാസം തോറും ശമ്പളയിനത്തില്‍ മാത്രം 10 കോടിയിലേറെ രൂപ കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കുമ്പോള്‍ റബര്‍മേഖലയ്ക്ക് ബോര്‍ഡുകൊണ്ട് യാതൊരു നേട്ടവുമുണ്ടാകുന്നില്ലെന്നതാണ് വസ്തുത.  ആഴ്ചയില്‍ ഒരുവട്ടം ടാപ്പിംഗ്, ടാപ്പേഴ്സ് ബാങ്ക്, തോട്ടം ദത്തെടുക്കല്‍, ഇ-പ്ലാറ്റ്ഫോം ഇവയൊക്കെ ഉദ്യോഗസ്ഥ പദ്ധതികള്‍ക്കപ്പുറം റബര്‍ മേഖലയില്‍ ഒരു സ്വാധീനവുമുണ്ടാക്കുന്നില്ല.

ദിവസംതോറും വിപണിവ്യാപാരത്തിന്റെ വിലനിലവാരം പ്രഖ്യാപിക്കുവാന്‍ മാത്രമായി റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം പരിമിതപ്പെട്ടിരിക്കുന്നു. രാജ്യാന്തരവില ഉയര്‍ന്നിരിക്കുമ്പോള്‍ ഇറക്കുമതി ലാഭകരമല്ലാതിരുന്നിട്ടും രാജ്യാന്തരവിലയെങ്കിലും രാജ്യത്തെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനാവാതെ റബര്‍ബോര്‍ഡ് നടത്തുന്ന നിരന്തരപ്രഖ്യാപനങ്ങളും കടലാസുപദ്ധതികളും പ്രഹസനങ്ങളാണ്. ഉല്പാദനം, ഉപഭോഗം, ഇറക്കുമതി, സ്റ്റോക്ക് എന്നിവ സംബന്ധിച്ചു വിവിധ കാലയളവുകളില്‍ ബോര്‍ഡു പുറപ്പെടുവിക്കുന്ന റിപ്പോര്‍ട്ടുകളും യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന് കര്‍ഷകര്‍ കാലങ്ങളായി തിരിച്ചറിയുന്നു. കര്‍ഷകസംരക്ഷണത്തിനും കൃഷിവ്യാപനത്തിനും വിലസ്ഥിരത ഉറപ്പാക്കുന്നതിനുമായി കേന്ദ്രസര്‍ക്കാരില്‍ റബര്‍ബോര്‍ഡു സമര്‍പ്പിച്ചിരിക്കുന്നുവെന്നവകാശപ്പെടുന്ന ഒരു പദ്ധതിയും പ്രായോഗികമായി നടപ്പിലാക്കാന്‍ സാധിക്കാതിരിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുവാനും, വ്യവസായികളെ സംരക്ഷിക്കാനുംവേണ്ടി മാത്രം റബര്‍ബോര്‍ഡിന്റെ  ആവശ്യമുണ്ടോയെന്ന് കര്‍ഷകരും, ഭരണ രാഷ്ട്രീയ നേതൃത്വങ്ങളും പുനര്‍ചിന്ത നടത്തണമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക