Image

പശ്ചിമ ബെംഗാളില്‍ തൃണമൂല്‍ എംഎല്‍എ ബി.ജെ.പിയില്‍ ചേര്‍ന്നു

Published on 27 November, 2020
പശ്ചിമ ബെംഗാളില്‍ തൃണമൂല്‍ എംഎല്‍എ ബി.ജെ.പിയില്‍ ചേര്‍ന്നു


ന്യൂഡല്‍ഹി: പശ്ചിമ ബെംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ. ബി.ജെ.പിയില്‍ ചേര്‍ന്നു. കൂച്ച്ബിഹാര്‍ ദക്ഷിണിനെ പ്രതിനിധീകരിക്കുന്ന മിഹിര്‍ ഗോസ്വാമിയാണ് ബി.ജെ.പിയിലെത്തിയത്. ഡല്‍ഹിയിലെ ബി.ജെ.പി. കേന്ദ്ര ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ സാന്നിധ്യത്തിലാണ് മിഹിര്‍ ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്.

1998ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന നേതാവായിരുന്നു മിഹിര്‍. അവഗണന ഇനിയും സഹിക്കാനാവാത്തതിനാല്‍ തൃണമൂലുമായുള്ള ബന്ധം തുടരുക ബുദ്ധിമുട്ടാണെന്ന് കഴിഞ്ഞ ദിവസം മിഹിര്‍ പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മിഹിര്‍ തൃണമൂലിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചത്.

കഴിഞ്ഞമാസം ബി.ജെ.പി. എം.പി. നിസിത് പ്രമാണിക്കുമായി മിഹിര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ മിഹിര്‍ പാര്‍ട്ടി വിടുകയാണെന്ന അഭ്യൂഹവും ഉയര്‍ന്നിരുന്നു.

മിഹിര്‍ ബി.ജെ.പി. അംഗത്വം സ്വീകരിച്ചതോടെ രാഷ്ട്രീയമായി ഇരട്ട ആഘാതമാണ് ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്. പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞുനിന്ന സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രി സുവേന്ദു അധികാരി ഇന്ന് സ്ഥാനം രാജിവെച്ചിരുന്നു. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുവേന്ദു ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക