Image

വെള്ളം കുടിക്കാന്‍ സ്ട്രോ അനുവദിക്കണം; എന്‍.ഐ.എ അറസ്റ്റ് ചെയ്ത ഫാ.സ്റ്റാന്‍ സ്വാമി വീണ്ടും കോടതിയില്‍

Published on 26 November, 2020
വെള്ളം കുടിക്കാന്‍ സ്ട്രോ അനുവദിക്കണം; എന്‍.ഐ.എ അറസ്റ്റ് ചെയ്ത ഫാ.സ്റ്റാന്‍ സ്വാമി വീണ്ടും കോടതിയില്‍


മുംബൈ: ഭീമാ കോറേഗാവ് കേസില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്ത പുരോഹിതന്‍ സ്റ്റാന്‍ സ്വാമി, വെള്ളം കുടിക്കാന്‍ സ്ട്രോയും തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചു. പാര്‍ക്കിന്‍സണ്‍ രോഗവും പ്രായാധിക്യവും അലട്ടുന്ന സ്വാമിക്ക് വെള്ളം കുടിക്കാന്‍ സ്ട്രോയും ഗ്ലാസും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം കോടതിയെ സമീപിച്ചിരുന്നു. 

തന്നെ അറസ്റ്റ് ചെയ്തപ്പാള്‍ എന്‍.ഐ.എ ഇതും കസ്റ്റഡിയില്‍ എടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. മറുപടി നല്‍കാന്‍ എന്‍.ഐ.എ 20 ദിവസം ആവശ്യപ്പെട്ടതോടെ കോടതി ഹര്‍ജി മാറ്റിവയ്ക്കുകയായിരുന്നു. ഇതോടെയാണ് അദ്ദേഹം വീണ്ടും കോടതിയെ സമീപിച്ചത്. വിഷയത്തില്‍ ജയില്‍ അധികൃതരോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്.


പൂനെയിലെ ഭീമ കൊറോഗാവില്‍ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് ഒക്ടോബര്‍ എട്ടിനാണ് 83കാരനായ ജെസ്യൂട്ട് പുരോഹിതന്‍ സ്റ്റാന്‍ സ്വാമിയെ റാഞ്ചിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത സ്വാമിയെ തലോജ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പുരോഹിതനാണ് സ്റ്റാന്‍ സ്വാമി. ജാര്‍ഖണ്ഡ് ഓര്‍ഗസൈസേഷന്‍ എഗനിസ്റ്റ് യുറേനിയം റേഡിയേഷന്‍ എന്ന സംഘടനയുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ആളുമാണ്. അദ്ദേഹത്തെയാണ് 2018ല്‍ നടന്ന ഭീമാ കോറേഗാവ് സംഭവത്തില്‍ പ്ങ്കുണ്ടെന്ന് ആരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക