Image

പാലം(കവിത: ജോയി പരപ്പില്‍)

ജോയി പരപ്പില്‍ Published on 26 November, 2020
പാലം(കവിത: ജോയി പരപ്പില്‍)
അതിവേഗം നമ്മള്‍ക്ക് ബഹുദൂരം പോകേണം
അതിനായി മെച്ചത്തില്‍ പാലം പണിയേണം
പാലാരിവട്ടത്ത് മേല്‍പ്പാലം തീര്‍ക്കേണം
നേട്ടങ്ങള്‍ ഓരോന്നും എണ്ണി പറയേണം...!!
പാശ്ചാത്യദേശത്തെ പണ്ഡിതരെത്തി
പദ്ധതി 'പ്ലാനുകള്‍' വേഗം തുടങ്ങി
മുപ്പത് കോടി മതിപ്പുള്ള മേല്‍പ്പാലം
അമ്പത് കോടി 'ഉറപ്പിച്ച്' നല്‍കി
മുന്തിയ സ്‌കോച്ചിന്റെ മദ്യമൊഴുക്കി
നന്ദി പറഞ്ഞവര്‍ കോടികള്‍ നല്‍കി
നോട്ടിന്റെ കെട്ടുകള്‍ പങ്കിട്ടെടുത്ത്
നേതാക്കന്മാരവര്‍ നൃത്തം ചവിട്ടി...!!
മാമാങ്ക ഘോഷമായി പാലം തുറന്നു
മന്ത്രിമാര്‍ നേതാക്കന്മാരവര്‍ എത്തി
പാലത്തിലൂടെ സവാരി നടത്തി
ചാനലുകാര്‍ അത് 'ലൈവ്' പകര്‍ത്തി.
ആഴ്ചകള്‍ മാസം തികയുന്നതിന്‍ മുമ്പേ
മേല്‍പ്പാലം ചോരുന്നു ഓട്ടക്കലം പോലെ
ചാന്തു പതിയാത്ത കമ്പികള്‍ പാകാത്ത
'പഞ്ചവടിപ്പാലം' ആടി ഉലഞ്ഞു....!!
മേലാളന്മാരൊക്കെ കൈകള്‍ മലര്‍ത്തുന്നു
മാരക രോഗത്താല്‍ മന്ത്രി കിടക്കുന്നു
കഴുതകള്‍ പൊതുജനം ഉത്തരം കിട്ടാതെ
അന്തവും വിട്ടിന്ന് മേലോട്ട് നോക്കുന്നു
'കാട്ടിലെ തടിയാണ്' പാലങ്ങളൊക്കെയും
കഷ്ടമെന്നല്ലാതെ മറ്റെന്ത് ചൊല്ലുവാന്‍?
പാലം പണിതൊരു 'നാറാണക്കല്ലാക്കി'
കള്ളപ്പരീഷകള്‍ നമ്മുടെ മന്ത്രിമാര്‍...!!
കട്ട് മുടിക്കുവാന്‍ തിന്ന് കൊഴുക്കുവാന്‍
കൈകൂപ്പി വോട്ടിനായി വീണ്ടുംവരും അവര്‍
ഓര്‍ക്കേണം നമ്മുടെ ശബ്ദം ഉയര്‍ത്തേണം
പാലം നമുക്കൊരു പാഠമായി തീരേണം...!!
ജോയി പരപ്പില്‍

പാലം(കവിത: ജോയി പരപ്പില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക