Image

അനാഥ സന്ദേശം (കഥ: പി രഘുനാഥ് )

Published on 25 November, 2020
അനാഥ സന്ദേശം (കഥ: പി രഘുനാഥ് )
നഗരത്തിലെ മരണ വിയര്‍പ്പില്‍ ഒരു പോസ്റ്റ്മാനില്‍ നിന്നോ അല്ലെങ്കില്‍ മേല്‍വിലാസക്കാരനില്‍ നിന്നോ കൈമോശം വന്നതോ ഉപേക്ഷിക്കപ്പെട്ടതോ ആയ ഒരെഴുത്ത് എടുത്ത് നാം വായിക്കുന്നു.

പൊന്നുമക്കള്‍ അറിയുന്നതിന് അമ്മ എഴുതുന്നത്,

ഞങ്ങള്‍ക്ക് ഇവിടെ സുഖമാണ്. നിങ്ങള്‍ കുഴപ്പമൊന്നുമില്ലാതെ സുഖമായിരിക്കുന്നുവെന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു. കഴിഞ്ഞ മൂന്നു മാസമായി ഇവിടുത്തെ മേല്‍വിലാസത്തില്‍ നിങ്ങളുടേതായി ഒരെഴുത്തുപോലും വന്നിട്ടില്ല. നിങ്ങള്‍ മനഃപൂര്‍വ്വം എഴുതാതിരിക്കുകയാണോ? അതോ സമയം കിട്ടുന്നില്ലേ? ജോലി സമയം രാവിലെ ഒന്‍പതു മുതല്‍ ഉച്ചതിരിഞ്ഞ് നാലുവരെ ആണല്ലോ? അതുകഴിഞ്ഞാല്‍ ചുറ്റിയടിക്കലൊക്കെ കഴിഞ്ഞ് ചില്ലറ പണികള്‍ വല്ലതുമുണ്ടെങ്കില്‍ ശേഷവും ഒരെഴുത്ത് എഴുതാനുള്ള സമയം ധാരാളമുണ്ടല്ലോ, പോരാത്തതിന് ഞായറാഴ്ചകള്‍ അവധിയുമാണ്. അച്ഛനും, അമ്മക്കും, പെങ്ങള്‍ക്കും കൈമാറാന്‍ ഒരു ഞായറാഴ്ച വിശേഷം പോലും ഇല്ലാതായോ നിങ്ങള്‍ക്ക്.

മറുപടി എത്താതെ എഴുതുന്ന ആറാമത്തെ കത്താണിത്. കഴിഞ്ഞ കുറെ ആഴ്ചകളാകുന്നു പകലിറങ്ങുന്നത് പടിക്കലേക്ക് കണ്ണില്‍ എണ്ണ ഒഴിച്ചിരിക്കുമ്പോള്‍ പോസ്റ്റുമാനെ കൂടാതെ വരുന്ന ഇരുളിലേക്കാണ്.

പോസ്റ്റല്‍ സമരം തീര്‍ന്നത് ഇപ്പോഴാണല്ലോ ഇനി സമരത്തിലെങ്ങാനും പെട്ട് എഴുത്ത് വല്ലയിടത്തും തങ്ങിയിട്ടുണ്ടാകും എന്നു കരുതി. എന്നാല്‍ സമരത്തിനൊക്കെശേഷം നിന്‍റെ അമ്മാവന്‍റെ പേരില്‍ അയാളുടെ മകളുടെ വിവാഹത്തിനയച്ച മണിയോര്‍ഡര്‍ നാലന്നാള്‍ മടങ്ങിവന്നു. അമ്മാവന് കാശു വേണ്ടാത്രെ. കടംതീര്‍ന്നു. അയാളെക്കുറിച്ച് എനിക്ക് ഒന്നും എഴുതാന്‍ തോന്നുന്നില്ല. വൃത്തികെട്ടവന്‍. ഇത്രനാളും ഓപ്പേന്ന് വിളിച്ച നാവുകൊണ്ട് ഇത് പറയേണ്ടിവന്നു. പുതുക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ബന്ധങ്ങള്‍ കൂടുതല്‍ വൈരത്തിലേക്കാണിറങ്ങുക യെന്നു തോന്നുന്നു. ഇനി അങ്ങനെ ഒരു ബന്ധം ഇല്ലെന്നു തന്നെ വെച്ചു. നമ്മുടെ വ്യാകുലതകളും ആഹ്ലാദങ്ങളും പങ്കിടാന്‍ നാം മാത്രം മതി.

    കഴിഞ്ഞ ആഴ്ച രമക്ക് ഒരാലോചന വന്നിരുന്നു. ടാറില്‍ മുക്കിയെടുത്ത (രമയുടെ പ്രയോഗമാണ്) പോലാണെങ്കിലും ഐശ്വര്യമുള്ള മുഖമായിരുന്നു. അവള്‍ക്ക് തീരെ പറ്റിയില്ല. അച്ഛനും അമ്മക്കും മാത്രം പറ്റിയിട്ടെന്തിനാ. ജീവിക്കേണ്ടത് അവളല്ലേ.

    ഇവിടെ ഇപ്പോള്‍ രാത്രിയാണ്. ഊണും കഴിഞ്ഞ് ഉമ്മറത്ത് ചാരുകസേരയില്‍ കാലും നീട്ടിവെച്ച് കിടക്കുന്ന അച്ഛന്‍റെ നെഞ്ചില്‍ പാതി വായിച്ചു തീര്‍ന്ന ഒരു വീക്കിലിയുണ്ട്. രമയുടെ മുറിയിലും വെളിച്ചം അണഞ്ഞിട്ടില്ല. എന്തെങ്കിലും വായിക്കുകയായിരിക്കും. നിങ്ങള്‍ രണ്ടു പേരും ഇപ്പോള്‍ മുറിയില്‍ ഇല്ലേ. രാത്രി സഞ്ചാരമൊന്നും വേണ്ടാ. ഊണു കഴിഞ്ഞ് എന്തെങ്കിലുമൊക്കെ പറഞ്ഞ് മുറിയില്‍ ഇരിക്കുകയാണെന്നു കരുതുന്നു. രതീഷും നിങ്ങളോടൊപ്പമല്ലേ ഇപ്പോള്‍. അതോ അവന്‍ പഴേ പോലെ വേറെ എങ്ങോട്ടെങ്കിലും ചാടിയോ. അവനെ ശ്രദ്ധിക്കണം. ലോകം അറിയാന്‍  തുടങ്ങുന്നതേയുള്ളൂ അവന്‍.

    അമ്മക്കിവിടെ ഒരു മനസമാധാനവുമില്ല. നിങ്ങളുടെ എഴുത്തുകള്‍ കൂടി കാണാതാകുമ്പോള്‍ ആശങ്കകള്‍ പെരുകുന്നു. അച്ഛന്‍ ഇടയ്ക്കൊക്കെപറയുന്നതു കേട്ടിട്ടുണ്ട്. അടയ്ക്കയാണെങ്കില്‍ മടിയില്‍ വെക്കാം. കവുങ്ങായാലോ? നിങ്ങള്‍ രണ്ടുപേരും അമ്മിക്കിപ്പോഴും അടയ്ക്ക തന്നെയാണ്.

    ഇപ്പോഴത്തെ പത്രങ്ങളില്‍ മുഴുവനും മരണങ്ങളാണ്. മരണ അറിയിപ്പിനു വേണ്ടി മാത്രമെന്നു തോന്നും പത്രങ്ങള്‍. എന്തോ ഒരു രോഗമുണ്ടല്ലോ ഇപ്പോള്‍. നഗരത്തില്‍ താമസിക്കുന്ന നിങ്ങള്‍ക്കും നന്നായി അറിയാമല്ലോ അതിനെക്കുറിച്ച്.

    പാലിശ്ശേരിയില്‍ നിന്ന് രമ കൊണ്ടുവന്ന വീക്കിലി ഉച്ചക്കിരിക്കുമ്പോ വെറുതെ ഒന്നു മറിച്ചുനോക്കിയതാണ്. അപ്പോഴാണ് അമ്മ കാണുന്നത്. ഒരു ദിവസം എഴുപത്തി അയ്യായിരം ആള്‍ക്കാര്‍ രോഗികള്‍ ആയിക്കൊണ്ടിരിക്കുകയാണത്രെ. വരാനിരിക്കുന്ന മരണദിനങ്ങളെ കുറിച്ച് കേള്‍ക്കുമ്പോള്‍ എങ്ങിനെയാണ് ഇവിടെ സമാധാനത്തില്‍ ഇരിക്കുക. അമ്മക്ക് നഗരത്തെക്കുറിച്ച് ഒന്നും അറിയില്ല. ആകെ കൂടി അമ്മയുടെ നഗരക്കാഴ്ച ഉണ്ടാകുന്നത്, തൃശ്ശൂരില്‍ പാറമേക്കാവില്‍ പോകുമ്പോഴും ചോറ്റാനിക്കരയില്‍ പോകുമ്പോഴാണ്. എന്നാലും നഗരം ആരുടെയെങ്കിലും സ്വഭാവം നന്നാക്കിയതായി ഞാന്‍ പറഞ്ഞു കേട്ടിട്ടില്ല.

    അച്ഛനിപ്പോ വായന കൂടിയിട്ടുണ്ട്. ഇന്നലെ മുഴുവന്‍ ഞാന്‍ പറഞ്ഞ വീക്കിലിയില്‍ കൂനിക്കൂടി ഇരിക്കുകയായിരുന്നു. എഴുത്തെഴുതുമ്പോള്‍ നിങ്ങളോട് ഇങ്ങു പോരാനായിട്ട് എഴുതാന്‍ പറഞ്ഞു. നമുക്ക് സമ്പാദ്യങ്ങള്‍ ഒന്നും വേണ്ടാ. അല്ലെങ്കിലും എത്ര കഷ്ടപ്പെട്ട് സമ്പാദിച്ചാലും എന്താ പ്രയോജനം.

    രാത്രി നേരങ്ങളില്‍ നിങ്ങള്‍ക്ക് സര്‍ക്കീട്ട് ഒന്നുമില്ലെന്നു കരുതുന്നു. ഒരമ്മക്ക് ഇതില്‍ കൂടുതല്‍ എങ്ങിനെയാണ് തുറന്നെഴുതാനാവുക. നിങ്ങള്‍ ഒരിക്കലും വഴി തെറ്റില്ല എന്ന് അമ്മക്കറിയാം. എന്നാലും നഗരമാണ്. നഗരപ്രഭയില്‍ അതിരുകുറയാതെ സ്വാതന്ത്ര്യം പരന്നു കിടക്കുകയാണല്ലോ. എന്തു ചെയ്യുമ്പോഴും ഓര്‍ക്കുക. എല്ലാം കാണാനും കേള്‍ക്കാനും ഒരാള്‍ മുകളിലുണ്ട്.   

    രണ്ടുപേര്‍ക്കും അസുഖങ്ങള്‍ ഒന്നുമില്ലെന്നു കരുതുന്നു. അസുഖങ്ങള്‍ വന്നാല്‍ ഉടന്‍ ഡോക്ടറെ കാണുക. ചികില്‍സിച്ച് ഭേദമാകുന്നില്ലെങ്കില്‍ പിന്നേയും താമസിക്കേണ്ടാ. ഇവിടേക്ക് പോന്നേക്കുക. അവിടെവെച്ച് ഗ്ലൂക്കോസ് കയറ്റാനും കുത്തിവെക്കാനുമൊന്നും നില്‍ക്കണ്ട. പനി എന്നു കേള്‍ക്കുമ്പോള്‍ തന്നെ അമ്മക്കിപ്പോ പേടിയാണ്. പനിയെപ്പറ്റി എഴുതിയപ്പോഴാണ് ഒരു കാര്യം ഓര്‍മ്മവന്നത്.

    മിനിഞ്ഞാന്ന് പടിഞ്ഞാറുമുറിയിലെ ദാസന്‍ മരിച്ചു. മൃതദേഹം കാണാന്‍ കൂടി ആരും ഉണ്ടായിരിന്നിലാത്രെ. രണ്ടുമൂന്നുമാസമായി ആരെയും കാണിക്കാതെ എല്ലാത്തില്‍ നിന്നും വേര്‍പ്പെടുത്തി ഒരിരുട്ടു മുറിയില്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നാള് ഞാനൊന്നു വെറുതെ പോയിരുന്നു അവിടേയ്ക്ക്. ഞാന്‍ ഏറെ നിര്‍ബന്ധിച്ചപ്പോഴാണ് ഒരു ജനല്‍പാളി തുറന്ന് അവരിത്തിരി വെളിച്ചം തുറന്നുവിട്ടത്. ഇരുള്‍ കയത്തിലേക്ക് പ്രകാശപിശുക്കിന്‍റെ ചെറുതോണിയുമായി ഇറങ്ങിയപ്പോള്‍ ചുവരോടൊട്ടി കിടക്കുന്ന ആ രൂപം ഞാന്‍ കണ്ടു. നരകവേദന അനുഭവിച്ചനുഭവിച്ച് തുടിപ്പൊക്കെ വാര്‍ന്നു പോയിരുന്നു. അപ്രതീക്ഷിതമായി കടന്നെത്തിയ വെളിച്ചത്തിലൂടെ അയാള്‍ എന്നെ ഒന്നു നോക്കി. ഇപ്പോള്‍ ഉറങ്ങിയാല്‍ പേടിപ്പെടുത്തുന്ന ഒരു ദുഃസ്വപ്നമായിട്ട് ആ നോട്ടമെന്ന കൊത്തി വലിക്കുകയാണ്. ഇതിനുമാത്രം തെറ്റൊക്കെ മനുഷ്യര്‍ ചെയ്തു കൂട്ടുന്നുണ്ടോ?

    രമയുടെ കല്യാണ കാര്യമൊക്കെ ഏകദേശം അങ്ങ് ഒത്തു വരികയാണെങ്കില്‍ നടത്താം. ബാധ്യത ഒഴിക്കാനല്ല. അല്ലെങ്കിലും എന്തൊരുറപ്പിലാണ്. ഇപ്പോ കല്യാണം കഴിച്ച് കൊടുക്കുക. മിനിറ്റില്‍ അമ്പത്തിരണ്ട് പേരിലേക്ക് പകരുന്ന മരണത്തില്‍ നിന്ന് എങ്ങനെയാണ് തെരഞ്ഞെടുത്ത് ഭാഗ്യം പരീക്ഷിക്കുക. അമ്മയുടെ ആധികള്‍ ഒരിക്കലും അവസാനിക്കാത്തവയാണല്ലോ മക്കളെ. ഈയിടെയായിട്ട് വയറു പുകച്ചിലില്ലാത്ത ഒരു ദിനം പോലും ഉണ്ടാകുന്നില്ല. അമ്മയുടെ തല മുഴുവന്‍ നരക്കുകീഴടങ്ങി. ഓരോ ദിവസവും പ്രായത്തിന്മേല്‍ ഓരോ വര്‍ഷമാണുകൂടി ചേര്‍ക്കുന്നത്.

    ഇനി ശശിയോടു മാത്രമുള്ള കാര്യമാണ്. കഴിഞ്ഞതിനു മുന്നിലത്തെ ആഴ്ച ഓമന ഇവിടെ വന്നിരുന്നു. അരികുപിന്നി തുടങ്ങിയ നരച്ച ഒരെഴുത്ത് അവള്‍ പുറകിലേക്ക് മറച്ചു പിടിച്ചിരുന്നു. മുന്‍പും പലതവണ നിന്‍റെ അഡ്രസ്സ് അവള്‍ പകര്‍ത്തി കൊണ്ടു പോയിട്ടുള്ളതാണ്. അന്നവള്‍ ഒരു പ്രത്യേക തരത്തിലാണ് പെരുമാറിയത്. കമ്പനിയില്‍ നിന്നും നീ ടൈപ്പു ചെയ്തയച്ച അഡ്രസ്സ് തന്നെ അവള്‍ക്ക് വേണമെന്ന് ഒരേ ഒരു പിടിവാശി. അവസാനം അവള്‍ക്കു മുന്നില്‍ വഴങ്ങി പഴയ ശേഖരത്തില്‍ നിന്ന് മെനക്കെട്ട്, പൊടിതട്ടി നിന്‍റെ അഡ്രസ്സ് എടുത്തു കൊടുക്കേണ്ടിവന്നു. ഞാന്‍ അകത്തേക്കു കയറിയെന്നുറപ്പായപ്പോള്‍, ആരും കാണുന്നില്ലെന്ന വിശ്വാസത്തില്‍ നരച്ച എഴുത്തിനു പുറകിലെ നിന്‍റെ വിലാസവും ടൈപ്പ് ചെയ്ത വിലാസവും പിന്നെ പുതിയതായി എഴുതിയ എഴുത്തിലെ വിലാസവും അവള്‍ ഒത്തു നോക്കി. മൂന്നു കത്തുകളും അവളുടെ ഉള്ളം കയ്യിലിരുന്ന് വിറ കൊള്ളുന്നു ണ്ടായിരുന്നു.

ഇന്നലെ ഉച്ചക്കാണ് എനിക്കുറപ്പായത്, നീ അവള്‍ക്കും എഴുതാറില്ലെന്ന്, ഊണു കഴിഞ്ഞ് ഞാന്‍ ഉച്ചമയക്കത്തിലായിരുന്നു. പൊടുന്നനെ, സമയം തെറ്റിയെന്ന പോലെ അവള്‍ കടന്നു വന്ന് എന്നെ തട്ടിയുണര്‍ത്തി. ചപ്രച്ചമുടിയും അഴുക്കു കലര്‍ന്ന വസ്ത്രവും കണ്ടാല്‍ അവള്‍ കുളിച്ചിട്ട് ദിവസങ്ങളായെന്നു തോന്നും. ഉറക്കപിച്ചില്‍ അന്തിച്ചിരുന്ന എനിക്കു നേരെ കൈ നീട്ടി അവള്‍ പറഞ്ഞു. ഇനി എഴുത്തെഴുതുമ്പോള്‍ കവറിനകത്ത് ഇതുകൂടി അടക്കം ചെയ്യണം. ഒന്നും മനസ്സിലാക്കാതെ യാന്ത്രികമായി ഞാനതുവാങ്ങി. ഒരു ചെമന്ന തൂവാല വൃത്തിയായി മടക്കി വെച്ചിരിക്കുന്നു. അതിനകത്ത് എന്തോ തുന്നിപിടിപ്പിച്ചിട്ടുണ്ട്. ഞാന്‍ തുറന്നു നോക്കിയിട്ടില്ല. കത്തിനൊപ്പം വെക്കുന്നു. നിന്‍റെ യുക്തം പോലെ ചെയ്യുക. വിവാഹവും ദാമ്പത്യവും ഓരോരുത്തരുടേയും താല്പര്യവും സാവകാശവുമനുസരിച്ചാണ്. മനസ്സൊന്നു പറഞ്ഞാല്‍ കുറെയൊക്കെ എനിക്കും അറിയാം. നിനക്ക് അങ്ങിനെ വല്ല മനം മാറ്റവും ഉണ്ടെങ്കില്‍ തുറന്നെഴുതുക. മറച്ചു പിടിച്ച് മറ്റൊരു ജീവിതം ഇരുട്ടിലാക്കരുത്.

ഓരോന്നും എഴുതി വരുമ്പോള്‍ സങ്കടം ഏറിവരികയാണ്. ഈ നിമിഷം നിങ്ങളെയൊക്കെ കാണണം എന്നു തോന്നുകയാണ്. ഇങ്ങനെ ഒരു ലോകത്ത് നിങ്ങളുടെ ഒരെഴുത്തിന്‍റെപോലും ബലമില്ലാതെ ഞങ്ങളെങ്ങിനെയാണിവിടെ ഉണ്ടുറങ്ങിക്കഴിയുക.

കത്ത് എഴുതാനൊന്നും നിങ്ങള്‍ മെനക്കെടേണ്ട. ഒന്നും വേണ്ടാ. വൈകുന്ന തപാല്‍ ഉരുപ്പടികളില്‍ കുരുങ്ങി കിടക്കുന്നതിനു പകരം നിങ്ങളിങ്ങോട്ടു വരികയാണ് നല്ലത്. ഉള്ളതുകൊണ്ടു ഇവിടെ തന്നെ എന്തെങ്കിലും ചെയ്തു നമ്മുക്കു കഴിയാം. ഈ എഴുത്തു കിട്ടിയാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് പുറപ്പെടാനുള്ള ബുദ്ധി തോന്നണമേ എന്ന പ്രാര്‍ത്ഥനയോടെ,

സ്വന്തം
അമ്മ.

ഒരെഴുത്തിന്‍റെ സര്‍വ്വസാധാരണമായ സന്ദേശമൊഴികളേക്കാള്‍ ഏറെയൊന്നുമില്ലല്ലോ എന്ന നിസാരതയില്‍ നഗരവക്കില്‍ തന്നെ നാമിതുപേക്ഷിക്കുന്നു. നഗരസമയത്തിനൊത്ത് മനോഹരമായൊരു വെള്ള പ്രാവിനെ തുന്നി പിടിപ്പിച്ച ചെമന്ന ഒരു കര്‍ച്ചീഫ് തെന്നി നീങ്ങുന്നു.

മേല്‍ വിലാസങ്ങളില്ലാത്ത നഗരജീവികള്‍ക്ക് മുകളിലായി പാറി പറക്കുന്ന ഒരെഴുത്തിലേക്കും ഒരു കര്‍ച്ചീഫിലേക്കും നമ്മുടെ നഗരകാഴ്ച വ്യാപിക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക