Image

കെണിയില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍

Published on 24 November, 2020
കെണിയില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍
വടക്കഞ്ചേരി: പുതുക്കോട്ടില്‍ യുവാവ് ഷോക്കേറ്റു മരിച്ച സംഭവത്തില്‍ 4 പേര്‍ അറസ്റ്റില്‍. കാട്ടുപന്നിയെ പിടിക്കാന്‍ വച്ച കെണിയില്‍ നിന്നു ഷോക്കേറ്റു പുതുക്കോട് അപ്പക്കാട് യാക്കൂബിന്റെ മകന്‍ അജ്മല്‍ (21) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു പ്രായപൂര്‍ത്തി ആകാത്ത ഒരാള്‍ ഉള്‍പ്പെടെ 5 പേരെ പൊലീസ് പിടികൂടി. പുതുക്കോട് ചെറുകാഞ്ഞിരക്കോട് രതീഷ് (39), കുന്ന് തെരുവ് അബ്ദുല്‍ റഹ്മാന്‍ (19), അപ്പക്കാട് അന്‍ഷാദ് (20), അപ്പക്കാട് ഷാഹുല്‍ ഹമീദ് (26) എന്നിവരെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പതിനാറുകാരനും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി  സുഹൃത്തിന്റെ വീട്ടില്‍ നിന്നു മടങ്ങുമ്പോഴാണ് അജ്മലിനു ഷോക്കേറ്റതെന്നാണു നിഗമനം. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെ പ്രതികളില്‍ രണ്ടു പേര്‍ കെണിയൊരുക്കിയ സ്ഥലത്തു പോയി നോക്കിയപ്പോള്‍ അജ്മല്‍ മരിച്ചു കിടക്കുന്നതു കണ്ടു. ഉടനെ ഒന്നാം പ്രതി രതീഷിന്റെ പെട്ടി ഓട്ടോയില്‍ മൃതദേഹം കയറ്റി രണ്ടു കിലോമീറ്റര്‍ അകലെയുള്ള പാട്ടോലയിലെ റബര്‍ തോട്ടത്തിലെ ചാലില്‍ ഉപേക്ഷിച്ചു.

അവിടെ വച്ചാണു ഷോക്കേറ്റതെന്നു പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ അജ്മലിന്റെ കാലില്‍ ഇലക്ട്രിക് വയര്‍ കെട്ടുകയും സമീപത്തെ മോട്ടോര്‍ പുരയില്‍ നിന്നു വൈദ്യുതി വയര്‍ വലിച്ചിടുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നിനാണു നാട്ടുകാര്‍ മൃതദേഹം കണ്ടത്.  തുടര്‍ന്നു മരണത്തില്‍ ദുരൂഹതയാരോപിച്ചു ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. അജ്മലിന്റെ ചെരുപ്പ് ഷോക്കേറ്റു കിടന്ന സ്ഥലത്തിനു സമീപത്തു നിന്നു കിട്ടിയതും അന്വേഷണത്തിനു വഴിത്തിരിവായി.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഉറപ്പായതോടെ പൊലീസ് വിരലയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ്, സയന്റിഫിക് വിഭാഗങ്ങളെ എത്തിച്ചു പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടത്തില്‍ ഷോക്കേറ്റാണു മരണമെന്നു തെളിഞ്ഞതോടെ വൈദ്യുതി ഉപയോഗിച്ചു കാട്ടുപന്നികളെ പിടിക്കുന്ന സംഘത്തെ കേന്ദ്രീകരിച്ചു അന്വേഷണം ശക്തമാക്കി. ഒന്നാം പ്രതി രതീഷിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളിലായി 27 കേസുകളുണ്ട്. തൃശൂര്‍ ചിയ്യാരം സ്വദേശിയായ ഇയാള്‍ കുറച്ചു കാലമായി പുതുക്കോട്ടിലെ ഭാര്യവീട്ടിലാണു താമസം. ചില ഗുണ്ടാസംഘങ്ങളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ പ്രതികളുമായി സംഭവസ്ഥലത്തെത്തി പൊലീസ് തെളിവെടുത്തു. കെണി വയ്ക്കാന്‍ ഉപയോഗിച്ച സാധനങ്ങള്‍ കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പതിനാറുകാരനെ ജുവൈനല്‍ ജസ്റ്റിസ് മുന്‍പാകെ ഹാജരാക്കി. കുറ്റകരമായ നരഹത്യ, തെളിവ് നശിപ്പിക്കല്‍, അനധികൃതമായി വൈദ്യുതി ഉപയോഗിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക