Image

ജോ ബൈഡന്‍, ലാറ്റിനമേരിക്കയുടേയും പ്രതീക്ഷ (സനൂബ് ശശിധരൻ)

Published on 24 November, 2020
ജോ ബൈഡന്‍, ലാറ്റിനമേരിക്കയുടേയും പ്രതീക്ഷ (സനൂബ്  ശശിധരൻ)
ജോ ബൈഡന്‍, അമേരിക്കയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ ലോകം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിന് പ്രധാനകാരണം അമേരിക്ക ലോകപൊലീസ് കളി അവസാനിപ്പിക്കുമെന്നോ അവരുടെ ക്യാപിറ്റലിസ്റ്റ് സ്വഭാവം അവസാനിപ്പിക്കുമെന്നോയുള്ള പ്രതീക്ഷയൊന്നുമല്ല. മറിച്ച് ഡൊണാള്‍ഡ് ട്രംപ് എന്ന പ്രസിഡന്റിന്റെ കീഴില്‍ ആ രാജ്യം കൈക്കൊണ്ട  നയങ്ങളും തീരുമാനങ്ങളുമെല്ലാം വരുത്തിവെച്ച കെടുതിയില്‍ നിന്ന് കുറച്ചെങ്കിലും ഭേദപ്പെട്ട പ്രകടനം പ്രതീക്ഷിക്കുന്നുവെന്നത് കൊണ്ട് മാത്രമാണ്.

ഇന്ത്യയും ഏഷ്യയുമെല്ലാം ബൈഡന്‍ അധികാരമേല്‍ക്കുമ്പോള്‍ നിലവിലത്തേതില്‍ നിന്ന് എന്ത് മാറ്റങ്ങള്‍ സംഭവിക്കുമെന്ന് ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്. ട്രംപുമായി ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി  ട്രംപിന് വേണ്ടി പ്രചാരണംവരെ നടത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നയിച്ചിരുന്നു. അമേരിക്കയില്‍ അടിക്കടി സന്ദര്‍ശിച്ച് മോദി അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കിടയില്‍ നടത്തിയ ഹൗഡി മോഡി പോലുള്ള പല കണ്‍വെന്‍ഷനുകളും ട്രംപ് അനുകൂല തരംഗം അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കുന്നത് ലക്ഷ്യമിട്ടായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ട്രംപുമായി ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്നവര്‍ക്ക് ബൈഡന്റെ പ്രസിഡന്റ് പദവി എത്രകണ്ട് ദഹിക്കുമെന്നത് കണ്ടറിയണം.

ട്രംപ് ഭരണത്തിന് കീഴില്‍ അമേരിക്കയുടെ ഇടപെടല്‍ ഏറ്റവും കൂടുതല്‍ ഉണ്ടായത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ തന്നെയാണ്. ട്രംപിന്റെ പല പ്രഖ്യാപനങ്ങളും നയങ്ങളുമെല്ലാം അയല്‍രാജ്യങ്ങൡലെ സര്‍ക്കാരുകളെ പ്രതികൂലമായി ബാധിക്കുന്നവയായിരുന്നു. അതേസമയം തന്നെ ലാറ്റിനമേരിക്കയിലെ സോഷ്യലിസ്റ്റ്- ഇടത് ഭരണകൂടങ്ങളെ തകര്‍ത്തെറിയാന്‍ പിന്നില്‍ നിന്ന് പ്രതിഷേധക്കാര്‍ക്കും പ്രതിപക്ഷത്തിനുമെല്ലാം ട്രംപ് സഹായമൊരുക്കുകയും ചെയ്തു. വെനിസ്വേല, ഇക്വഡോര്‍, ബെളീവിയ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കന്‍ ഇടപെടലുകളും അവിടത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളും തിരഞ്ഞെടുപ്പ് അട്ടിമറികളുമെല്ലാം അതിനുള്ള തെളിവുകളാണ്.

അതിര്‍ത്തി അടച്ചിട്ട് അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം തടയുക എന്നതായിരുന്നു ട്രംപിന്റെ പ്രഖ്യാപിത നയം. എന്നാല്‍ അനധികൃത കുടിയേറ്റം തടയാന്‍ എന്ത് ചെയ്യണമെന്നത് ട്രംപിന്റെ വിഷയമേ ആയിരുന്നില്ല. രാജ്യത്തിന് അതിരുകെട്ടി ഉയരത്തില്‍ മതില്‍ പണിയുന്നതാണ് കുടിയേറ്റം ഇല്ലാതാക്കാനുള്ള ഏകമാര്‍ഗമായി ട്രംപ് കണ്ടിരുന്നത്. മെക്‌സിക്കന് അതിര്‍ത്തി കെട്ടി അടച്ചതോടെ ആ വലിയ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്ന് ട്രംപ് വിലയിരുത്തുന്നു. ലാറ്റിന് അമേരിക്കന്‍ രാജ്യങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ മതില് പണിയലല്ലെന്ന് കൃത്യമായി അറിയുന്ന വ്യക്തിയാണ് ജോ ബൈഡന്‍. ട്രംപിനേക്കാള്‍ കൂടുതല്‍ കാലം ഔദ്യോഗിക പദവിയിലിരുന്ന ബൈഡന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി നല്ല ബന്ധവുമുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഒബാമയുടെ വൈസ് പ്രസിഡന്റ് എന്ന പദവിയില്‍ ഇരുന്ന് അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധവും ബൈഡന്‍ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഒബാമയും ട്രംപും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്ക് നടത്തിയ യാത്രകളേക്കാള്‍ ഇരട്ടി ബൈഡന്‍ നടത്തിയിട്ടുണ്ട് എന്നത് ആ മേഖലയിലെ പ്രശ്‌നങ്ങളില്‍ ബൈഡന് എത്രമാത്രം താല്‍പര്യമുണ്ടെന്നത് തെളിയിക്കുന്നുണ്ട്.

മേഖലയിലെ അടിസ്ഥാന പ്രശ്‌നം പരിഹരിക്കുകയെന്നതാണ് അമേരിക്കയും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ അനധികൃതകുടിയേറ്റത്തിന് തടയിടാന്‍ വേണ്ടത് എന്ന് ബൈഡന് അറിയാം. അമേരിക്കയുടെ പിന്തുണയോടെ തൊഴിലില്ലായ്മ, പട്ടിണി എന്നിവ പരിഹാരിക്കാനുള്ള മാര്‍ഗങ്ങള്‍ ഹെമിസ്പിയറിലെ രാജ്യങ്ങളോട് നിര്‍ദേശിച്ചത് ബൈഡനാണ്. 2006 ല്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ഗ്വാട്ടിമാലയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ബൈഡന്‍ ഗ്വാട്ടിമാലയിലെത്തിയത് പ്രത്യേക മിഷനുമായി തന്നെയായിരുന്നു. ഉത്തര ത്രികോണ രാഷ്ട്രങ്ങള്‍ എന്നറിയപ്പെടുന്ന എല്‍ സാല്‍വദോര്‍, ഹോണ്ടൂറിയ, ഗ്വാട്ടിമാല തുടങ്ങി മധ്യഅമേരിക്കന്‍ രാഷ്ട്രങ്ങളുമായി നടത്തിയ നീണ്ട ചര്‍ച്ചകളില്‍ പ്രദേശത്തെ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിയും മറികടക്കുന്നത് സംബന്ധിച്ച പല നിര്‍ദേശങ്ങളും ബൈഡന്‍ മുന്നോട്ട് വെച്ചിരുന്നു. കൂട്ട പലായനങ്ങളുടെ അടിസ്ഥാനകാരണം തിരിച്ചറിഞ്ഞ് അത് ഇല്ലാതാക്കുകയാണ് പ്രദേശത്തെ സമാധാനത്തിനും വികസനത്തിനും വേണ്ടതെന്ന തന്റെ കാഴ്ച്ചപാടും ബൈഡന്‍ ഉന്നയിച്ചു. അമേരിക്ക അതിനുവേണ്ടുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ സഹായം നല്‍കുമെന്നും ബൈഡന്‍ ഉറപ്പ് നല്‍കി. പക്ഷെ പിന്നാലെ വന്ന ട്രംപ് ഭരണകൂടം ഇതുമായി മുന്നോട്ട് പോയില്ലെന്ന് മാത്രമല്ല ഇത്തരം രാജ്യങ്ങളുമായി യാതൊരുവിധ സഹകരണത്തിനും തയ്യാറായതുമില്ല. തന്റെ ചൊല്‍പ്പടിക്ക് ഒപ്പം നില്‍ക്കുന്ന ബ്രസീല്‍ പോലുള്ള രാജ്യങ്ങളുമായി മാത്രമൊതുങ്ങി ട്രംപിന്റെ ബന്ധം. അമേരിക്കയുടെ ആഭ്യന്തരനയങ്ങളുടെ ഭഊരിഭാഗവും തെക്കന്‍ അതിരിലെ രാജ്യങ്ങളിലെ സ്ഥിരതയെകൂടി അടിസ്ഥാനപ്പെടുത്തിയാണ്. അതിനാല്‍ തന്നെ ആ രാജ്യങ്ങളുമായി സഹകരണം മെച്ചപ്പെടുത്തണമെന്നത് അനിവാര്യവുമാണ്. അനധികൃത കുടിയേറ്റവും ഇതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമെല്ലാം ഇല്ലാതാക്കാന്‍ ഇത് അത്യാവശ്യവുമാണ്. ഇക്കാര്യം ബൈഡന് കൃത്യമായി അറിയാം.

പൊതുവേ ഇടത് മനോഭാവം സൂക്ഷിക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് അമേരിക്കയോട് വിശ്വാസകുറവ് പണ്ട് മുതലേയുണ്ട്. കാപിറ്റലിസ്റ്റ് രാജ്യവും യൂറോപിലെ സാമ്പത്തിക ശക്തികള്‍ ക്ഷയിക്കുകയും ചെയ്തതോടെ അമേരിക്ക നടപ്പിലാക്കിയ ഉദാരവത്ക്കരണ സാമ്പത്തിക നയങ്ങളും ലോക പോലീസിങുമെല്ലാം മേഖലയിലെ പലരാജ്യങ്ങളിലും ക്രമസമാധാനപ്രശ്‌നങ്ങള്‍ക്കും ഭരണഅട്ടിമറികള്‍ക്കും വഴിവെച്ചിരുന്നു. സിഐഎയെ ഉപയോഗിച്ച് മേഖലയില്‍ അമേരിക്ക ഒളിഞ്ഞും തെളിഞ്ഞും നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ പല ഓപറേഷനുകളും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ അമേരിക്കയെ വിശ്വസിക്കാന്‍ കൊള്ളാത്ത അയല്‍വാസിയാക്കി മാറ്റുകയും ചെയ്തു. ഇതിനെല്ലാം പുറമെ 90 കളിലും 2000 ത്തിലുമെല്ലാമായി ലാറ്റിനമേരിക്കയില്‍ ഉയര്‍ന്നുവന്ന ഇടത് രാഷ്ട്രീയനേതാക്കളുടെ സ്വാധീനവും അമേരിക്കന്‍ വിരുദ്ധസമീപനം ഇവിടങ്ങളില്‍ ശക്തമാക്കുകയും ചെയ്തു. ഹുഗ്വേ ഷാവേസും ഇവ മൊറാലിസും മെദ്യൂറോയുമെല്ലാം ക്യൂബന്‍ വഴി തിരഞ്ഞെടുത്തതോടെ അമേരിക്കന്‍ വിരുദ്ധ വികാരം ലാറ്റിനമേരിക്കയില്‍ ശക്തമാവുകയായിരുന്നു. എന്നാല്‍ 2009 ല്‍ ഒബാമ ഭരണകൂടം അധികാരത്തിലേറിയപ്പോള്‍ മുതല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായി നല്ലബന്ധമുണ്ടാക്കാന്‍ അമേരിക്ക ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. തന്റെ ആദ്യ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനവേളയില്‍ തന്നെ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. 'ഇത്രയും കാലം അമേരിക്ക വെച്ചുപുലര്‍ത്തിയിരുന്ന ഏകാധിപത്യസ്വഭാവം ഇനി ഉണ്ടാകില്ലെന്നും തങ്ങള്‍ മാത്രം സംസാരിക്കുകയും മറ്റുള്ളവര്‍ കേട്ട് അനുസരിക്കുകയും ചെയ്യുകയെന്ന കാലം അവസാനിച്ചെന്നും' ബൈഡന്‍ പ്രസ്താവിച്ചു. 2013 ല്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു.

പ്രസ്താവനയില്‍ മാത്രം ഒതുങ്ങിയില്ല ഇക്കാര്യത്തില്‍ ബൈഡന്റെ പ്രവൃത്തി. അധികാരം ഒഴിയുന്നതിന് മുമ്പായി 2015 ല്‍ മേഖലയുടെ വികസനത്തിനായി 750 ദശലക്ഷം ഡോളറിന്റെ പ്രത്യേക പാക്കേജ് അമേരിക്കന്‍ സെനറ്റിനെ ബോധ്യപ്പെടുത്തി ബൈഡന്‍ പാസാക്കി എടുക്കുകയും ചെയ്തു.  ഒബാമ ഭരണകൂടം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായുള്ള ബന്ധം വെറും നയകന്ത്രബന്ധത്തില്‍ മാത്രമായിരുന്നില്ല തളച്ചിട്ടത്. മറിച്ച്, കാലാവസ്ഥ, കുടിയേറ്റം, സാമൂഹിക സാമ്പത്തിക ഇടാപടുകള്‍, അടിസ്ഥാന സൗകര്യവികസനം തുടങ്ങി വിവിധ മേഖലകളിലേക്ക് വികസിപ്പിച്ചു. ഈ കാലയളവില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ വിശ്വാസം നേടിയെടുക്കാനും അമേരിക്കക്ക് കഴിഞ്ഞു. പതിറ്റാണ്ടുകളുടെ ഇടവേളയ്‌ക്കൊടുവില്‍ ക്യൂബയിലേക്ക് ഒരു അമേരിക്കന്‍ ഭരണാധികാരി വന്നുവെന്നത് തന്നെ ആ വിശ്വാസം ആര്‍ജിച്ചതിന്റെ തെളിവാണ്. മേഖലയില്‍ രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കുന്നതിനായി അമേരിക്ക നല്‍കിയിരുന്ന പലസഹായങ്ങളും നിര്‍ത്തിവെച്ചുവെന്നത് മേഖലയില്‍ സമാധാനം തിരികെ കൊണ്ടുവരാന്‍ കുറെയൊക്കെ സഹായിക്കുകയും ചെയ്തു. പക്ഷെ പിന്നാലെ വന്ന ട്രംപ് ഭരണകൂടം ഇതെല്ലാം അട്ടിമറിച്ചതോടെ തെക്കന്‍ അമേരിക്കയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും കലാപവും പ്രക്ഷോഭങ്ങളുമെല്ലാം തുടര്‍ക്കഥയായി. വെനിസ്വേലയിലും പെറുവിലും കൊളംബിയയിലും ബൊളീവിയയിലും ഇക്വഡോറിലും ചിലിയിലുമെല്ലാം നടന്ന ആഭ്യന്തരകാലാപങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയുടെ കൈകള്‍ ശക്തമായിരുന്നു. ഇവിടങ്ങളിലെ അമേരിക്കന്‍ വിരുദ്ധ സര്‍ക്കാരുകളെ അട്ടിമറിച്ച് പാവ സര്‍ക്കാരുകളെ പ്രതിഷ്ടിക്കാനായിരുന്നു ട്രംപ് ഭരണകൂടത്തിന് താല്‍പര്യം.

പിന്നാലെ വന്ന കൊവിഡ് മഹാമാരി കൂടി ആയതോടെ കലാപങ്ങളും പ്രക്ഷോഭങ്ങളുമെല്ലാം തകര്‍ത്തെറിഞ്ഞ ലാറ്റിന്‍അമേരിക്കന്‍ രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിയും മോശമായി. ഇതില്‍ നിന്നെല്ലാം കരകയറാനാണ് ഇനി അവരുടെ ശ്രമം. പക്ഷെ അമേരിക്കന്‍ സഹായത്തോടെ അരങ്ങേറുന്ന പ്രക്ഷോഭങ്ങള്‍ ശമിക്കാതെ എന്ത് ചെയ്യുമെന്ന ചോദ്യവും ഇവര്ക്ക് മുന്നിലുണ്ട്. ലാറ്റിനമേരിക്കയുടെ സമൂലമായ മാറ്റവും വളര്‍ച്ചയും ലക്ഷ്യംവെച്ച് പ്രവര്‍ത്തിച്ചിരുന്ന ബൈഡന്റെ വരവ് അതിനാല്‍ തന്നെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പലരും ബൈഡനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത് ഇതിനാലാണ്. മേഖലയില്‍ ട്രംപിന്റെ ഏറ്റവും അടുത്ത അനുയായി മാറിയ ബ്രീസല്‍ പ്രസിഡന്റ് മാത്രമാണ് ട്രംപിന്റെ പരാജയം അംഗീകരിക്കാന്‍ മടിച്ച് ആദ്യം മാറിനിന്നത്. ട്രംപിന്റെ പരാജയം ബ്രസീലില്‍ തന്റെ രാഷ്ട്രീയഭവിക്കും ദോഷം ചെയ്യുമെന്ന് ജെയര്‍ ബോള്‍സൊനാരോക്ക് നന്നായറിയാം.

ട്രംപ് ഭരണകൂടത്തിന്റെ കടുത്ത സാമ്പത്തിക നയങ്ങളും നിയമങ്ങളും അയല്‍രാജ്യങ്ങളുമായുള്ള വാണീജ്യവ്യാപര ഇടപാടുകളും ഇല്ലാതാക്കിയിരുന്നു. ഇതിലൂടെ സാമ്പത്തികമായി തകര്‍ന്ന പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും അതിനാല്‍ തന്നെ ബൈഡന്റെ വിജയത്തില്‍ അതിയായി സന്തോഷിക്കുന്നുമുണ്ട്. ഒബാമ ഭരണകൂടത്തിന്റെ പദ്ധതികളും നയങ്ങളും തന്നെയാകും തന്റെ ഭരണത്തിന്റേയും തുടര്‍ച്ചയെന്ന് ബൈഡന്‍ ഇതിനോടകം തന്നെ പ്രസാതാവിച്ചുകഴിഞ്ഞു. അതിനാല്‍ തന്നെ മേഖലയിലെ ഭരണകൂടങ്ങളേയും ലാറ്റിനോകളേയും ബൈഡന്റെ പ്രസിഡന്റ് പദവി ഏറെ ആശ്വസകരമാണ്.
ജോ ബൈഡന്‍, ലാറ്റിനമേരിക്കയുടേയും പ്രതീക്ഷ (സനൂബ്  ശശിധരൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക