Image

എംഎ. യൂസഫലിക്ക്‌ ഓണറ്റി അംഗത്വം സമ്മാനിച്ചു

Published on 11 June, 2012
എംഎ. യൂസഫലിക്ക്‌ ഓണറ്റി അംഗത്വം സമ്മാനിച്ചു
അബുദാബി: കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്‌ മലബാര്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ പ്രഥമ ഓണറ്റി അംഗത്വം അബുദാബി ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ മെമ്പറും എംകെ ഗ്രൂപ്പ്‌ മാനേജിങ്‌ ഡയറക്‌ടറുമായ എം.എ. യൂസഫലിക്ക്‌ പ്രസിഡന്റ്‌ കെ.വിനോദ്‌ നാരായണന്‍ സമ്മാനിച്ചു. ഭാവി തലമുറയ്‌ക്ക്‌ ഉപകാരപ്രദമാകുന്ന തരത്തില്‍ വന്‍കിട വ്യവസായ പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ പ്രവാസി മലയാളികളുടെ സഹകരണത്തോടെ വന്‍ വിജയമാക്കാന്‍ സാധിക്കുമെന്നു യൂസഫലി പറഞ്ഞു.

പുതിയ തലമുറയെ കുറിച്ചു വളരെ ദീര്‍ഘ വീക്ഷണത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. വ്യവസായ സംരഭങ്ങള്‍ വ്യക്‌തികളില്‍ നിന്നു കോര്‍പറേറ്റ്‌ സെക്‌ടറിലേക്കു മാറുന്നതായും സമയവും സന്ദര്‍ഭവുമനുസരിച്ചുള്ള മാറ്റംഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ മാത്രമേ സംരഭങ്ങള്‍ പുരോഗതി കൈവരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ബെക്കിങാം പാലസിലും വൈറ്റ്‌ഹൗസിലും വരെ കണ്ണൂരിലെ കൈത്തറി സാധനങ്ങള്‍ കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇന്നു കൈത്തറി വ്യവസായം കേട്ടുകേള്‍വിയായി തകര്‍ച്ചയെ നേരിടുന്നു. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഉല്‍പന്ന മികവ്‌ വര്‍ധിപ്പിച്ചാല്‍ വിദേശ വിപണിയില്‍ വീണ്ടും സാന്നിധ്യമാകാന്‍ കഴിയും.

കാലഘട്ടത്തിനനുസൃതമായ മാറ്റം വരുത്താന്‍ സാധിച്ചില്ലെങ്കില്‍ വിപണിയില്‍ പിന്നാക്കം പോകുമെന്നും മെഗാ വ്യവസായ സംരഭങ്ങളാണ്‌ ഉണ്ടാകേണ്ടതെന്നും യൂസഫലി അഭിപ്രായപ്പെട്ടു. കണ്ണൂര്‍ വിമാനത്താവളത്തിനു സാധാരണക്കാര്‍ക്കും ഷെയര്‍ ലഭ്യമാകും വിധം 10,000 മുതല്‍ പത്ത്‌ ലക്ഷം രൂപ വരെയുള്ള ഷെയര്‍ സംവിധാനം നടപ്പാക്കാന്‍ നോര്‍ത്ത്‌ മലബാര്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ കേരള സര്‍ക്കാരുമായി സഹകരിച്ചു പദ്ധതി ആവിഷ്‌ക്കരിച്ചാല്‍ പ്രവാസി മലയാളികള്‍ക്കു നിക്ഷേപിക്കാന്‍ അവസരമാകുമെന്നും അദ്ദേഹം പറഞ്ഞു.

അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക്‌ സെന്ററ്‌ പ്രസിഡന്റ്‌ പി.ബാവഹാജി,മലയാളി സമാജം പ്രസിഡന്റ്‌ മനോജ്‌ പുഷ്‌ക്കര്‍,ടി.കെ. ആഷിക്‌, സെക്രട്ടറി സി.വി. ദീപക്‌, ഇന്റര്‍നാഷനല്‍ ഡയറക്‌ടര്‍ ബി.മഹേഷ്‌ചന്ദ്ര ബാലിക, ട്രഷറര്‍ പി.പി. ഷെമീം എന്നിവര്‍ പ്രസംഗിച്ചു. നോര്‍ത്ത്‌ മലബാര്‍ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ അംഗങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റ്‌ വിതരണവും നടത്തി.
എംഎ. യൂസഫലിക്ക്‌ ഓണറ്റി അംഗത്വം സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക