Image

യുഎഇയില്‍ സ്‌പോണ്‍സര്‍മാരില്ലാതെ പ്രവാസികള്‍ക്ക് പൂര്‍ണ ഉടമസ്ഥതയില്‍ കമ്പനി തുടങ്ങാം

Published on 23 November, 2020
യുഎഇയില്‍ സ്‌പോണ്‍സര്‍മാരില്ലാതെ പ്രവാസികള്‍ക്ക് പൂര്‍ണ ഉടമസ്ഥതയില്‍ കമ്പനി തുടങ്ങാം
ദുബായ് : യുഎഇയില്‍ പ്രവാസി സംരംഭകര്‍ക്ക് പൂര്‍ണമായും ഉടമസ്ഥാവകാശമുള്ള കമ്പനി തുടങ്ങാം. യുഎഇ പൗരന്മാര്‍ സ്‌പോണ്‍സര്‍മാരായാല്‍ മാത്രമേ വിദേശികള്‍ക്ക്  കമ്പനി തുടങ്ങാനാവൂ എന്ന നയമാണ് മാറ്റിയത്. ഡിസംബര്‍ ഒന്നു മുതല്‍ ഇതു പ്രാബല്യത്തിലാവും. യുഎഇ കമ്പനി നിയമത്തില്‍ ഭേദഗതികള്‍ വരുത്തി പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. വിദേശ പൗരന്മാര്‍ തുടങ്ങുന്ന കമ്പനിയില്‍ കുറഞ്ഞ ശതമാനമെങ്കിലും ഉടമസ്ഥാവകാശം യുഎഇ പൗരന്മാര്‍ക്ക് വേണമെന്ന നയം ഇതോടെ പൂര്‍ണമായും മാറ്റി.

അതേസമയം തന്ത്ര പ്രധാനമായ മേഖലകളിലെ കമ്പനികളില്‍ ഈ നയം നടപ്പാക്കുന്നത് സംബന്ധിച്ചു പഠിക്കുന്നതിന് കമ്മിറ്റിയെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ ഏജന്‍സികളുടെ പ്രതിനിധികള്‍ അടങ്ങിയ കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാവും ഇക്കാര്യം പരിഗണിക്കുക. മുന്‍പുള്ള കമ്പനി നിയമപ്രകാരം യുഎഇയില്‍ ലിമിറ്റഡ് ലയബിലിറ്റി കമ്പനികള്‍ (എല്‍എല്‍സി) തുടങ്ങുമ്പോള്‍ വിദേശികളുടെ ഉടമസ്ഥാവകാശം 49% ആയി നിജപ്പെടുത്തിയിരുന്നു.

യുഎഇ പൗരനോ, പൂര്‍ണമായും യുഎഇ പൗരന്റെ ഉടമസ്ഥാവകാശത്തിലുള്ള കമ്പനിക്കോ ആവും ബാക്കി 51% ഉടമസ്ഥാവകാശം. ഈ വ്യക്തിയുടേയോ കമ്പനിയുടേയോ സ്‌പോണ്‍സര്‍ഷിപ്പിലേ വിദേശിക്ക് കമ്പനി തുടങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. നിയമഭേദഗതിക്കായി ബാധ്യതകളും ഉടമസ്ഥാവകാശവും സംബന്ധിച്ച് 51 നയങ്ങള്‍ പരിഷ്കരിക്കുകയും പുതിയവ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക