Image

വാക്സിൻ ഉടനെന്ന് ഫൗച്ചി; ജനത്തിന് കിട്ടാൻ ആറു മാസമെന്ന് ഗവർണർ കോമോ (കൊറോണ വാർത്തകൾ)

മീട്ടു Published on 23 November, 2020
വാക്സിൻ ഉടനെന്ന് ഫൗച്ചി; ജനത്തിന് കിട്ടാൻ ആറു മാസമെന്ന്  ഗവർണർ കോമോ (കൊറോണ വാർത്തകൾ)
മഹാമാരിയോട് ഏറ്റുമുട്ടാൻ സഹായം വരുന്നുണ്ടെന്ന് ഡോ.ആന്റണി ഫൗച്ചി അമേരിക്കക്കാർക്ക് ഉറപ്പുനൽകി. വാക്സിൻ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന കമ്പനികളുടെ മരുന്ന്, നിലവിലെ ആരോഗ്യ രംഗത്തെ പ്രതിസന്ധി അതിജീവിക്കാൻ പര്യാപ്തമാണെന്നും അദ്ദേഹം സമാശ്വസിപ്പിച്ചു. 

ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിലും ദിവസവും റെക്കോർഡുകൾ സൃഷ്ടിക്കപ്പെടുന്ന നിലവിലെ സാഹചര്യത്തിൽ, ഫലപ്രദമായ വാക്സിൻ രാജ്യത്തിന് വലിയ സഹായം തന്നെയാണെന്ന് പകർച്ചവ്യാധി വിദഗ്ദ്ധനായ ഫൗച്ചി വ്യക്തമാക്കി. 
എൻ ബി സി യിൽ ചക് ടോഡ് അവതരിപ്പിക്കുന്ന 'മീറ്റ് ദി പ്രസ് ' എന്ന പരിപാടിയിലാണ് ' സഹായം എത്താറായി' എന്ന് ഫൗച്ചി തുറന്നുപറഞ്ഞത്. വസൂരിയും പോളിയോയും പോലെ മനുഷ്യരാശിയെ കുഴപ്പിച്ച വ്യാധികളെ ഇല്ലായ്മ ചെയ്തത് ഫലപ്രദമായ വാക്സിൻ കണ്ടെത്തിക്കൊണ്ടാണ്. ഇപ്പോൾ വരുന്ന വാക്സിനും മഹാമാരിയെ തുരത്താൻ സഹായിക്കും. 

ഫൈസർ കമ്പനിയുടെ വാക്സിന്റെ അവലോകനത്തിനായി ഫുഡ് ആൻഡ് ഡ്രഗ് അധികൃതർ മൂന്നാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. അനുമതി ലഭിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ വിതരണം ആരംഭിക്കാൻ സുസജ്ജമാണെന്നാണ് കമ്പനി പറയുന്നത്. അതിനർത്ഥം അമേരിക്കക്കാർക്ക് ഈ വര്ഷം അവസാനം വാക്സിൻ ലഭിക്കുമെന്നാണ്. 

വാക്സിൻ ജനത്തിന് കിട്ടാൻ ആറു  മാസമെന്നു ഗവർണർ കോമോ 

സമീപ ഭാവിയിൽ ന്യൂയോർക്കിന്റെയും മറ്റേതൊരു സംസ്ഥാനത്തിന്റെയും രക്ഷകനായി കോവിഡ് 19 വാക്സിൻ എത്തുമെന്ന പ്രതീക്ഷ വേണ്ടെന്ന ധ്വനിയാണ് ഗവർണർ ആൻഡ്രൂ കോമോ ഞായറാഴ്ച പങ്കുവച്ച സന്ദേശത്തിലുള്ളത്. 

'ജനങ്ങൾ പറയുന്നത് ആശങ്കപ്പെടാൻ ഒന്നുമില്ല വാക്‌സിനുണ്ട് എന്നാണ്. പൊതുജനത്തിന് വാക്സിൻ ലഭ്യമാകാൻ ചുരുങ്ങിയത് ആറു മാസമെങ്കിലും എടുക്കുമെന്ന് ഞാൻ പന്തയം വെക്കാം. ' കോമോ വ്യക്തമാക്കി. 

'നിങ്ങൾ വിശ്വസിക്കുന്നവർ പറഞ്ഞിരിക്കുന്നതുപോലെ ഡിസംബറിലോ ജനുവരിയിലോ വാക്സിൻ വന്നാൽപോലും ആദ്യം ലഭിക്കുക ആരോഗ്യ രംഗത്തുള്ളവർക്കും പിന്നീട് നഴ്സിംഗ് ഹോമുകളിലും അങ്ങനെ മുൻ ഗണനാക്രമത്തിലായിരിക്കും വിതരണം. സാധാരണക്കാർക്ക് വാക്സിൻ ലഭിക്കാൻ ആറുമാസമെങ്കിലും ആകുമെന്നത് അതിൽനിന്ന് തന്നെ ഉറപ്പിക്കാം. 

ന്യൂയോർക്കിൽ 12 ദശലക്ഷം ആളുകളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ എട്ടുമാസങ്ങൾ വേണ്ടിവന്നതുകൊണ്ടു തന്നെ ഈ 12 ദശലക്ഷം പേർക്ക് വാക്‌സിൻ കൊടുക്കാനും അത്രയും സമയം വേണ്ടിവരും.

 നിഷ്കർഷിക്കപ്പെടുന്ന നിയമങ്ങൾ  സമൂഹം പാലിക്കുന്നത് തന്നെയായിരിക്കും നിലവിൽ മഹാമാരിക്കെതിരെ ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധം. 'കോമോ പറഞ്ഞു. 

ന്യു യോർക്കിൽ ജനുവരി പത്താം തീയതിയും പതിനഞ്ചാം തീയതിയും രോഗവ്യാപനനിരക്ക് എട്ടോ ഒൻപതോ  പത്തോ ശതമാനം ആയി ഉയർന്നാലും താൻ ഞെട്ടില്ലെന്നാണ് കോമോ പത്രസമ്മേളനത്തിൽ പറഞ്ഞത്. ഏഴുമാസങ്ങൾക്ക് മുൻപത്തെ നിരക്കും  നിലവിലേതും  വച്ചുള്ള നിഗമനമാണ് അദ്ദേഹം വ്യക്തമാക്കിയത്. 

' നിരുത്തരവാദപരമായ സമീപനം നമ്മുടെ ഭാഗത്തുനിന്നുണ്ടായാൽ അത് വേഗം തന്നെ സംഭവിച്ചേക്കാം. അക്കങ്ങൾ മാറുന്നത് നമ്മൾ എന്ത് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും.  അവധിക്കാലത്ത് ന്യൂയോർക്കിലുള്ളവരുടെ ഭാരം കൂടുമെന്നതുപോലെ കോവിഡ് നിരക്കും  കൂടുമെന്ന് ഞാൻ വിശ്വസിക്കുന്നു.  അവശേഷിക്കുന്ന ചോദ്യം, എത്രത്തോളം കൂടും, എത്ര വേഗം കൂടും എന്ന് മാത്രമാണ്. അതിന്റെ ഉത്തരം ആർക്കുമറിയില്ല. എനിക്ക് ആകെ കഴിയുന്നത് ജനങ്ങൾക്ക് മുന്നറിയിപ്പ് തരാൻ മാത്രമാണ്. ഓരോ ദിവസതിയും രോഗവ്യാപന തോതും അറിയിക്കാം. " കോമോ പ്രസ്താവിച്ചു.

താങ്ക്സ്ഗിവിങ്ങിന് ജനങ്ങൾ നടത്തുന്ന യാത്രകളുടെ  പ്രതിഫലനം കോറോണനിരക്കിൽ ഡിസംബർ ഒന്ന് മുതൽ പത്തുവരെയും ക്രിസ്മസ് ഷോപ്പിങ്ങിന്റേത്  ജനുവരി ഒന്നിനും പത്തിനും ഇടയിലും താൻ പ്രതീക്ഷിക്കുന്നു എന്നും കോമോ കൂട്ടിച്ചേർത്തു. പത്തിൽ കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് അദ്ദേഹം മുൻപേ വിലക്കിയതാണ്.  താങ്ക്സ്ഗിവിങ്ങിന് യാത്രകൾ ഒഴിവാക്കാനും നിർദ്ദേശിച്ചിരുന്നു. 
ന്യൂ യോർക്ക് സിറ്റി മേയർ ബിൽ ഡി ബ്ലാസിയോയും ആഘോഷങ്ങൾ വീടുകളിൽ പരിമിതപ്പെടുത്താൻ ഉപദേശിച്ചിരുന്നു. 

"ഈ വർഷം  ഞാനെന്റെ പ്രിയപ്പെട്ട ചിലരുമായുള്ള ഒത്തുചേരൽ ഒഴിവാക്കുന്നത് അടുത്ത വർഷം  അവർക്കൊപ്പം ഉണ്ടാകണമെന്ന ആഗ്രഹം കൊണ്ടാണെന്നും പരസ്പരം സംരക്ഷിക്കാനുള്ള ശക്തി നമുക്കുണ്ടെന്നും മേയർ പറഞ്ഞു.

അപ്പർ മൻഹാട്ടൻ, സ്റ്റാറ്റൻ ഐലൻഡ്, ലോങ്ങ് ഐലൻഡ് തുടങ്ങിയ പ്രദേശങ്ങൾ നിയന്ത്രിത മേഖലകളാണെന്നും കോമോ മുന്നറിയിപ്പ് നൽകി. സ്റ്റാറ്റൻ ദ്വീപിൽ അവസ്ഥ ഗുരുതരമാണ്. ഏഴ് ദിവസങ്ങളിലെ രോഗവ്യാപന നിരക്കുകൾ നഗരത്തിലെ ഏറ്റവും ഉയർന്ന ശതമാനം  രേഖപ്പെടുത്തിയത് ഇവിടെയാണ്- 4.5 ശതമാനം. ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 
യെല്ലോ സോണിൽപെട്ട പ്രദേശങ്ങളിൽ ഇരുപത്തിയഞ്ച് ആളുകൾക്കാണ് പരമാവധി ഒത്തുചേരാൻ അനുവാദമുള്ളത്. ഗവർണർ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച പത്തുപേരെന്നത് ഇരുപത്തിയഞ്ചായി ഉയർത്തിയിരിക്കുകയാണ്. ഈ സോണിലെ ആരാധനാലയങ്ങളിൽ 50 പേർക്ക് ഒത്തുചേരാം. 

ഓറഞ്ച് സോണുകളിൽ റെസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമില്ല. ജിമ്മുകളും സലൂണുകളും പ്രവർത്തിക്കില്ല. പരമാവധി പത്തുപേർക്ക് ഒത്തുചേരാം. ആരാധനാലയങ്ങളിൽ സീറ്റിങ് പരിധിയുടെ 33 ശതമാനം വരെയാണ് അനുവദിച്ചിട്ടുള്ളത്. 

റെക്കോർഡ് യാത്രികർ 

അവധിക്കാല യാത്രകൾ ഒഴിവാക്കണമെന്ന ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം വകവയ്ക്കാതെ താങ്ക്സ്ഗിവിങ്ങിനു മുന്നോടിയായി രണ്ടു ദശലക്ഷം അമേരിക്കക്കാരാണ്  ഈ വാരാന്ത്യത്തിൽ യു എസ് വിമാനത്താവളങ്ങളിൽ ഒഴുകിയെത്തിയത്. 

വെള്ളിയാഴ്ച 10,19,836 പേർക്കും ശനിയാഴ്ച 9,84,369 പേർക്കും സെക്യൂരിറ്റി ചെക്‌പോയിന്റിൽ നിന്ന് യാത്രാനുമതി നൽകിയതായി ഗതാഗത സുരക്ഷ അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷത്തേതിന്റെ 42 ശതമാനം മാത്രമാണ് ഈ കണക്ക്. എന്നിരുന്നാലും, മഹാമാരിക്കുശേഷം വിമാനത്താവളങ്ങളിൽ ഏറ്റവും തിരക്കുണ്ടായത് വാരാന്ത്യത്തിലാണ്. വെള്ളിയാഴ്ച, മാർച്ചിന് ശേഷം ഏറ്റവും കൂടുതൽ ആളുകൾ പറന്ന  രണ്ടാമത്തെ ദിവസമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഒന്നാം സ്ഥാനം ഒക്ടോബർ 18 നാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക