Image

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കും ; 1368 കേസുകളും ഏറ്റെടുക്കും

Published on 23 November, 2020
 പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കും ; 1368 കേസുകളും ഏറ്റെടുക്കും


കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കും. ധനകാര്യ സ്ഥാപനത്തിനെതിരേ റജിസ്റ്റര്‍ ചെയ്ത 1368 കേസുകളും ഏറ്റെടുക്കുന്ന സിബിഐ ഇതിനായി പ്രത്യേക സംഘത്തെയും രൂപീകരിക്കും. സെപ്തംബറില്‍ തന്നെ ഇക്കാര്യത്തില്‍ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരും സിബിഐ അന്വേഷണത്തിന് തടസ്സമില്ലെന്ന വിവരം ഹൈക്കോടതിയെ അറിയിച്ചു.

കേസ് സിബിഐയ്ക്ക് വിട്ട് സെപ്തംബര്‍ 24 നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ അതിന് മുമ്പ് തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ച വിവരം നേരത്തേ സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയൂം ചെയ്തിരുന്നു. 2000 കോടിയുടെ അധികം വരുന്ന തട്ടിപ്പിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാനായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എടുത്ത നിലപാട്. സ്ഥാപന ഉടമ റോയി ഡാനിയേല്‍, ഭാര്യ പ്രഭാതോമസ്, ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളായ മക്കള്‍ റിനു മറിയം, റേബ മേരി, ആന്‍ എന്നിവരുമാണ് കേസിലെ പ്രധാന പ്രതികള്‍. ധനകാര്യ ഉടമകള്‍ നിക്ഷേപം വിദേശത്തേക്ക് കടത്തിയതായി പോലീസ് കണ്ടെത്തിയതോടെയാണ് കേസ് സിബിഐയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തതും.

തട്ടിപ്പിന് ഇരയായവര്‍ കോടതിയെ സമീപിക്കുകയും അന്വേഷണം വേണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. വലിയ തട്ടിപ്പായതിനാല്‍ അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്നാണ് സിബിഐ നിലപാട്. കോടതിയുടെ നിര്‍ദേശം മാനിച്ച് സാമ്പത്തീക തട്ടിപ്പ് കേസുകളില്‍ അന്വേഷണം നടത്തി പരിചയമുള്ള വിദഗ്ദ്ധര്‍ ഉള്‍പ്പെടുത്തിയാകും ടീം ഉണ്ടാക്കുക. പത്തനംതിട്ട പോലീസ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടുകള്‍ വരും ദിവസങ്ങളില്‍ സിബിഐയ്ക്ക് കൈമാറും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക