Image

ഡോ. എം.എസ്.ടി. നമ്പൂതിരി: സാഹിത്യ തറവാട്ടിലെ കാരണവർ (മുൻപേ നടന്നവർ-8 മീനു എലിസബത്ത്)

Published on 23 November, 2020
ഡോ. എം.എസ്.ടി. നമ്പൂതിരി: സാഹിത്യ തറവാട്ടിലെ കാരണവർ (മുൻപേ നടന്നവർ-8 മീനു എലിസബത്ത്)
അമേരിക്കയിൽ  മലയാള സാഹിത്യം ഊട്ടിയുറപ്പിച്ചവരുടെ മുൻനിരയിലാണ് ഡോ. എം.എസ്.ടി. നമ്പൂതിരിയുടെ സ്‌ഥാനം. 57 വർഷം മുൻപ് അമേരിക്കയിലേക്ക് കുടിയേറിയ ഡോ. എം.എസ്.ടി.നമ്പൂതിരി  പ്രവാസി സാഹിത്യത്തിനും മലയാള ഭാഷക്കും നൽകിയ സംഭാവനകൾ നിരവധിയാണ്.  കവിതയും ശാസ്ത്രലേഖങ്ങളും എഴുതുന്ന ഡോ.  നമ്പൂതിരി അമേരിക്കയിലെ പല  ഭാഷാ സംഘടനകൾക്കും സാംസ്കാരിക സംഘടനകൾക്കും  മാർഗനിർദേശിയും ഉപദേശകനുമാണ്. ഏതു കാര്യത്തിനും കാരണവ സ്‌ഥാനത്തു തങ്ങൾ ബഹുമാനിക്കുന്ന ഡോ. മൂത്തേടത്തില്ലത്തു ശങ്കരൻ ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യം എല്ലാവരും ആഗ്രഹിക്കുന്നു.
 
തിരക്കുകൾക്കിടയിലും, ജനിച്ചു വളർന്ന മണ്ണിനെയും അമ്മ മലയാളത്തെയും നെഞ്ചോടു ചേർത്തു പിടിച്ചാണ് അന്നും ഇന്നും ഡോ. നമ്പൂതിരിയുടെ ജീവിതം. 1970 മുതൽ 90 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ശാസ്ത്രലേഖനങ്ങളും കവിതകളും എല്ലാ മുൻനിര മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു. 
 
1932 ൽ  കോട്ടയം ജില്ലയിലെ  മരങ്ങാട്ടുപള്ളിക്കടുത്തുള്ള പാലാക്കാട്ടുമലകരയിലെ മൂത്തേടത്തില്ലത്താണ്  ജനനം. തികഞ്ഞ യാഥാസ്ഥിതിക നമ്പൂതിരി കുടുംബം. ചെറുപ്പം മുതൽതന്നെ നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അദ്ദേഹത്തെ അലോസരപ്പെടുത്തിയിരുന്നു. അതിനെല്ലാം എതിരെ പോരാടുവാനുള്ള ആഗ്രഹം അന്ന് മുതലേ മനസ്സിലുണ്ടായിരുന്നു.  
 
അച്ഛനിൽനിന്നു സംസ്‌കൃത പഠനവും അടുത്തുള്ള പ്രൈമറി സ്‌കൂളിൽനിന്നു പ്രാഥമിക വിദ്യാഭ്യാസവും പൂർത്തിയാക്കിയ ശേഷം പാലാ സെന്റ് തോമസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്  എന്നിവിടങ്ങളിൽ ഉപരിപഠനം. കാലടി ശ്രീ ശങ്കരാചാര്യ കോളജിലും ഫാറൂഖ് കോളജിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചു. ചെറുപ്പത്തിൽത്തന്നെ കവിതകളും ലേഖനങ്ങളും എഴുതി പ്രസിദ്ധീകരിച്ചിരുന്ന ഡോ.  നമ്പൂതിരി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകൃഷ്ടനാവുകയും പാർട്ടി അനുഭാവിയായി  പ്രവർത്തിക്കുകയും ചെയ്തിരുന്നു..
 
എങ്ങനെയായിരുന്നു കമ്യൂണിസ്റ്റു പാർട്ടിയിലേക്കുള്ള വരവും പ്രവർത്തനവും?
 
വി.ടി. ഭട്ടതിരിപ്പാടും ലളിതാംബിക അന്തർജനവുമൊക്കെ എന്നെ വലിയ രീതിയിൽ സ്വാധിനിച്ചിരുന്നു. ഇഎംഎസ് ഒളിവിലുള്ള കാലത്തൊക്കെ ഞാൻ അദ്ദേഹത്തെ കാണുവാൻ പോയിരുന്നു. സഖാവ് ഇഎംഎസ് എന്നെ വല്ലാതെ  ആകർഷിച്ചിരുന്നു. പിന്നീട് എനിക്ക് പാർട്ടിയുമായി ചില  അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്ന സമയത്തായിരുന്നു എന്റെ വിവാഹം നടന്നതും ഉപരിപഠനത്തിനായി  അമേരിക്കയിലെത്തിയതും. ഞാൻ അമേരിക്കയിലേക്കു പോകുന്നതിൽ അച്ഛന് എതിർപ്പായിരുന്നു. ഒരു റിബലായ ഞാൻ ആരുടെയും എതിർപ്പ് കൂസാതെ അമേരിക്കയിലേക്ക് പോന്നു.
 
അമേരിക്കയിലേക്കുള്ള കപ്പൽ യാത്ര
 
ഡോ. നമ്പൂതിരി അമേരിക്കയിലേക്ക് കപ്പൽ കയറുന്നത് 1963 ലാണ്. ഏകദേശം 57 വർഷം  മുൻപ്. ന്യൂയോർക്കിലേക്കുള്ള  ആദ്യത്തെ കപ്പൽ യാത്രയെക്കുറിച്ച് അദ്ദേഹത്തിനിപ്പോഴും മങ്ങാത്ത ഓർമകളാണ്.
 
 
‘‘ഒരു ചരക്കു കപ്പലായിരുന്നു അത്. കപ്പൽച്ചൊരുക്കൊക്കെ ഉണ്ടായിരുന്നെങ്കിലും, രസകരമായിരുന്നു ആ യാത്ര. അമേരിക്കക്കാരനായ ഒരു ഭരതനാട്യം നർത്തകനും അമേരിക്കയിൽ കൺസേർട്ട് നടത്താനായി വരുന്ന ഒരു വീണാ വിദഗ്ധയും ഉണ്ടായിരുന്നതായി ഓർക്കുന്നു. ഇടക്കൊക്കെ ഇവർ രണ്ടു പേരും പെർഫോം ചെയ്യും. അതുപോലെ മറ്റു പലരെയും പരിചയപ്പെട്ടിരുന്നു. ഒരു കുടുംബം പോലെയായിരുന്നു ഞങ്ങൾ  ഇടപെട്ടിരുന്നത്. ഒന്നര  മാസമെടുത്തു കപ്പൽ ന്യൂയോർക്കിൽ എത്തിച്ചേരാൻ. നേരത്തേ പറഞ്ഞതിലും ഒരാഴ്ച കൂടുതൽ.  ന്യൂയോർക്കിൽനിന്നു ബോസ്റ്റണിലേക്കാണ് എനിക്ക് പോകേണ്ടത്.  കൂട്ടിക്കൊണ്ടു പോകാൻ ബോസ്റ്റണിൽനിന്നു വന്ന സുഹൃത്തുക്കൾ കപ്പൽ പറഞ്ഞ സമയത്ത് എത്താതിരുന്നതിനാൽ തിരികെ പോയിരുന്നു.  ഇന്നത്തെ പോലെ ആശയ  വിനിമയം ഒന്നും എളുപ്പമല്ലല്ലോ. ഞാൻ ഒരു തകരപ്പെട്ടിയുമായി പോർട്ടിൽ ഇറങ്ങുമ്പോൾ  പോക്കറ്റിലുള്ളത് വെറും മൂന്നു ഡോളർ. പോരുമ്പോൾ വഴിച്ചെലവിനു കയ്യിലുള്ളത് എട്ടു ഡോളർ. കപ്പൽ ഗ്രീക്ക് ദ്വീപുകളിൽ നിർത്തിയപ്പോൾ എന്തൊക്കെയോ സുവനീറുകളും  സാധനങ്ങളും വാങ്ങി അഞ്ചു ഡോളർ ചെലവായി. 
 
ബോസ്റ്റണിലേക്കു ടാക്‌സിയിൽ പോകാൻ പണം തികയില്ല.. അങ്ങനെ സങ്കടപ്പെട്ടു നിൽക്കുമ്പോൾ കപ്പലിൽ വച്ച് പരിചയപ്പെട്ട ഒരു സായിപ്പ് വന്നു കാര്യങ്ങൾ അന്വേഷിച്ചു. എന്റെ അവസ്ഥ മനസിലാക്കിയ അദ്ദേഹം  അമ്പതു ഡോളർ എടുത്തു നീട്ടി. വഴിച്ചെലവുകളും കാര്യങ്ങളും  നടക്കട്ടെ, ജോലിയൊക്കെ ചെയ്തു ശമ്പളം കിട്ടിത്തുടങ്ങുമ്പോൾ  പറ്റുകയാണെങ്കിൽ കടം വീട്ടുക. ഇല്ലങ്കിലും സാരമില്ല എന്ന് പറഞ്ഞു അഡ്രസ് എഴുതിയ ഒരു കാർഡും എടുത്തു നീട്ടി. അമേരിക്കൻ മണ്ണിൽ കാലു കുത്തിക്കഴിഞ്ഞുണ്ടായ ആദ്യത്തെ ഈ  അനുഭവം ഞാൻ ഇന്നും നന്ദിയോടെ ഓർക്കുന്നു. ജോലിയൊക്കെ തുടങ്ങി ആദ്യ ശമ്പളം കിട്ടിയപ്പോൾത്തന്നെ ഞാൻ അദ്ദേഹത്തിനു നന്ദി പറഞ്ഞ് ആ പൈസ അയച്ചു കൊടുത്തു. അങ്ങനെ എത്രയോ വ്യക്തികൾ എന്നെ ഇന്നുവരെ പല രീതിയിൽ സഹായിച്ചിരിക്കുന്നു..’’
 
യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്,  വിസ്‌കോൻസിൻ യൂണിവേഴ്സിറ്റി, ഇല്ലിനോയ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്നു പിഎച്ച്ഡിയും കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബിരുദങ്ങളും നേടുകയും അവിടെയല്ലാം അധ്യാപകനായി സേവനം  അനുഷ്ഠിക്കുകയും ചെയ്തിരുന്നു. 1974-ൽ  ആണ് യൂണിവേഴ്സിറ്റി ഓഫ് ടെക്‌സസിന്റെ ടെയ്ലർ ക്യാംപസിലേക്ക്  വരുന്നതും ടെയ്ലറിൽ  താമസമാക്കുന്നതും. യൂണിവേഴ്സിറ്റി ഓഫ് ടെക്‌സസിലെ മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ മേധാവിയായി റിട്ടയർ ചെയ്ത ഇദ്ദേഹം ഇപ്പോൾ ഡാലസിനടുത്തു  മെക്കിനിയിൽ  താമസിക്കുന്നു.
 
യൂണിവേഴ്സിറ്റി ഓഫ് ടെക്‌സസിൽനിന്ന് അസിസ്റ്റന്റ് പ്രഫസർ ആയി റിട്ടയർ ചെയ്ത സരസ്വതി നമ്പൂതിരിയാണ് ഭാര്യ. ഡോ. മായ, ഇന്ദു (കെമിക്കൽ എൻജിനിയർ) എന്നിവരാണ് മക്കൾ. 
 
 കോവിഡ് കാലത്ത്  സൂം മീറ്റിങ്ങുകളും വായനയും ഏഴുത്തും പച്ചക്കറിക്കൃഷിയുമെല്ലാമായി  അദ്ദേഹം സമയം ചെലവിടുന്നു. ഡാലസിലെ പ്രമുഖ പത്രമായ ഡാലസ് മോണിങ് ന്യൂസിൽ ഇടയ്ക്കൊക്കെ ലേഖനങ്ങൾ എഴുതുന്നു.. മലയാളത്തിൽ കംപ്യൂട്ടറുകളുടെ കഥയും  പ്രവാസിയുടെ  തേങ്ങൽ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
 
അമേരിക്കയിൽ വന്നിട്ട്  പതിറ്റാണ്ടുകളായിട്ടും   മലയാള ഭാഷയെയും സംസ്കാരത്തെയും ബഹുമാനിക്കുകയും സ്നേഹിക്കുകയും, ചെയ്യുന്ന ഡോ. എം.എസ്.ടി. നമ്പൂതിരി കോവിഡ് കാലത്തിനു മുൻപു വരെ വാരാന്ത്യങ്ങളിൽ  സാഹിത്യകൂട്ടായ്മകളിലും സംഗീത സദസ്സുകളിലും നിറ  സാന്നിധ്യമായിരുന്നു. ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സ്ഥാപക നേതാക്കളിലൊരാണ് അദ്ദേഹം.. 
 
അമേരിക്കയിലേക്ക് കുടിയേറുന്ന പുതു തലമുറയിലെ മലയാളികളോട് എന്താണ് പറയാനുള്ളത്?
 
‘നിങ്ങൾ അമേരിക്കയിൽ താമസിക്കുമ്പോഴും, ജനിച്ച നാടിനോടും ഭാഷയോടും സ്നേഹം വച്ചു പുലർത്തുന്നത് നല്ല കാര്യം. എന്നാൽ നിങ്ങൾ അമേരിക്കയുടെ ചരിത്രം കൂടി അറിഞ്ഞിരിക്കുക.  അമേരിക്കയിലെന്താണ് നടക്കുന്നതെന്നു കൂടി ശ്രദ്ധിക്കുക. നിങ്ങളുൾപ്പെടുന്ന കൗണ്ടിയിലെ അമേരിക്കൻ സമൂഹത്തിൽ, നിങ്ങളുടെ സിറ്റി കൗൺസിലിൽ, നിങ്ങളുടെ കുട്ടികളുടെ സ്‌കൂളിൽ, ഇവയിലെല്ലാം ആക്ടീവാകുക. അമേരിക്ക എന്താണെന്നു നാം  അറിഞ്ഞിരിക്കണം. ഇന്നിപ്പോൾ കണ്ടു വരുന്നത്, മലയാളികൾ അമേരിക്കയിൽ താമസിക്കുകയും ഇന്ത്യയിലേക്കു മാത്രം  കണ്ണു നട്ടിരിക്കുകയും ചെയ്യുന്ന ഒരു പ്രവണതയാണ്.’
 
വിദേശത്തു വന്നു ചുരുങ്ങിയ വർഷങ്ങൾക്കിടയിൽ സ്വന്തം അസ്തിത്വത്തിന്റെ വേരറുക്കുകയും ഇന്ത്യയെയും അതു വഴി മാതൃഭാഷയെയും തള്ളിപ്പറയുകയും ചെയ്യുന്ന ചില മലയാളി  കുടിയേറ്റക്കാർക്കെങ്കിലും എളിമയുടെ നിറകുടമായ ഈ വലിയ മനുഷ്യൻ   ഒരു മാതൃക തന്നെയാണ്. അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്സിറ്റികളിൽനിന്ന് ഉയർന്ന വിദ്യാഭ്യാസ യോഗ്യതകൾ കൈവരിച്ചിട്ടും അദ്ദേഹം മലയാളഭാഷ മറന്നില്ലന്നു മാത്രമല്ല ഇവിടെ ഭാഷയും സംസ്കാരവും  വളർത്തുവാനും പല രീതിയിൽ പരിശ്രമിക്കുകയും ചെയ്തു. 
 
ആദ്യ കാല  കുടിയേറ്റത്തിന്റെ വലിയ ഒരു ചരിത്ര പുസ്തകം കൂടിയായ ഡോ.എം.എസ്.ടി. നമ്പൂതിരിക്ക് എൺപത്തിഎട്ടാം പിറന്നാൾ ആശംസകൾ. ആ ജൈത്രയാത്ര തുടരട്ടെ. അനസ്യൂതം.
 
see also
ഡോ. എം.എസ്.ടി. നമ്പൂതിരി: സാഹിത്യ തറവാട്ടിലെ കാരണവർ (മുൻപേ നടന്നവർ-8 മീനു എലിസബത്ത്)ഡോ. എം.എസ്.ടി. നമ്പൂതിരി: സാഹിത്യ തറവാട്ടിലെ കാരണവർ (മുൻപേ നടന്നവർ-8 മീനു എലിസബത്ത്)ഡോ. എം.എസ്.ടി. നമ്പൂതിരി: സാഹിത്യ തറവാട്ടിലെ കാരണവർ (മുൻപേ നടന്നവർ-8 മീനു എലിസബത്ത്)ഡോ. എം.എസ്.ടി. നമ്പൂതിരി: സാഹിത്യ തറവാട്ടിലെ കാരണവർ (മുൻപേ നടന്നവർ-8 മീനു എലിസബത്ത്)ഡോ. എം.എസ്.ടി. നമ്പൂതിരി: സാഹിത്യ തറവാട്ടിലെ കാരണവർ (മുൻപേ നടന്നവർ-8 മീനു എലിസബത്ത്)ഡോ. എം.എസ്.ടി. നമ്പൂതിരി: സാഹിത്യ തറവാട്ടിലെ കാരണവർ (മുൻപേ നടന്നവർ-8 മീനു എലിസബത്ത്)
Join WhatsApp News
രാജു തോമസ് 2020-11-24 13:48:59
ശ്രീ എം.എസ.ടി. നമ്പൂതിരിയെപ്പറ്റി കേൾക്കുമ്പൊഴും ആ ദേഹത്തെ വല്ലപ്പൊഴും കാണുമ്പൊഴും എൻ്റെ മനസ്സിൽ വരുന്നൊരു ബിംബമുണ്ട് --പത്രസമൃദ്ധിയിൽ വിരാജിക്കുന്നൊരു വടവൃക്ഷം. അവിടുത്തേക്ക് എന്റെ ആദരങ്ങളും ആശംസകളും. ഞാനൊക്കെ, കൂടിയാൽ, ഒരു ചെറുചെടി! അടുത്തത് അരെപ്പറ്റിയായിരിക്കും എന്ന ആകാംക്ഷയിലാണ് ഞങ്ങൾ വായനക്കാർ. മീനു എലിസബത്തിന് എല്ലാ ഭാവുകങ്ങളും.
Sankaranarayanan k s 2021-02-18 04:23:25
Great man with so much simplicity. I was told by his brother that whenever he comes to Kerala he will hire auto rickshaw only to control expense. Every paisa was valuable for him. Best living example to follow. Happy birthday to MST.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക