ബാലൻസ് ഷീറ്റ് (കവിത: വേണുനമ്പ്യാർ)
SAHITHYAM
23-Nov-2020
SAHITHYAM
23-Nov-2020

നേട്ടം
ചെകുത്താനായി
ചെകിട്ടത്ത് കിട്ടി
ചെകുത്താനായി
ചെകിട്ടത്ത് കിട്ടി
.jpg)
മാലാഖയായി
പൂമാല കിട്ടി
മനുഷ്യനായി
കണ്ണീർമണി കിട്ടി
വെണ്ണീർക്കിടക്ക കിട്ടി
ചെകുത്താനും മാലാഖയും മനുഷ്യനും
കോണിപ്പടികളാൽ ബന്ധിക്കപ്പെട്ട
ഒരു ഭവനത്തിന്റെ മൂന്ന് നിലകളാണെന്നും
ഭവനവാസി സമ്പന്നനായ ഒരു ദരിദ്രവാസിയാണെന്നും
അറിയാനിട വന്നപ്പോൾ
വെണ്ണീർക്കിടക്കയിലും
അളവറ്റ പരിശാന്തി കിട്ടി!
നഷ്ടം
കരടിക്കാലത്ത് കരടിയോടൊപ്പം
കാളക്കാലത്ത് ജല്ലിക്കട്ടിനോടൊപ്പം
ചാട്ടവും ഓട്ടവും ചാഞ്ചാട്ടവും കൊമ്പ് കോർക്കലും
അങ്ങാടിനിലവാരസൂചിമുനകൾക്കൊത്ത്.
ഓഹരികളുടെ കണക്കു പുസ്തകത്താളിൽ,
ഒടുക്കം ദൈവമേ!
കാളയാൽ കുത്തിമലർത്തപ്പെട്ട
ഹതഭാഗ്യനുതന്നെ കരടിയുടെ
ധൃതരാഷ്ട്രാലിംഗനവും!
പലവട്ടമോടാമങ്ങോട്ടുമിങ്ങോട്ടും
കെണിക്കൂട്ടിലെയൊറ്റയാൾപ്പന്തയത്തിൽ
ഇളിഭ്യനാ,യെങ്ങോട്ടുമെത്തിടാതെ,മുന്നം
നിന്നയിടത്തുതന്നെ കിതച്ചുനില്ക്കുവാൻ!
ഓഡിറ്റ്
കിലോക്ക് നൂറ്റിയെട്ട് രൂപ
ഡെബിറ്റ് കാർഡ് വഴിയാണെങ്കിലും കൊടുക്കുന്നത് കാശല്ലേ
വാങ്ങിയപ്പോൾ മനസ്സ് നീറി
ഉള്ളി തൊലിച്ചതും
കണ്ണ് തള്ളി
ഉള്ളി മുറിച്ചതും
കണ്ണ് പൊള്ളി
ഓഡിറ്റ് റിപ്പോർട്ടിന്റെ അന്ത്യത്തിൽ
ഉള്ളി പറഞ്ഞ ഗുണപാഠകഥ :
ഉള്ളതായി ഒന്നുമില്ല
കരയാൻമാത്രം ഇവിടെ എന്തിരിക്കുന്നു
ഉള്ളിൽ ഉള്ളതായി ഒന്നുമില്ല
ചിരിക്കാൻമാത്രം ഇവിടെ എന്തിരിക്കുന്നു
ഉള്ളിന്റെ ഉള്ളിലും ഉള്ളതായി ഒന്നുമില്ല!
എങ്കിലും ഒരു ചോദ്യം ശേഷിക്കുന്നു :
നാസിക്കിലെ ഉള്ളി കൃഷിക്കാരൻ സ്വന്തം അന്നനാളത്തിൽ
ഫ്യൂറഡാൻ തളിച്ചതെന്തിനാണ്?
നിങ്ങളുടെ തീൻമേശയിലെ സാലഡ് പിഞ്ഞാണത്തിൽ
നിറപ്പകിട്ട് പകരാനോ രുചിക്കൂട്ട് ഒരുക്കാനോ!
ജീവിതം നശിച്ച ഉള്ളിത്തൊലിയാണേലും
ഇന്നത്തെ ഉച്ചയൂണിനു എനിക്ക്
ഉള്ളിപ്പെരക്ക് വേണം!
ബാലൻസ്
ഇടത്തോട്ടു വീഴാറായാൽ
ചെരിയാം വലത്തോട്ട്
വലത്തോട്ട് വീഴാറായാൽ
ചെരിയാം ഇടത്തോട്ട്
ഇടവും വലവും ഗോത്രച്ചുവരിലെ വേറിട്ട ഓട്ടകൾ
കാണിക്കുമവ തലയായി, ഉടലായി, വാലായി, മൂന്നായി
മതിലിൽ കുണുങ്ങി നടക്കു,മൊറ്റയാൻ മാർജ്ജാരനെ!
പാലിനായ് പൂച്ച കരയുമ്പോൾ പോറ്റമ്മ
പാൽ കൊടുപ്പതു പൂച്ചവാലിനോ പൂച്ചയ്‌ക്കോ?
ഇടതാകട്ടെ വലതാകട്ടെ
ഉഷ്ണിച്ചു വരി നിന്ന് വോട്ടിട്ട് ജയിപ്പിക്കും ജനത്തെ
നട്ടം തിരിപ്പിച്ച് നാളെ വളയ്ക്കാതിരിക്കേണമേ
പറശു റാമ റാജ്യമേ!
ഷീറ്റ്
A4 സൈസ് ഷീറ്റ് എന്തെഴുതിയാലും സ്വീകരിക്കും
പത്രാധിപർ അങ്ങനെയല്ല.
ചുരുട്ടിക്കൂട്ടിയെറിയാനുള്ള ചവറ്റുകുട്ട തേടുമ്പോൾ
ക്രൂരനായ അദ്ദേഹം പിറുപിറുക്കും : ഓ, ഷിറ്റ് !
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments