Image

അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം; ഡ്രോണുകള്‍ കണ്ടെത്തി

Published on 23 November, 2020
അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം; ഡ്രോണുകള്‍ കണ്ടെത്തി
ന്യൂഡല്‍ഹി : കശ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് ഡ്രോണുകള്‍ കണ്ടെത്തിയതിനു പിന്നാലെ അതിര്‍ത്തിയിലുടനീളം ജാഗ്രത ശക്തമാക്കി. ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരര്‍ക്കു വേണ്ടി ആയുധങ്ങള്‍ ഇന്ത്യയിലേക്കു കടത്താനാണു പാക്ക് ശ്രമമെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു.

നിയന്ത്രണരേഖയിലുള്ള വനമേഖലകള്‍ വഴി കശ്മീരിലേക്കു നുഴഞ്ഞുകയറാന്‍ ഭീകരര്‍ ശ്രമിക്കുന്നതിന്റെ സൂചനയാവാം പുതിയ നീക്കമെന്നാണ് സേനയുടെ വിലയിരുത്തല്‍. പുതിയ സാഹചര്യത്തില്‍ അതിര്‍ത്തി മേഖലകളില്‍ കരസേന, ബിഎസ്എഫ് സേനാംഗങ്ങള്‍ പട്രോളിങ് ശക്തമാക്കി.

ഇതിനിടെ, നിയന്ത്രണരേഖയിലുള്ള നൗഷേരയില്‍ പാക്ക് സേന വ്യാപക ഷെല്ലാക്രമണം നടത്തി. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. ഇന്ത്യന്‍ ഭാഗത്ത് ആര്‍ക്കും പരുക്കില്ല. പാക്ക് ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്കു സേന മാറ്റി.

ഇതിനിടെ, ദക്ഷിണ കശ്മീരിലെ പുല്‍വാമയിലുള്ള ഛത്പുര ഗ്രാമത്തില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരനെ കരസേന പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണു സേന സ്ഥലത്തെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക