Image

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി, പ്രതിക്ഷേധവുമായി അലോപ്പതി ഡോക്ടര്‍മാര്‍

Published on 23 November, 2020
ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി, പ്രതിക്ഷേധവുമായി അലോപ്പതി ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയക്ക് അനുമതി. ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയിലാണ് ശസ്ത്രക്രിയ ഉള്‍പ്പെടുത്തിയത്. ഇതിനായി ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (പോസ്റ്റ് ഗ്രാജ്വേറ്റ് ആയുര്‍വേദ എജുക്കേഷന്‍) റെഗുലേഷന്‍ 2016 നിയമത്തില്‍ കേന്ദ്രം ഭേദഗതി വരുത്തി നവംബര്‍19 ന് വിജ്ഞാപനം പുറപ്പെടുവിച്ചു.

അതേസമയം, കേന്ദ്ര നടപടിക്കെതിരെ പ്രതിഷേധവുമായി അലോപ്പതി ഡോക്ടര്‍മാര്‍ രംഗത്തുവന്നു. കേന്ദ്രനീക്കത്തെ എന്തു വില കൊടുത്തും എതിര്‍ക്കുമെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ആവശ്യപ്പെട്ടു. ദുരന്തത്തിന്‍െറ കോക്‌ടെയിലാണ് ഇതെന്നും സംഘടന കുറ്റപ്പെടുത്തി. എം.എസ് ശല്യതന്ത്ര (ജനറല്‍ സര്‍ജറി), എം.എസ് ശാലാക്യ തന്ത്ര (ഇ.എന്‍.ടി, ദന്തചികിത്സ) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് ശസ്ത്രക്രിയ അനുമതി. ശല്യതന്ത്ര, ശാലാക്യതന്ത്ര എന്നിവയില്‍ ശസ്ത്രക്രിയ ഉള്‍പ്പെടെ തിയറി പഠിക്കുന്നുണ്ടെങ്കിലും പരിശീലനം ഉണ്ടാകാറില്ല.

ഇതില്‍ മാറ്റം വരുത്തും. പ്രായോഗിക പരിശീലനംകൂടി നേടിയശേഷം ശസ്ത്രക്രിയക്ക് അനുമതി നല്‍കുന്നതാണ് നിയമ ഭേദഗതി. ശല്യതന്ത്രയില്‍ പൈല്‍സ്, മൂത്രക്കല്ല്, ഹെര്‍ണിയ, വെരിക്കോസ് വെയിന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട 34 ശസ്ത്രക്രിയകള്‍ക്കാണ് അനുമതി. ശാലാക്യതന്ത്രയില്‍ തിമിര ശസ്ത്രക്രിയ, പല്ലിലെ റൂട്ട് കനാല്‍ തുടങ്ങി 15 ശസ്ത്രക്രിയകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.അതേസമയം, അഞ്ചര വര്‍ഷത്തെ ജനറല്‍ മെഡിസിന്‍ അടക്കം എട്ടു വര്‍ഷത്തോളം പരിശീലനം നേടിയെത്തുന്ന സര്‍ജനുപോലും എല്ലാ ശസ്ത്രക്രിയക്കും പ്രാവീണ്യമുണ്ടാകില്ലെന്നാണ് ഐ.എം.എ പറയുന്നത്. അങ്ങനെയുള്ളപ്പോള്‍ അലോപ്പതി മെഡിസിന്‍െറ അടിസ്ഥാന തത്ത്വങ്ങള്‍ പഠിക്കാത്തവര്‍ ശസ്ത്രക്രിയ നടത്തുന്നത് അനുവദിക്കാനാകില്ലെന്നും ഐ.എം.എ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക