Image

ജാഗ്രത പാലിക്കൂ, താങ്ക്സ് ഗിവിംഗ് സുരക്ഷിതം ആക്കാം (അജു വാരിക്കാട്)

Published on 22 November, 2020
ജാഗ്രത പാലിക്കൂ, താങ്ക്സ് ഗിവിംഗ് സുരക്ഷിതം ആക്കാം (അജു വാരിക്കാട്)
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഏതാണ്ട് ഒരു മില്ല്യൻ പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ താങ്ക്സ് ഗിവിങ് ആഘോഷങ്ങൾ വീടുകൾക്കുള്ളിലേക്ക് ചുരുക്കുന്നതാണ് സുരക്ഷിതം. അതായത് പുറത്തുനിന്നുള്ള ഉള്ള ആരും ഈ താങ്ക്സ് ഗിവിങ് ആഘോഷങ്ങളുടെ ഭാഗമാകാതെ ഇരിക്കുന്നതാണ് ഉത്തമം. കൂടെ  താമസിക്കാത്ത കുടുംബാംഗങ്ങളോടും കൂട്ടുകാരോടും ഒപ്പമുള്ള ആഘോഷ പരിപാടികൾ കോവിഡ് പടരുന്നതിന് കാരണമാകും എന്നാണ് സി ഡി സി യുടെ വിലയിരുത്തൽ . സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഈ വർഷത്തെ താങ്ക്സ് ഗിവിംഗ് സുരക്ഷിതമായി ആഘോഷിക്കേണ്ടതിന് പല  മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

യാത്ര
യാത്രകൾ കോവിഡ് പടരുന്നതിനും പ്രചരിപ്പിന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നു. നിങ്ങളെയും വീട്ടുകാരെയും സുരക്ഷിതമാക്കാനുള്ള മാർഗം, യാത്രകൾ നീട്ടിവെക്കുകയോ താൽക്കാലികമായി മാറ്റി വയ്ക്കുകയോ ചെയ്യുന്നതായിരിക്കും.
ഇനി അഥവാ യാത്ര ചെയ്യേണ്ട സാഹചര്യം ആണെങ്കിൽ ചില ചോദ്യങ്ങൾ നിങ്ങളോട് തന്നെ നിങ്ങൾ ചോദിക്കേണ്ടത് ആവശ്യമാണ്.
നിങ്ങളോ നിങ്ങൾ ചെന്നു കയറുന്ന വീട്ടിലൊ ആരെങ്കിലും അസുഖം വരാൻ സാധ്യതയുള്ള ഒരാൾ ആണോ?
നിങ്ങളുടെ സ്ഥലത്തോ നിങ്ങൾ പോകുന്ന സ്ഥലത്തോ കേസുകൾ കൂടുതൽ ആകുന്നുണ്ടോ? (സി ഡി സിയുടെ ഡേറ്റാ ട്രാക്കർ പരിശോധിക്കുക.)
നിങ്ങളുടെ സ്ഥലത്തോ നിങ്ങൾ പോകുന്ന സ്ഥലത്തോ ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ട് നിറയുന്നുണ്ടോ? (അതാത് സംസ്ഥാനങ്ങളുടെ ആരോഗ്യ ഡിപ്പാർട്ട്മെൻറ് വെബ്സൈറ്റ് സന്ദർശിക്കുക)
നിങ്ങളുടെ സ്ഥലത്തോ നിങ്ങൾ പോകുന്ന സ്ഥലത്തോ എന്തെങ്കിലും തരത്തിലുള്ള യാത്രാ നിയന്ത്രണങ്ങളോ മറ്റും ഉണ്ടോ?
യാത്ര ചെയ്യുന്നതിന് 14 ദിവസത്തിന് മുൻപു മുതൽ നിങ്ങളോടൊപ്പം താമസിക്കാത്ത ആളുകളുമായി അടുത്ത സമ്പർക്കം പുലർത്തിയിട്ടുണ്ടോ?
നിങ്ങളുടെ യാത്ര മറ്റുള്ള യാത്രക്കാരുമായി ആറടി അകലം പാലിക്കാൻ സാധിക്കാത്ത വിമാനത്തിലൊ ബസ്സിലോ ട്രെയിനിലോ ആണോ?
നിങ്ങളോടൊപ്പം താമസിക്കാത്ത ആളുകളുമായി ആണോ നിങ്ങളുടെ യാത്ര?

മുകളിൽ കൊടുത്ത ചോദ്യങ്ങൾക്കെല്ലാം ഉത്തരം "അതെ" എന്നാണെങ്കിൽ നിങ്ങളുടെ യാത്ര മാറ്റിവയ്ക്കുകയൊ നിങ്ങളുടെ ആഘോഷങ്ങൾ  വെർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റുകയോ ചെയ്യുന്നതാണ് ഉത്തമം.

താങ്ക്സ്ഗിവിംഗ് ആഘോഷങ്ങളുടെ ഭാഗമായുള്ള നിങ്ങളുടെ യാത്രയും അതിലെ അപകടങ്ങളെ കുറിച്ചുള്ള ഗൗരവവും നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി പങ്കു വയ്ക്കുക.

ഇനി അഥവാ യാത്ര ചെയ്തേ മതിയാകൂ എന്നാണെങ്കിൽ
യാത്രക്ക് മുൻപ് ഫ്ലൂ വാക്സിൻ എടുക്കുക.
എല്ലായ്പ്പോഴും മാസ്ക് ധരിക്കുക.
ആവുന്ന വിധം മറ്റുള്ളവരുമായി ആറടി അകലം എങ്കിലും പാലിക്കുക.
കൈകൾ കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുക.
മറ്റ് പ്രതലങ്ങളിൽ തൊട്ടതിനുശേഷം നിങ്ങളുടെ കൈകൾ നിങ്ങളുടെ മുഖത്തോ മാസ്ക്കിലോ തൊടാതെ ഇരിക്കുക.
അത്യാവശ്യം വേണ്ട മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും അധികം കരുതുക.

താങ്ക്സ് ഗിവിങ് ഒത്തുചേരൽ നടത്തുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാൻ ശ്രമിക്കുക.

കഴിവുള്ളിടത്തോളം എല്ലാ ഒത്തുചേരലുകളും വീടിന് പുറത്താണ് നല്ലത്.  
മാസ്ക്കുകൾ ധരിച്ചു ആറടി അകലത്തിൽ നിൽക്കാൻ പാകത്തിൽ ചുരുക്കം അതിഥികളെ മാത്രം ക്ഷണിക്കുക.
അതിഥികൾ വരുന്നതിനു മുമ്പ് മുൻകൂട്ടി അവരോട് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ നിർബന്ധം അറിയിക്കുക.
ഒത്തുചേരലുകൾ വീടിനുള്ളിൽ ആണെങ്കിൽ ജനലുകളും കതകുകളും തുറന്നിടുക .
വായു പുറത്തേക്ക് പോകത്തക്ക രീതിയിൽ ഫാൻ ക്രമീകരിക്കുക.
ഭക്ഷണം വിളമ്പുമ്പോൾ അത് ഒരാൾ മാത്രം ചെയ്യുവാൻ ശ്രമിക്കുക.
എല്ലാവരും കൂടി പരസ്പരം ഭക്ഷണം വിളമ്പാതിരിക്കാൻ ശ്രദ്ധിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക