Image

തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ കോവിഡ് രണ്ടാംവരവ് ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

Published on 22 November, 2020
തിരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍ കോവിഡ് രണ്ടാംവരവ് ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. നിലവില്‍ രോഗികളുടെ എണ്ണം കുറയുകയാണെങ്കിലും രോഗത്തിന്റെ രണ്ടാംവരവ് ഏതുസമയത്തും ഉണ്ടാകാം. സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരുമടക്കം എല്ലാവരും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചാലേ ഇതിന്റെ തീവ്രത കുറയ്ക്കാനാകൂവെന്ന് കേരള സാമൂഹിക സുരക്ഷാമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറഞ്ഞു.

കേരളത്തില്‍ ഒക്ടോബര്‍ 17 മുതലുള്ള ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്പോഴാണ് രോഗികളുടെ നിരക്കില്‍ കുറവുകാണുന്നത്. അടുത്തദിവസങ്ങളിലായി രോഗവ്യാപനത്തിന്റെ ഗ്രാഫ് നിരപ്പിലെത്തുകയും പിന്നീട് കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗ്രാഫ് താഴേക്കുപോകുന്നതിനുമുന്‍പേ രണ്ടാംവരവിന്റെ സാധ്യതയാണ് കാണുന്നത്.

ഡല്‍ഹിയില്‍ കോവിഡിന്റെ രണ്ടാംവരവ് കേരളത്തിനുള്ള മുന്നറിയിപ്പാണ്. യൂറോപ്പിലും മറ്റും കോവിഡിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ തമ്മില്‍ മൂന്നുനാലുമാസത്തെ ഇടവേള ഉണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ ആ സാവകാശം കിട്ടിയില്ല.

കോവിഡ് കാല മുന്‍കരുതലുകളെപ്പറ്റി വിവിധതലങ്ങളില്‍ ബോധവത്കരണം നടത്തിയിട്ടും തിരഞ്ഞെടുപ്പുരംഗത്ത് ഇതൊന്നും പാലിക്കുന്നില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രവര്‍ത്തകര്‍ മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വീടുകള്‍ക്കുള്ളിലേക്ക് പ്രവേശിക്കാതിരിക്കുക, കൈ കൊടുക്കുകയും പ്രായമായവരെയും മറ്റും സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്യാതിരിക്കുക, കുട്ടികളെ എടുക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധവേണം.

വരുംദിവസങ്ങളില്‍ സര്‍ക്കാര്‍തലത്തിലെ നിയന്ത്രണങ്ങളില്‍ അയവുവരാനും ഇടയുണ്ട്. ഉദ്യോഗസ്ഥരും പോലീസും തിരഞ്ഞെടുപ്പ് തിരക്കുകളിലായിരിക്കും. ഇതും രോഗവ്യാപനം കൂട്ടിയേക്കും.

കേരളത്തില്‍ ഇതുവരെ 5,51,669 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 1997 പേര്‍ മരിച്ചു. നിലവില്‍ 66856 രോഗബാധിതരാണുള്ളത്. ഈ ആഴ്ചത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9.91 ശതമാനമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക