Image

മഹാമാരിയുടെ നിഴലിലും പ്രൗഢിക്ക് മങ്ങലേല്‍ക്കാതെ; ജി 20 ഉച്ചകോടിക്ക് റിയാദില്‍ തുടക്കം

Published on 21 November, 2020
 മഹാമാരിയുടെ നിഴലിലും പ്രൗഢിക്ക് മങ്ങലേല്‍ക്കാതെ; ജി 20 ഉച്ചകോടിക്ക് റിയാദില്‍ തുടക്കം


റിയാദ്: ജി 20 അംഗരാജ്യങ്ങളുടെ പതിനഞ്ചാമത് ഉച്ചകോടി ശനിയാഴ്ച റിയാദില്‍ ആരംഭിക്കും. കോവിഡ് 19 മഹാമാരിയുടെ നിഴലില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായി വിര്‍ച്വല്‍ പ്ലാറ്റഫോമിലാണ് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയുടെ എല്ലാ കൂടിക്കാഴ്ചകളും യോഗങ്ങളും നടക്കുക.

ലോകരാജ്യങ്ങള്‍ മഹാമാരിയുടെ പിടിയിലമര്‍ന്നതോടെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച നേരിടുന്ന അവസരത്തില്‍ ജി 20 കൂട്ടായ്മക്ക് വലിയ ഉത്തരവാദിത്വമാണ് നിര്‍വഹിക്കാനുള്ളത് എന്നതുകൊണ്ട് ഏറെ പ്രാധാന്യത്തോടെയാണ് സാമ്പത്തിക നിരീക്ഷകര്‍ ഈ ഉച്ചകോടിയെ നോക്കിക്കാണുന്നത്. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ അതിഥി രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനാ നേതാക്കളും സംബന്ധിക്കും.

കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ വിഷയങ്ങളില്‍ സംഘടന നടത്തിയ യോഗങ്ങളിലും ചര്‍ച്ചകളിലും ഉരുത്തിരിഞ്ഞു വന്ന നടപടികള്‍ക്കും നിലവിലെ സാമ്പത്തിക സാമൂഹ്യ വെല്ലുവിളികളെ നേരിടാനുള്ള നിര്‍ദ്ദേശങ്ങള്‍ക്കും ഉച്ചകോടി അംഗീകാരം നല്‍കും.

കോവിഡാനന്തര ലോകത്ത് കൂടുതല്‍ സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക അടിത്തറ രൂപപ്പെടുത്തുന്നതിനുള്ള പാക്കേജ് ജി 20 ഉച്ചകോടിയില്‍ ഉരുത്തിരിയുമെന്ന് അംഗരാജ്യങ്ങളുടെ തലവന്മാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയടക്കമുള്ള അംഗരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ഉടനെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സല്‍മാന്‍ രാജാവ് പ്രത്യേക അസാധാരണ ഉച്ചകോടി വിളിച്ചു ചേര്‍ത്തിരുന്നു. ഒരേ അധ്യക്ഷന്റെ കീഴില്‍ രണ്ടു തവണ ജി 20 ഉച്ചകോടി നടക്കുന്നത് ഇതാദ്യമാണ്.

19 അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും അംഗമായുള്ള ജി 20 യുടെ പതിനാലാമത് ഉച്ചകോടി ഒസാക്കയിലാണ് നടന്നത്. സൗദി അറേബ്യക്ക് ശേഷം അധ്യക്ഷ പദവിയിലെത്തുന്ന ഇറ്റലിയിലായിരിക്കും അടുത്ത വാര്‍ഷിക സമ്മേളനം നടക്കുക.

ജി 20 ഉച്ചകോടിക്കായി സൗദി അറേബ്യയില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നിരുന്നത്. ലോകനേതാക്കളെ സ്വീകരിക്കുന്നതിനായി റിയാദിലെ ഹോട്ടലുകളും കോണ്‍ഫറന്‍സ് ഹാളുകളും മികച്ച സജ്ജീകരങ്ങള്‍ ഒരുക്കി കാത്തിരിക്കുന്നതിനിടെയാണ് കൊവിഡ് മഹാമാരി ലോകത്ത് പടര്‍ന്ന് പിടിക്കുന്നത്. അടുത്തകാലത്ത് സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ നടന്ന സാമൂഹ്യ പരിഷ്‌കരണ നടപടികള്‍ ജി 20 ഉച്ചകോടിയെ കൂടുതല്‍ വര്‍ണാഭമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ജി 20 അംഗരാജ്യങ്ങളുടെ പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളുമായി നിരവധി ലോകനേതാക്കള്‍ വിര്‍ച്യുല്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. അവസാന നിമിഷം യുഎസ് പ്രസിഡന്റ് ട്രംപും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക