Image

ബൈലൈൻ: പത്രപ്രവർത്തകർക്ക് അക്ഷര സ്മാരകമൊരുക്കി സഹപ്രവർത്തകർ

Published on 20 November, 2020
ബൈലൈൻ: പത്രപ്രവർത്തകർക്ക് അക്ഷര സ്മാരകമൊരുക്കി സഹപ്രവർത്തകർ
കേരളത്തിലെ പത്രപ്രവർത്തന രംഗത്ത്  വലിയ സംഭാവനകൾ അർപ്പിച്ച് കാലയവനികക്കുള്ളിൽ മറഞ്ഞ പത്രപ്രവർത്തകരുടെ ജീവിതവും സംഭാവനകളും വിലയിരുത്തിക്കൊണ്ട് മലയാള മനോരമയിലെ സഹപ്രവർത്തകർ  ഒരുക്കിയ അക്ഷരസ്മാരകമാണ് ബൈലൈൻ-ഓർമ്മയിലെ പഴയ താളുകൾ.

ഒലിവ് പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച 264  പേജുള്ള പുസ്തകത്തിന്റെ ഉള്ളടക്കം   ഒരു കാലഘട്ടത്തിന്റെ, പ്രത്യേകിച്ച് പ്രിന്റ് മീഡിയയുടെ സുവർണ കാലത്തിന്റെ, നേർ രേഖയാണ്. സ്വതന്ത്ര്യാനന്തര  കേരളത്തിൽ മനോരമ കൈവരിച്ച് സമുന്നത സ്ഥാനവും  അതിനു വഴിയൊരുക്കിയ മഹാരഥരായ മാധ്യമപ്രവർത്തകരുമാണ് ഈ പുസ്തകത്തിൽ പുനർജനിക്കുന്നത്. മാധ്യമ പ്രവർത്തകർക്ക് ഇതൊരു പാഠപുസ്തകമെങ്കിൽ സാധാരണ വായനക്കാർക്ക് ജീവിതഗന്ധിയായ കഥകളുടെ നേർക്കാഴ്ചയാണ്  

'മൺമറഞ്ഞ സഹപ്രവർത്തകർക്കുള്ള സ്നേഹാഞ്ജലിയാണ് ഈ ഓർമക്കുറിപ്പുകൾ. സഹപ്രവർത്തകർക്കുവേണ്ടി രചിച്ച പുസ്തകങ്ങൾ വേറെയും ഉണ്ടാകാം. പക്ഷേ, സഹപ്രവർത്തകരുടെ കൂട്ടായ്മ ഒരുമിച്ചെഴുതി പ്രസിദ്ധീകരിക്കുന്ന ഓർമപ്പുസ്തകം ഇത് ആദ്യമായിട്ടായിരിക്കണം. 'ഇങ്ങനെ ഒരു പുസ്തകത്തെക്കുറിച്ചുള്ള എന്റെ ആശയം പങ്കുവച്ചപ്പോൾ ലഭിച്ച ആവേശവും സഹകരണവുമാണ് ഈ ഉദ്യമം സഫലമാക്കിയത്,' പ്രസാധകനായ ആന്റണി കണയംപ്ലാക്കൽ ആമുഖത്തിൽ എഴുതി.

'മലയാള മനോരമയിലെ എന്റെ സഹപ്രവർത്തകരുടെ പരസ്പരസ്നേഹത്തിന്റെയും സഹകരണത്തിന്റെയും ആഴവും പരപ്പും മറക്കാനാവാത്തതാണ്. ആ ഒത്തൊരുമ ഇപ്പോഴും തുടരുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. 

'എഴുതപ്പെട്ടവരും എഴുതിയവരും ഒരുപോലെ വലിയ സംഭാവനകൾ അർപ്പിച്ചവരും കാലഘട്ടത്തിന്റെ പ്രതിനിധികളുമാണെന്നത് ഈ ഉദ്യമത്തിന്റെ പ്രസക്തി കൂട്ടുന്നു.

പുതുതലമുറയിലെ മാധ്യമപ്രവർത്തകരുടെയും എക്കാലത്തെയും മാധ്യമ വിദ്യാർഥികളുടെയും അറിവിലേക്കായി പഴയകാല പത്രപ്രവർത്തകരുടെ നേട്ടങ്ങളും ത്യാഗങ്ങളും സംഭാവനകളും അവർ മുന്നോട്ടുവച്ച നൂതന ആശയങ്ങളും മാധ്യമ വിപണ രംഗത്തിനു നൽകിയ ഉത്തേജനവും എല്ലാം അടയാളപ്പെടുത്തുക എന്ന ചരിത്രദൗത്യത്തിന്റെ പ്രതിഫലനമാണ് ഈ പുസ്തകം...' അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

മനോരമയുടെയും ദ് വീക്കിന്റെയും ദൽഹി ബ്യുറോ ചീഫും പിന്നീട് മാതൃഭൂമി പത്രാധിപരുമായ കെ. ഗോപാലകൃഷ്ണനും അവതാരികയിൽ ഇക്കാര്യങ്ങൾ അക്കമിട്ടു ചുണ്ടിക്കാട്ടിയിരിക്കുന്നു: 'ദശാബ്ദങ്ങളായി കേരളത്തിലെ ജനജീവിതത്തിൽ മലയാള മനോരമ പോലെ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു പ്രസ്ഥാനവുമില്ലെന്നു പൊതുവെ കണക്കാക്കപ്പെടുന്നു.

'ഈ ഔന്നത്യം മനോരമ കൈവരിച്ചതിനു രണ്ടു കാരണങ്ങളുമുണ്ട്. മാനേജ്‌മെന്റിന്റെ ദീർഘവീക്ഷണവും മികവുമാണ് ഒന്ന്. രണ്ടാമത്തേത് അവിടെ ജോലി ചെയ്തവരുടെ കർമകുശലതയും അർപ്പണബോധവും.

'പുനഃപ്രസിദ്ധീകരണത്തിനുശേഷം ഏഴു പതിറ്റാണ്ടു കഴിഞ്ഞിട്ടും മനോരമ മുന്നിൽതന്നെ നിൽക്കുന്നു എങ്കിൽ അതിനർഥം അവിടെ പ്രവർത്തിച്ചവരൊക്കെ മികവും അർപ്പണബോധവും ഉള്ളവരായിരുന്നു എന്നുതന്നെയാണ്. അങ്ങനെ മികവിന്റെ പര്യായമായി മാറി കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ഒരുപറ്റം പത്രാധിപസമിതി അംഗങ്ങളുടെ കർമകാണ്ഡത്തിലേക്കുള്ള എത്തിനോട്ടമാണ് ഈ പുസ്തകം.

'ഒരാൾ എത്രവർഷം മഹത്തരമായി ജോലിചെയ്താലും കളം വിടുന്നതോടെ അയാൾ വിസ്മൃതിയുടെ ആഴങ്ങളിലേയ്ക്കു താഴ്ന്നുപോകും. പിന്നാലെ വരുന്നവർക്ക് അയാൾ അപ്രസക്തനായിത്തീരുകയും ചെയ്യും. അതുണ്ടാവാതിരിക്കാൻ വേണ്ടിയാണു  ഏതാനും സഹപ്രവർത്തകരുടെ ജീവിതം അടയാളപ്പെടുത്തണമെന്നു മനോരമയിൽ നിന്നു വിരമിച്ച ചില സുഹൃത്തുക്കൾ കൂട്ടായി തീരുമാനിച്ചത്. അവരുടെ സുനിശ്ചയത്തിന്റെ ഫലമാണ് ഈ പുസ്തകം.

'പത്രപ്രവർത്തനത്തിനു േവണ്ടി മുൻതലമുറ എത്രമാത്രം ത്യാഗങ്ങളും പരിശ്രമങ്ങളും നടത്തി എന്ന് ഇതു വായിക്കുമ്പോൾ വ്യക്തമാകും. അതിനാൽ ഇത് ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലാണ്, ഏതാനും പ്രഗത്ഭമതികളുടെ ജീവചരിത്രമാണ്, മലയാള മനോരമയുടെ വിജയകഥയുമാണ്. മാധ്യമരംഗത്തത്തേയ്ക്ക് കാലെടുത്തു വയ്ക്കുന്നവർക്കും മാധ്യമരംഗവുമായി ബന്ധമില്ലാത്തവർക്കും ഒരുപോലെ ആസ്വാദ്യകരവും ജീവിതഗന്ധിയുമാണ് ഇതിലെ പ്രതിപാദ്യങ്ങൾ....'

മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ എഴുതിയ ആസ്വാദനത്തിലും ഇത് സമയോചിതമായ സാംസ്കാരിക ദൗത്യം എന്ന് വിശേഷിപ്പിക്കുന്നു.

കാലം മറക്കാത്ത പ്രതിഭകളും അവരെപ്പറ്റി എഴുതിയവരും

1  കെ ആര്‍ ചുമ്മാര്‍ (തോമസ് ജേക്കബ്)
2  ടി വി ആര്‍ ഷേണോയ് (സെബാസ്റ്റ്യന്‍ ജോസഫ്)
3  ടി നാരായണന്‍ (എം ബാലഗോപാലന്‍)
4  മൂര്‍ക്കോത്ത് കുഞ്ഞപ്പ (കെ അബൂബക്കര്‍)
5  ബാബു ചെങ്ങന്നൂര്‍ (മാത്യു ശങ്കരത്തില്‍)
6  വി കെ ബി നായര്‍ (ക്രിസ് തോമസ്)
7  ടി. കെ. ജി. നായര്‍ (കെ.എഫ്. ജോര്‍ജ്)
8  ജോയ് ശാസ്താംപടിക്കല്‍ (സെബാസ്റ്റ്യന്‍ ജോസഫ്)
9  ഐസക്ക് അറക്കല്‍ (എം ബാബുരാജ്)
10 മാത്യു മണിമല (റോമി മാത്യു)
11 പുത്തൂര്‍ മുഹമ്മദ് (സുഗുണന്‍ അഴീക്കോട്)
12 കെ അരവിന്ദന്‍ (ആന്റണി കണയംപ്ലാക്കല്‍)
13 ശാന്ത അരവിന്ദന്‍
14 വിക്ടര്‍ ജോര്‍ജ് (കെ എന്‍ ആര്‍ നമ്പൂതിരി)
15 കടവനാട് കുട്ടികൃഷ്ണന്‍ (പി ദാമോദരന്‍)
16 എം കെ വര്‍ഗ്ഗീസ്  (ജോര്‍ജ് ജോസഫ്)
17 സി ഐ ഗോപിനാഥ് (സെബാസ്റ്റ്യന്‍ ജോസഫ്)
18 ജോയ് തിരുമൂലപുരം (കുര്യന്‍ പാമ്പാടി)
19  അന്നമ്മ മാത്യു ജോയി

പുസ്തകം ഒലിവ് പബ്ലിക്കേഷനിൽ നിന്ന് ഓൺലൈനിൽ വാങ്ങാം. വില 266 രൂപ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക