Image

കാന്താരപ്രസ്ഥം (കവിത: മായാ കൃഷ്ണൻ)

Published on 19 November, 2020
കാന്താരപ്രസ്ഥം (കവിത: മായാ കൃഷ്ണൻ)
പ്രിയനേ...
നോക്കൂ...
ആ വീടിന് വാതിലുകളുണ്ടാവുകയില്ല ;
ഉണ്ടാക്കുകയില്ല.. എന്തെന്നോ...
ഒരിക്കൽപ്പോലും ആ വീട് അടച്ചിടാൻ
എനിക്ക് തോന്നലുണ്ടാവരുത്..
വെള്ളാരങ്കല്ലുകൾ അടുക്കിയടുക്കിവെച്ചാവും
ഞാനാ വീടിന് ചുമരുകൾ പടുക്കുക..
വെള്ളാരങ്കൽച്ചുമരിൽത്തട്ടിത്തെറിച്ച്
കിരണങ്ങൾ സ്വന്തം കണ്ണിലേക്കുതന്നെ
പ്രതിഫലിക്കുമ്പോൾ സൂര്യൻ
പ്രണയത്തോടെ എന്നെ നോക്കും..
തികച്ചും നിർമ്മലമായി അപ്പോഴൊന്നു
ചിരിക്കണമെനിക്ക്...
നേർത്ത സ്ഫടികച്ചീളുകളാലാവും
എന്റെ കാന്താരതാരകത്തിനു
മേൽക്കൂര പണിയുക !!ഹാ !!
നീയൊന്ന് സങ്കൽപ്പിക്കൂ,
നക്ഷത്രവാനവും മഞ്ഞുടയാട പുതച്ച
കാറ്റും മഴനൂലുടുപ്പിട്ട കാനനകന്യയും
എന്റെ വീടിന്റെ മേൽക്കൂരയിൽ
പറന്നിറങ്ങുന്നത് ;കണ്ണുതുറന്നുറങ്ങുന്ന
എന്നോട് വാനപ്രസ്ഥകഥനങ്ങൾ ചെയ്യുന്നത്...
വെൺകളി തേച്ചു പിടിപ്പിച്ച വെറും
നിലത്തേ ഞാൻ കിടക്കൂ, ഉറപ്പ് !!
ഒരു നീണ്ട ആയുസ്സ് മുഴുവൻ
കിടക്കച്ചൂടിനാൽ പൊള്ളിയുരുകിയ
ദേഹത്തെ ഒട്ടൊന്ന് തണുപ്പിക്കണമെനിക്ക്
പ്രിയനേ...  മറ്റൊരു മനുഷ്യനും
വഴിയറിയാത്തൊരു വനസ്ഥലിയിലാവും
എന്റെയാ സ്വപ്‌നവീട്‌ !!
ചുവന്ന കേസരങ്ങളോടുകൂടിയ
വെളുത്തപൂക്കൾ, പല വലിപ്പത്തിലും
ആകൃതിയിലും നിറഞ്ഞുപൂക്കുന്ന
മരങ്ങളാൽ ചൂഴപ്പെട്ട വീട് !!പ്രാക്കളും
തത്തകളും മയിലുകളും മുയലുകളും
പുലികളും ഒരുമിച്ചെന്റെ മണൽമുറ്റത്ത് മേഞ്ഞു
നീങ്ങുന്നതിനെപ്പറ്റി നിനക്ക്
സങ്കല്പിക്കാനാവുമോ?
 നീ ചോദിക്കാത്തതെന്ത്,
എന്റെ കാന്താരഗേഹത്തിൽ ശല്യക്കാരായ
ആരുമുണ്ടാവില്ലേയെന്ന്?
നിന്നോട് മാത്രം പറയാം...
അവിടെ കൊതുകുകളുണ്ടാവും ;
വണ്ണം കുറഞ്ഞ ചെടിത്തണ്ടുകളിൽനിന്ന്
വിശപ്പുതീരാൻമാത്രം നീരുവലിച്ചുകുടിച്ച്
മൂളിപ്പാട്ടുപാടി ഊഞ്ഞാലാടുന്ന
കൊതുകുകൾ !!അവിടെ ഈച്ചകളുണ്ടാവും;
പൂക്കളെ ഒട്ടും വേദനിപ്പിക്കാതെ
തേൻ വലിച്ചുകുടിച്ച്, ശലഭങ്ങളോടൊപ്പം
പറക്കൽമത്സരത്തിലേർപ്പെടുന്ന ഈച്ചകൾ !!
അവിടെ പാമ്പുകളുമുണ്ടാവും ;
വെളുവെളാപഴങ്ങളുടെ മാധുര്യമുറിഞ്ചി,
വെള്ളപ്പീലിക്കാരായ മയിലുകളോടൊപ്പം
നൃത്തമാടുന്ന പാമ്പുകൾ.. !!
നീയെങ്ങനെയാണ് വിശ്വസിക്കുക,
വെള്ളപ്പുലിക്കുട്ടികളോടൊപ്പമാണ്
ഞാൻ നിത്യവും നീരാടാൻ പോവുക
എന്നുപറഞ്ഞാൽ, അല്ലേ !!
സമുദ്രംപോലെപരന്നുകിടക്കുന്നൊരു
പുഴയാണെന്റെ മണൽമുറ്റത്തിനപ്പുറം !!
തിരകളില്ലാത്ത, ക്ഷോഭങ്ങളില്ലാത്ത,
വെള്ളപ്പത പാട്ടുപാടുന്ന പുഴ...
തീർച്ചയായും എന്റെ ആഹ്ലാദത്തിനും
വെളുപ്പായിരിക്കുമപ്പോൾ
നിറം  ! നിനക്കറിയാമോ?
ഒറ്റത്തവണ മുങ്ങിനീർന്നാൽ മുടിമുഴുവൻ
വെളുപ്പാക്കാൻ കഴിവുള്ള,
ജരയെ  മൃതയാക്കാൻ കഴിവുള്ള
ആ പുഴയ്ക്ക് സ്വപ്നവേഗയെന്നാണ് പേര്..
എന്റെ പ്രിയനേ.. പ്രിയമായതെല്ലാമുപേക്ഷിച്ച്,
പ്രിയതമമായൊരു സ്വപ്നഗേഹം
തേടിയുള്ള യാത്രാന്ത്യത്തിലാവും
ഞാനാ കാന്താരഗേഹത്തിലെത്തുക !!
ഈ ജന്മത്തിലെ എന്റെ ഏറ്റവുംവലിയ
പ്രിയത നീയായതിനാൽ.....
നിന്നെ ഞാൻകൂടെകൂട്ടുകില്ല.....  കൂടെകൂട്ടുകില്ല...
അഥവാ.. എന്റെയാ മനോജ്ഞ
സ്വപ്‌നസ്ഥലിയിൽ ഭാഷക്ക്, വികാരങ്ങൾക്ക്
ചിന്തകൾക്ക്, വിശപ്പിന്..... ഇടമില്ലെടോ...
നീയെന്റെ ഭാഷയായതിനാൽ,
വികാരങ്ങളായതിനാൽ, ഏകചിന്തയായതിനാൽ,
തീരാവിശപ്പായതിനാൽ......
എന്റെ സ്വപ്നകാന്താരഗേഹത്തിലേക്ക്
നിന്നെ ഞാൻ കൂട്ടുകയേയില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക