Image

തദ്ദേശ തെരഞ്ഞെടുപ്പ്; കുവൈത്ത് കെഎംസിസി സെക്രട്ടറി സിറാജ് എരഞ്ഞിക്കലടക്കമുള്ള നേതാക്കള്‍ മത്സര രംഗത്ത്

Published on 19 November, 2020
 തദ്ദേശ തെരഞ്ഞെടുപ്പ്; കുവൈത്ത് കെഎംസിസി സെക്രട്ടറി സിറാജ് എരഞ്ഞിക്കലടക്കമുള്ള നേതാക്കള്‍ മത്സര രംഗത്ത്


കുവൈറ്റ് സിറ്റി: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കുവൈത്ത് കെഎംസിസി നേതാവ് സിറാജ് എരഞ്ഞിക്കലടക്കമുള്ള നിരവധി നേതാക്കളും അംഗങ്ങളും മത്സര രംഗത്ത്. മുന്‍ ജനറല്‍ സെക്രട്ടറിയും നിലവില്‍ സെക്രട്ടറിയുമായ സിറാജ് എരഞ്ഞിക്കല്‍ കോഴിക്കോട് കോര്‍പറേഷനിലെ നാലാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. സിറാജിനു കെട്ടിവയ്ക്കാനുള്ള തുക കുവൈത്ത് കെഎംസിസിയാണ് നല്‍കിയത്.

മുന്‍ കേന്ദ്ര പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം നീലേശ്വരം നഗരസഭയിലേക്ക് 22-ാം വാര്‍ഡില്‍നിന്ന് മത്സരിക്കുന്നു. തവനൂര്‍ മണ്ഡലം ആര്‍ട്‌സ് വിംഗ് കണ്‍വീനര്‍ അക്ബര്‍ പനച്ചിക്കല്‍ വട്ടകുളം പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ജനവിധി തേടുന്നു.

കുവൈത്ത് കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് നജീബ് ടി.എസ്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒളവറ ഡിവിഷനിലെ യുഡിഎഫ്.സാരഥിയാണ്.

കാഞ്ഞങ്ങാട് മണ്ഡലം അംഗം ഇബ്രാഹിം ആവിക്കല്‍ അജാനൂര്‍ പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ നിന്നും ജനവിധി തേടുന്നു. പട്ടുവം പഞ്ചായത്ത് 8-ാം വാര്‍ഡില്‍ നിന്നും മുന്‍ അബാസിയ ബ്രാഞ്ച് കമ്മിറ്റിയംഗം കെ.നാസറും ഒന്നാം വാര്‍ഡില്‍ മുന്‍ സല്‍വ യൂണിറ്റ് പ്രസിഡന്റ് കെ.കെ.മുത്തലിബും യുഡിഎഫ് സ്ഥാനാര്‍ഥികളായി ജനവിധി തേടുന്നു.

മുസ് ലിം ലീഗിന് വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിവിധ ഘടകങ്ങളില്‍ കുവൈത്ത് കെഎംസിസിക്ക് അവസരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും.

നാട്ടിലുള്ള മുഴുവന്‍ കെഎംസിസി പ്രവര്‍ത്തകരും മുസ്ലിം ലീഗിന്റേയും യുഡിഎഫിന്റേയും വിജയത്തിനായി രംഗത്തിറങ്ങണമെന്ന് കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്തും ജനറല്‍ സെക്രട്ടറി എം.കെ.അബ്ദുല്‍ റസാഖ് പേരാമ്പ്രയും ആഹ്വാനം ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക