Image

ഭാരതം തിരിഞ്ഞുനടക്കുന്നോ പഴയ ഇരുട്ടിലേക്ക്...(ഉയരുന്ന ശബ്ദം-17: ജോളി അടിമത്ര)

Published on 19 November, 2020
 ഭാരതം തിരിഞ്ഞുനടക്കുന്നോ പഴയ ഇരുട്ടിലേക്ക്...(ഉയരുന്ന ശബ്ദം-17: ജോളി അടിമത്ര)
വൈകാതെ താന്‍ ഗര്‍ഭവതിയാകുന്നതും 10 മാസം കഴിഞ്ഞ് ഒരുണ്ണി പിറക്കുന്നതും മുറ്റത്ത് പിച്ചവയ്ക്കുന്നതും സ്വപ്‌നം കണ്ടാവണം ദീപാവലി രാവില്‍ ആ യുവതി കഴിച്ചുകൂട്ടിയത്.പക്ഷേ അതിനുള്ള തയ്യാറെടെുപ്പ്  ഭയാനകമായിപ്പോയി..തന്റെ വീട്ടിലെ ഇരുളില്‍ ദീപം കൊളുത്താന്‍ മറ്റൊരു വീടിനെ എന്നേക്കും അന്ധകാരത്തിലേക്കു തള്ളിയിടുക..സമ്മാനം കിട്ടുന്ന പടക്കം കൊതിച്ച് ബന്ധുക്കളായ യുവാക്കളുടെ പിന്നാലെ പോയപ്പോള്‍ ആ കുഞ്ഞ് പൂത്തിരിയും മത്താപ്പും പോലെ പൊട്ടിച്ചിരിച്ചിട്ടുണ്ടാവണം.

ഭാരതമെന്നു കേള്‍ക്കുമ്പോള്‍ അഭിമാനപൂരിതമാകണം അന്തരംഗം എന്നു ഇനി പറയരുത്.
ഇന്ത്യ പിറകോട്ടു നടക്കുകയാണ്.വെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് പ്രാകൃതയുഗത്തിലേക്ക് ഏറെദൂരം നാം സഞ്ചരിച്ചു കഴിഞ്ഞു.ആത്മനിന്ദ തോന്നുന്നു.ഇന്ത്യാക്കാര്‍   സംസ്‌കാരചിത്തര്‍ എന്നൊക്കെ മാലോകരോട് വിളിച്ചു കൂവുമ്പോഴും നമ്മുടെ മുഖംമൂടികള്‍ ഇടയ്ക്കിടെ അഴിഞ്ഞു വീഴുകയാണ്.
നരഭോജികളെപ്പറ്റി ധാരാളം നമ്മള്‍ കേട്ടിട്ടുണ്ട്്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലും ആന്‍ഡമാന്‍ ദ്വീപുകളിലും അവര്‍ പാര്‍ത്തിരുന്ന കഥകളൊക്കെ കേട്ടറിവുകളാണ്.അവരൊക്കെ കാടന്‍മാരും അപരിഷ്‌കൃതരുമെന്നു നമ്മള്‍ വിശ്വസിച്ചു.കാരണം നമ്മളൊക്കെ വലിയ പരിഷ്‌കാരികളാണല്ലോ..! പക്ഷേ,ഒരു കുഞ്ഞുണ്ടാകാന്‍ മറ്റാരുടെയോ പെണ്‍കുഞ്ഞിന്റെ കരള്‍ പച്ചയ്ക്കുസേവിക്കണമെന്ന അന്ധവിശ്വാസികളുടെ  നാടിനെ നാമെന്തു വിളിക്കും.സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ' മിഷന്‍ ശക്തി '  പദ്ധതി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കുന്നതിനിടയിലാണ് ദീപാവലി രാത്രിയിലെ ഈ ക്രൂരത.  ദിവസേന കേള്‍ക്കുന്ന നെഞ്ചു പിളര്‍ക്കുന്ന എത്രയെത്ര സംഭവങ്ങള്‍.അമ്മയ്‌ക്കൊപ്പം പുല്ലരിഞ്ഞുകൊണ്ടിരുന്ന പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ബലാല്‍സംഗം ചെയ്തു കൊന്ന വാര്‍ത്തയുടെ ഞെട്ടല്‍ മാറുന്നതേയുള്ളു.ദാ,വീണ്ടും അടുത്തത്.കാന്‍പൂരിലെ ഗതംപൂരില്‍  ഭദ്രസ് ഗ്രമാമത്തിലാണ് ഇന്ത്യയെമുഴുവന്‍  ലജജിപ്പിച്ച പുതിയ ക്രൂരത .ദീപാവലിയുടെ ആഹ്‌ളാദം മനസ്സില്‍ തുള്ളിക്കളിക്കുന്നൊരു ഏഴു വയസ്സുകാരി .പടക്കം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ ഏട്ടന്‍മാരെ വിശ്വസിച്ച്  ഒപ്പംപോയ നിഷ്‌കളങ്കത്തം.1500 രൂപയ്ക്കു വേണ്ടി തല്ലിക്കെടുത്തിയ കുരുന്നു ജീവന്‍.ഇരയായ പെണ്‍കുട്ടിയും ക്വട്ടേഷന്‍ നല്‍കിയവരും കൊലപാതകികളും എല്ലാം ബന്ധുക്കളാണ്.
എത്രയോ അനാചാരങ്ങള്‍ നിര്‍ത്തലാക്കി വിപ്‌ളവം ഉണ്ടാക്കിയ നാടാണ് നമ്മുടേത്.പക്ഷേ ഇനിയെന്ത്..?

നഷ്ടപരിഹാരം കൊടുത്തു മുടിയാന്‍ പോകയാണു നമ്മള്‍.ഓരോ പീഡനങ്ങളും ബലാല്‍സംഗങ്ങളും കസ്റ്റഡിമരണങ്ങളും സംഭവിക്കുമ്പോള്‍ പരാതിക്കാരുടെ വായടപ്പിക്കുന്നത് നഷ്ടപരിഹാരം കൊടുത്തുകൊണ്ടാണ്.യുപി സര്‍ക്കാര്‍ അഞ്ചുലക്ഷം  രുപ കുട്ടിയുടെ വീട്ടുകാര്‍ക്ക് നല്‍കിയത്രേ.ഈ തുക മുഴുവന്‍ ഭരിക്കുന്നവരുടെ ആരുടെയും വീട്ടില്‍നിന്നെടുത്തുകൊണ്ടുവരുന്നതല്ല. പൊതു ഖജനാവില്‍നിന്നാണെടുക്കുന്നത്.എന്നു വച്ചാല്‍ പൊതുജനം നല്‍കുന്ന നികുതിപ്പണം.സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നല്‍കിയതുകൊണ്ട് ആ സാധു അച്ഛനമ്മമാരുടെ വായ മൂടിക്കെട്ടാം.വൈകാതെ അടുത്ത കൊലപാതകം വരും.അപ്പോഴും കൊടുക്കണം ലക്ഷങ്ങള്‍.ഇങ്ങനെ നമ്മുടെ ഖജനാവ് മുടുപ്പിക്കാം.ശക്തമായ നിയമ നടപടി ഇല്ലാത്തതാണ് ഇവിടെ ഇത്തരം ദാരുണ സംഭവങ്ങള്‍പെരുകാന്‍ കാരണം.കൊലപാതകത്തിനു തൂക്കിക്കൊല്ലല്‍ തന്നെ ശിക്ഷ ഉണ്ടവണം ,അതും വൈകാതെ നടപ്പാക്കണം.ഇത്തരം കുറ്റവാളികളെ രക്ഷിച്ചെടുത്ത് ക്രിമിനല്‍സംഘത്തിന്  കൂട്ടിക്കൊടുക്കുന്ന നീക്കം അവസാനിപ്പിക്കണം.

മന്ത്രവാദം,കൂടോത്രം...പണ്ടൊക്കെ അറിവില്ലാത്ത കാലത്ത് ജനങ്ങള്‍ പിന്‍തുടര്‍ന്ന അന്ധവിശ്വാസങ്ങളാണിവ.ആഭിചാരക്രിയകള്‍കൊണ്ട് പലതും നേടാന്‍ കഴിയുമെങ്കില്‍ യുദ്ധങ്ങള്‍ ഒഴിവാക്കാന്‍ മന്ത്രവാദികളെ അയച്ചാല്‍ മതിയല്ലോ.ചൈനയക്കും പാക്കിസ്ഥാനുമെതിരെ ഏറ്റുമുട്ടി നമ്മുടെ വീര ജവാന്‍മാരുടെ പ്രാണന്‍ കൈവിട്ടുപോകയില്ലായിരുന്നു.കോടികളുടെ യുദ്ധവിമാനവും യുദ്ധക്കപ്പലുകളും തോക്കുകളും ആധുനിക യുദ്ധോപകരണങ്ങളും വാങ്ങിക്കൂട്ടേണ്ട കാര്യമില്ലല്ലോ. മികവുള്ള കൂടോത്രക്കാരില്‍ പത്തുനൂറുപേരെ അതിര്‍ത്തിയിലിരുത്തി ക്രിയകള്‍ ചെയ്യിച്ചാല്‍ മതിയല്ലോ.കുട്ടികളുണ്ടാവാന്‍ ആഭിചാരം മതിയെങ്കില്‍ മെഡിസിനുപകരം  മന്ത്രവാദം പഠിച്ചാല്‍ മതിയല്ലോ.സമ്പത്തുണ്ടാകാന്‍ ആഭിചാരക്രിയകളുണ്ടെങ്കില്‍ മന്ത്രവാദിയെന്തിനു ഫീസ് വാങ്ങി ആഭിചാരം ചെയ്യണം.  മന്ത്രവാദികളുടെ ഉപദേശം കേട്ട് തകര്‍ന്നുപോയ എത്രയോ കുടുംബങ്ങളുടെ കഥ കേട്ടിട്ടുണ്ട്.ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഇനി ആരാണെടുക്കേണ്ടത്.
ഒരു കുഞ്ഞുണ്ടാവാന്‍ ദമ്പതികള്‍  കൊതിച്ചുപോകുന്നത് സ്വാഭാവികം. അതു പക്ഷേ മറ്റൊരു കുഞ്ഞിന്റെ കരള്‍ പച്ചയ്ക്കു തിന്നാല്‍സംഭവിക്കുമെന്നു പറഞ്ഞ മന്ത്രവാദിയെ എന്തു ചെയ്യണം.അതു വിശ്വസിച്ച് പണം നല്‍കി ഏതെങ്കിലും പെണ്‍കുരുന്നിന്റെ കരളിനായി  ക്വട്ടേഷന്‍ നല്‍കിയ  ആ സ്ത്രീയെയും ഭര്‍ത്താവിനെയും എന്തു ചെയ്യണം?.കുഞ്ഞിനെ തട്ടിയെടുത്തവര്‍ രണ്ടുപേരും കൊല്ലുംമുമ്പ് ബലാല്‍സംഗവും ചെയ്തു.ഏഴുവയസ്സുള്ള ആ കുഞ്ഞ് അനുഭവിച്ച തീവ്രവേദന ചിന്തിക്കാനാവുന്നില്ല.കുഞ്ഞുടല്‍ കുത്തിക്കീറി കരള്‍ ചൂഴ്‌ന്നെടുത്ത് ,കാത്തിരിക്കുന്ന ദമ്പതികള്‍ക്കു നല്‍കി 1500 രൂപയുംവാങ്ങി  പാട്ടുംപാടി ദീപാവലി ആഘോഷത്തിലേക്കു കൂപ്പുകുത്തുന്ന ലാഘവത്തം നമ്മള്‍ക്ക് ചിന്തിക്കാനാവുമോ ?. ബന്ധുവായ കുരുന്നിന്റെ ആ ചൂടുമാറാത്ത കുഞ്ഞിക്കരള്‍ കഴിക്കാന്‍ രുചി തോന്നാത്തതിനാലാവണം ബാക്കി നായകള്‍ക്കിട്ടുകൊടുത്തത് .ഈ ആധുനിക യുഗത്തിലും നമ്മള്‍ക്കെന്താണ് ഇനി ശുഭകരമായി പ്രതീക്ഷിക്കാനുള്ളത് ?.

കണ്ണിനു പകരം കണ്ണ്,പല്ലിനു പകരം പല്ല്.. ആ പഴയ നിയമം ഇവിടെയും നടപ്പാക്കിയിരുന്നെങ്കില്‍ !.
Join WhatsApp News
ഇന്ന് ലോക കക്കൂസു ദിനം. 2020-11-19 18:26:18
കന്നിമൂലയും കക്കൂസും.......November 19 ഇന്ന് ലോക ടോയ്‌ലെറ്റ് ദിനം. അയ്യായിരം വര്ഷങ്ങള്ക്കു മുമ്പ് റോക്കറ്റ്, പരിണാമം, പ്ലാസ്റ്റിക്ക് സർജറി ഒക്കെ നടത്തിയ ഭാരതത്തിൽ ഇന്നും അനേകർ കക്കൂസിൽ പോണത് റെയിൽ പാളത്തിൽ. സാക്ഷരത ഏറിയ കേരളത്തിൽ ഇന്നും കക്കൂസ് ഇല്ലാതെ എത്രയോ വീടുകൾ. കക്കൂസ് പണിയാൻ, കന്നിമൂല നോക്കുമ്പോൾ ഓർക്കേണ്ട ഒരു കാര്യം, ഇതൊക്കെ താളിയോലയിൽ എഴുതിയപ്പോൾ 'കക്കൂസ്' എന്നൊരു ആശയമേ ഉണ്ടായിക്കാണില്ല. അന്നൊക്കെ, കുറ്റിക്കാട്, പാറയുടെ മറവ് ഒക്കെ ആയിരുന്നു കക്കൂസ്. പ്രകൃതിയുടെ വിളി വരുമ്പോൾ, കന്നിമൂല അല്ല, നല്ല മറവുള്ള സ്ഥലം ആയിരിക്കണം ‘വാസ്തുശാത്രം’ എഴുതിയ മഹർഷിമാരും നോക്കിയിരുന്നത്. ഒരു നാല്പത്തഞ്ച് അൻപത് വയസ്സുള്ളവരോട് ചോദിച്ചാൽ അറിയാം, എന്നാണ് വീട്ടിൽ കക്കൂസ് പണിതത് എന്ന്. എന്റെ വീട്ടിൽ കക്കൂസ് പണിതത് എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ ആണ്. അതും വീടിനു പുറത്ത്. പല ബന്ധു വീടുകളിലും കക്കൂസ് വന്നത് പിന്നീട് ഒരു പത്തു വർഷം കൂടി കഴിഞ്ഞതാണ്. ഗവണ്മെന്റ് L.P. സ്കൂളിൽ പഠിക്കുമ്പോൾ, എന്റെ സഹപാഠികളിൽ ഭൂരിഭാഗം പേർക്കും വീട്ടിൽ കക്കൂസ് ഇല്ലായിരുന്നു. ഞങ്ങൾ ഒക്കെ ബാല്യ കാലം, കക്കൂസ് ഒരു ആഡംബരം ആയിരുന്ന കാലത്താണ്. വീടിനകത്ത് കക്കൂസ് എന്ന രീതി വ്യാപകം ആയി വന്നിട്ട് ഏകദേശം മുപ്പത് വർഷമേ ആയിക്കാണൂ. വാസ്തു ഒക്കെ വ്യാപകം ആയത് ഏകദേശം പതിനഞ്ചു വർഷമേ ആയിക്കാണൂ. പറഞ്ഞു വന്നത്, വാസ്തു പുരുഷന്റെ കിടപ്പ് അനുസരിച്ചല്ല വീട് പണിയേണ്ടത്, മറിച്ച്, പുഴയുടെ കിടപ്പ്, സ്ഥലത്തിന്റെ ഉറപ്പ്, ചരിവ്, മലയുടെ കിടപ്പ് ഇവയൊക്കെ നോക്കി ആവണം. വീട് പണിയുന്നതിന് മുൻപേ, വാസ്തു വിദഗ്ദനെ അല്ല കാണേണ്ടത്. സ്ഥലം വാങ്ങുന്നതിനും മുൻപേ, നല്ല ഒരു സ്ട്രക്ക്ച്ചറൽ/ സിവിൽ എഞ്ചിനീയറെ കാണിച്ചു വീട് പണിയാൻ പറ്റിയ സ്ഥലം ആണോ എന്ന് ഉറപ്പു വരുത്തുക. വീട് പണിയുമ്പോളും സമർത്ഥനായ ഒരു സ്ട്രക്ക്ച്ചറൽ/ സിവിൽ എൻജിനീയറുടെ ഉപദേശ പ്രകാരമേ വീട് ഉണ്ടാക്കാവൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക