Image

പന്ത്രണ്ടാം ദിവസവും കോവിഡ് പരിശോധന നടത്തണമെന്ന നിര്‍ദ്ദേശവുമായി അബുദാബി ; കൂട്ടം കൂടുന്നതിനും നിരോധനം

Published on 18 November, 2020
പന്ത്രണ്ടാം ദിവസവും കോവിഡ് പരിശോധന നടത്തണമെന്ന നിര്‍ദ്ദേശവുമായി അബുദാബി ; കൂട്ടം കൂടുന്നതിനും നിരോധനം

അബുദാബി : പ്രവേശന നിബന്ധന വീണ്ടും കര്‍ശനമാക്കികൊണ്ട് യുഎഇ സര്‍ക്കാര്‍ ഉത്തരവായി. ദേശീയദിനാഘോഷം ഉള്‍പ്പടെയുള്ള വിവിധ ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് നടപടി.

മറ്റു എമിറേറ്റുകളില്‍നിന്ന് റോഡ് മാര്‍ഗം അബുദാബിയിലേക്ക് പ്രവേശിക്കുന്നവര്‍ തുടര്‍ച്ചയായി 12 ദിവസം തങ്ങിയാല്‍ 12-ാം ദിവസം പിസിആര്‍ പരിശോധന നടത്തണമെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി വക്താവ് ഡോ. സെയ്ഫ് അല്‍ ദാഹിരി അറിയിച്ചു. നേരത്തെ ഇത് നാല്, എട്ട് ദിവസങ്ങളില്‍ പിസിആര്‍ ടെസ്റ്റ് എടുത്താല്‍ മതിയായിരുന്നു.

അതേസമയം അബുദാബിയില്‍ എത്തി അന്നോ മൂന്നു ദിവസത്തിനകമോ മടങ്ങുന്നവര്‍ക്ക് പരിശോധന ആവശ്യമില്ല. യുഎഇ ദിനാഘോഷം, ക്രിസ്മസ്, പുതുവര്‍ഷ ആഘോഷം എന്നിവയുടെ ഭാഗമായി കൂട്ടംചേരുന്നതിനും നിരോധനം ഏര്‍പ്പെടുത്തി. ആഘോഷങ്ങള്‍ വെര്‍ച്വല്‍ ആക്കുന്നതാണ് ഉചിതമെന്നും ഓര്‍മിപ്പിച്ചു. മൂന്നു മണിക്കൂറിനു മുകളിലുള്ള സംഗീത പരിപാടികള്‍ക്കു മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതാണ്. ഓരോരുത്തരുടെയും ആരോഗ്യസുരക്ഷക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും ആഘോഷവേളകളില്‍ കോവിഡ് മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ മാര്‍ഗനിര്‍ദേശം കൃത്യമായി പാലിക്കപ്പെടണമെന്നും യുഎഇ വക്താക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക