Image

ജീവിതം പൊള്ളുന്ന ചില പെണ്ണുങ്ങൾ (ആര്യ വിശ്വനാഥ്)

Published on 16 November, 2020
ജീവിതം പൊള്ളുന്ന ചില പെണ്ണുങ്ങൾ (ആര്യ വിശ്വനാഥ്)
യൗവ്വനം താണ്ടിയിട്ടില്ലാത്ത മങ്ങിയ വോയിൽ സാരിയുടുത്ത ഒരമ്മ. സങ്കടത്തിൻ്റെ എണ്ണമെഴുക്ക് പുരണ്ട കുഞ്ഞുമുഖങ്ങളുമായി ഇടത്തും, വലത്തുമായി രണ്ടു പെൺകുട്ടികൾ.... കയ്യിലെ കളിവണ്ടി മുറുകെ പിടിച്ച് ഒരാൺകുട്ടി..... മൂന്നാളും ഉറ്റു നോക്കുന്നത് അന്തമില്ലായ്മയുടെ ഒരേ നേർരേഖയിലേക്ക്.അങ്ങിനൊരു ബ്ലാക്ക്  ആൻഡ് വൈറ്റ് ഫോട്ടോ തറവാട്ടിലെ നടുവകത്ത് തൂങ്ങിക്കിടന്നിരുന്നു.ലോകത്തിലെ സങ്കടം മുഴുവൻ ആ ഫോട്ടോയിലാരോ നിറച്ചു വെച്ചിരുന്നു. അതിലേക്ക് നോക്കുമ്പോഴൊക്കെ നെഞ്ചു കനത്തു വരുമായിരുന്നു. അതിൽ കൂനിക്കൂടിയിരിക്കുന്ന സ്ത്രീക്ക് കുഞ്ഞമ്മാമ്മയുടെ യാതൊരു ഛായയുമുണ്ടായിരുന്നില്ല.....

രാവിലെ പറമ്പിലേക്കിറങ്ങുന്ന, അന്തിയോളം പണിയെടുക്കുന്ന, ഭൂമിയിൽ അമർത്തിച്ചവിട്ടുന്ന ദേഷ്യം വന്നാൽ '' നിൻ്റെമ്മേരെ തേങ്ങ " എന്ന് പറഞ്ഞ് ചുണ്ട് കോട്ടുന്ന ആ കുഞ്ഞമ്മാമ്മ ഇരുപത്തിയെട്ടാം വയസ്സിലാണ് ജനിച്ചത്. മരണം കൊണ്ടോ ജീവിതം കൊണ്ടോ ഒരു പുരുഷനില്ലാതെ പോകുന്ന എല്ലാ സ്ത്രീകളും പോരാടാൻ വിധിക്കപ്പെട്ടവരാണ്.ഒരു ചരിത്ര പുസ്തകവും അവരുടെ പേരെഴുതിച്ചേർക്കില്ല. ഒരു മോട്ടിവേഷൻ സ്പീക്കറും അവരെ ഉദാഹരിക്കയുമില്ല.അഥവാ അവരെന്തെങ്കിലും നേടിയാൽ തന്നെ ഭാഗ്യം, ദൈവാനുഗ്രഹം, ഗുരുത്വം തുടങ്ങി അവർക്കൊരിക്കലും ഉപകാരപ്പെട്ടിട്ടില്ലാത്ത വാക്കുകൾ കൊണ്ട് എല്ലാവരും അതിനെ നിർവചിക്കും.എത്ര എളുപ്പമാണ് ആ ഒറ്റയാൾ പോരാട്ടത്തെ ഒടിച്ചു മടക്കി ഒരു കുപ്പിയിൽ കയറ്റി അടച്ചു മൂടി ഒരു മൂലയിലേക്കെറിയാൻ.ഇനിയാർക്കും അത് ഉപകാരപ്പെടരുത്.... കിട്ടുന്നവൻ അതൊരു ഭൂതമാണെന്ന് കരുതി ഓടി രക്ഷപ്പെട്ടു കൊള്ളും.

പൊള്ളലുകൾ മാറ്റാൻ വെള്ളത്തിൽ ചാടുന്നവരുണ്ട്. വഹീദാബി ചേച്ചി അങ്ങിനെയാണ് കിണറ്റിൽ ചാടിയത്...വാപ്പയെ ഇഷ്ടമില്ലാത്തത് കൊണ്ടാണ് കിണറ്റിൽ ചാടിയതെന്ന് കണ്ണെഴുതാത്ത ഒരു ദിവസം ചേച്ചി എന്നോട് പറഞ്ഞു.

"വാപ്പ ശരിയല്ല....  ഉമ്മേനെ തല്ലും. രാത്രി ന്നെ തപ്പി നോക്കാൻ വരും.... "
ഏഴു വയസ്സിൻ്റെ വിവരമില്ലായ്മയിൽ എനിക്കതൊരു വിഷമമായി തോന്നിയില്ല. ഒരു കത്തെഴുതി കുപ്പിവളകൾക്കിടയിൽ തിരുകി വെച്ചിരുന്നു.അത് കിണറ്റിൽ തന്നെ കുതിർന്നു പോയി..... അതു കൊണ്ടാണ്  ധനികനായ രണ്ടാം കെട്ടുകാരൻ മെഹബൂബ് യാതൊരു മടിയുമില്ലാതെ വഹീദാബിയെ കല്യാണം കഴിച്ചത്. മൈലാഞ്ചി തേച്ച് ചുവപ്പിച്ച മുടിയുമായി അയാളൊരിക്കൽ ഞങ്ങളുടെ വീട്ടുമുറ്റത്ത് പ്രത്യക്ഷപ്പെടുകയും അമ്മയോട് അവ്യക്തമായ ഭാഷയിൽ എന്തൊക്കെയോ പുലമ്പുകയും ചെയ്തു.അമ്മ എൻ്റെ കൈ പിടിച്ച് വീടിനുള്ളിൽ കയറി വാതിലടച്ചു. മെഹബൂബ് ഊതി വിടുന്ന പുക വളയങ്ങൾ ജനലിലൂടെ മുറിക്കകത്തേക്ക് പ്രവേശിച്ചു.

" കഞ്ചാവ്ണ്..... പാവം ആ വഹീദാബി.... അതിന് ഇനി ജീവിതത്തില് തൊയിര്യണ്ടാവോ? ഓരോ പെണ്ണങ്ങൾടെ ജീവിതം നരകാക്കാൻ വരും ഓരോ കാലമാടൻമ്മാര്......"
അച്ഛൻ വരുന്നതു വരേയും വാതിൽ തുറക്കാഞ്ഞത് കൊണ്ട് കഞ്ചാവു പുകക്കൊപ്പം മെഹബൂബും അപ്രത്യക്ഷനായത് ഞങ്ങൾ കണ്ടില്ല.

അവരിപ്പോൾ ചേറ്റുവയിലുണ്ടാവണം.
കാലിൽ കല്ലു കെട്ടിയാണ് മണിച്ചേച്ചി പൊള്ളലു മാറ്റാൻ കുളത്തിൽ ചാടിയത്. കല്ലിൻ്റെ കനമുള്ള സങ്കടങ്ങൾ അവരെ വെള്ളത്തിൻ്റെ ആഴങ്ങളിലേക്ക്  തെളിച്ചു കൊണ്ടു പോയി. മുറ്റിച്ചൂരിൽ ബസ്സിറങ്ങി പറമ്പിടവഴികളിലൂടെ നടക്കുമ്പോൾ പഞ്ചസാര വെള്ളത്തിൻ്റെ മധുരത്തിനൊപ്പം മുഖം നിറഞ്ഞ ചിരിയുമായി അവർ വഴി തടയാറുണ്ടായിരുന്നു.
" ഉണ്ണി ഇത്തിരി വെള്ളം കുടിച്ചോട്ടെടീ.... ന്ന്ട്ട് പൂവാ...."

അമ്മ കണ്ണുരുട്ടിയാലും ആ മധുരവെള്ളം കുടിക്കുവാൻ വേണ്ടി ഞാനവിടെയെത്തുമ്പോൾ കാലുകളെ പിന്നോട്ടാക്കി. അവർ മരിച്ചതിൽപ്പിന്നെയാണ് ടാറിട്ട റോഡിൻ്റെ ചൂടിലൂടെ മാത്രം ഞാനും അമ്മയും നടക്കാൻ തുടങ്ങിയത്. പൊരുതാൻ ധൈര്യമില്ലാത്തവർ ഒന്നും മിണ്ടാതെ കുളത്തിലേക്കോ, കിണറ്റിലേക്കോ താഴ്ന്നു പോവുക പതിവാണല്ലോ. ഇപ്പോഴാണെങ്കിൽ അതിന് ന്യൂസ് വാല്യു പോലും ഇല്ല.... എല്ലാ അർത്ഥത്തിലും അവർ തോറ്റവരാണ്.

ചിലർ പൊരുതാൻ തന്നെ തീരുമാനിക്കും.
അത് ഇപ്പറഞ്ഞതിനേക്കാളുമൊക്കെ കഷ്ടമാണ്. ഭൂമി പിളർന്ന് പോയവരും ശാപം കിട്ടി കല്ലായവരും വഴിയിൽ വീണു പോയവരും കണ്ണടച്ച് ഇരുട്ടാക്കിയവരുമൊക്കെയാണ് കേട്ടു വളർന്ന കഥകളിലുള്ളത്.അതിനെതിരായിട്ടാണ് വെന്തു പോയ ഒരുവൾ ധീരമായി പുകഞ്ഞ് നിൽക്കുന്നത്.ആദ്യം ഉപദേശം, പിന്നെ അപവാദം, ഭീഷണി..... ഭേദ്യമുറകൾ ആരംഭിക്കുകയായി..... വീണ്ടും, വീണ്ടും തീക്കൊള്ളി കൊണ്ട് കുത്തി ദഹിപ്പിക്കാതെ ഉരുക്കാനുള്ള ശ്രമങ്ങൾ....

പൊള്ളിയടർന്ന തൊലി പൊഴിഞ്ഞു പോയി പുതിയത് മുളക്കാൻ തുടങ്ങും.. അതിന് കാണ്ടാമൃഗത്തിൻ്റെ കട്ടിയാണ്. ഏതു കാലാവസ്ഥക്കെതിരേയും അത് പിടിച്ചു നിൽക്കും... ഉള്ളിൽ കരിയുടെ കറുപ്പുണ്ടെങ്കിലും പുറമേക്ക് അതിസുന്ദരമാണത്..... ഭാരമില്ലാത്തത്.... തൂവൽ പോലെ പറക്കാൻ പറ്റുന്നത്...

അങ്ങിനെ ആകാശത്തേക്ക് പറക്കുന്ന പെണ്ണുങ്ങൾ ഉണ്ടാവുന്നു. ഒരു വേട്ടക്കാരനും വല വിരിക്കാൻ പറ്റാത്തവർ... അധികാരത്തിൻ്റെ തോക്കിൻ മുനകൾ  ഭയക്കാത്തവർ.....
ജീവിതം പൊള്ളുന്ന ചില പെണ്ണുങ്ങളുണ്ട്.

അവർ മരിക്കാൻ ധൈര്യമില്ലാത്തവരും ജീവിതത്തോട് ആസക്തി ഉള്ളവരുമാണ്.
അവരുടെ ആകാശത്തിന് തീച്ചൂടല്ല, മഞ്ഞിൻ്റെ തണുപ്പത്രേ..

Join WhatsApp News
പെണ്ണൊരു ഉഗ്രൻ വാറ്റ് പോലെ 2020-11-16 23:40:21
തൊട്ടാൽ പൊട്ടുന്ന പെണ്ണ്, തൊട്ടാൽ പൊള്ളുന്ന പെണ്ണ്, തൊട്ടാൽ തട്ടുന്ന പെണ്ണ്, തൊട്ടില്ലേൽ ഒളിച്ചു ഓടുന്ന പെണ്ണ്, പെണ്ണൊരു ഉഗ്രൻ വാറ്റ് പോലെ, ചെറു കാറ്റ് പോലെ, കൊടും കാറ്റ് പോലെ - പെണ്ണ് ഇന്നും വല്ലാത്ത രഹസ്യം തന്നെ - ചാണക്യൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക