Image

മുന്തിരി നട്ടു നിങ്ങൾക്കായ്.. (കവിത: ആൻസി സാജൻ )

Published on 15 November, 2020
മുന്തിരി നട്ടു നിങ്ങൾക്കായ്.. (കവിത: ആൻസി സാജൻ )
പാലും തേനുമൊഴുകുന്ന
കാനൻ ദേശങ്ങൾക്കധിപനായ ഞാൻ
നിങ്ങൾക്കായി
മുന്തിരി നടുകയും 
തോട്ടത്തിൽ കാവലിരിക്കുകയും ചെയ്തു 
വിളഞ്ഞു പഴുത്ത 
പഴങ്ങൾ കൊണ്ടുള്ള
ചാറൊരുക്കി
-  വെയ്ക്കുകയും
മോക്ഷ വാതിൽ
തുറന്നിടുകയും ചെയ്തു 
എന്നാൽ ,
തിന്നാതെയും കുടിക്കാതെയും
തളർന്നു പോയ
എനിക്ക്
ദാഹമേറിയപ്പോൾ
കാത്തുവച്ച കയ്പുനീർ
നിങ്ങളെന്റെ
തൊണ്ടയിലൊഴിച്ചു തന്നു 
വീണ്ടും ശിക്ഷയായെന്റെ
കൈകൾ ബന്ധിച്ചു
എന്റെ മുന്തിരി, മാതളത്തോട്ടങ്ങൾ
പൂത്ത് തളിർത്ത കാലം
പ്രേമം തരാം
അവിടെ വച്ചെന്ന് പറഞ്ഞ്
കൂട്ടിക്കൊണ്ടുവന്നു 
 - പേക്ഷിച്ചവർ
ചെന്നായ്ക്കൾക്കിടയിൽ
ആടുകളെന്ന പോലെ
തോട്ടമാകെ ചിതറിനടന്നു
പുറത്തേയ്ക്കുള്ള വഴികളൊക്കെയടച്ച്
മുള്ള് പാകി നിങ്ങൾ
ബന്ധിതമായ എന്റെ കരങ്ങൾ, പ്രേമ കാംക്ഷയുമാ
- യെത്തിയോരുടെ
വിലാപത്തിൻ
മാറ്റൊലികളാൽ
അയഞ്ഞു വന്നു
കിട്ടിയ മുന്തിരിയിലകളിലെല്ലാം
ഞാൻ
കുനുകുനെയെഴുതി നിറച്ചു കൊണ്ടിരുന്നു
എന്താണെഴുതുന്നതെന്ന്
ചോദിച്ചവർ
ജീവന്റെ
പുസ്തകത്തിലെ
വരികൾ വായിക്കാനാവാതെ
കരയുകയും
പിറുപിറുക്കുകയും 
ചെയ്തു 
ഒടുവിൽ
മലമുകളിലും
കടൽക്കരകളിലും
പോയി നിന്ന്
ഇഷ്ടമുള്ളതൊക്കെ
വിളിച്ചു പറയുന്നവരായി...
Join WhatsApp News
Sushama nedooli 2020-11-15 11:10:53
ചിന്തകൾ പല വഴികളിലൂടെ വേരുകൾ പടർത്തിയ രചന.നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ 👍🌹❤️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക