Image

മലങ്കര മാർത്തോമ്മാ സഭയുടെ ശ്രേഷ്ട ഇടയൻ മാർ തിയഡോഷ്യസ് മാർത്തോമ്മാ (ആൻഡ്രൂസ് അഞ്ചേരി)

Published on 14 November, 2020
മലങ്കര മാർത്തോമ്മാ സഭയുടെ ശ്രേഷ്ട ഇടയൻ  മാർ തിയഡോഷ്യസ്  മാർത്തോമ്മാ (ആൻഡ്രൂസ് അഞ്ചേരി)
മലങ്കര മാർത്തോമ്മാ സഭയുടെ ഇരുപത്തിരണ്ടാമതു മെത്രാപ്പോലീത്തയായി അഭിവന്ദ്യ ഗീവർഗീസ് മാർ തിയഡോഷ്യസ് തിരുമേനി സ്ഥാനാഹോരണം ചെയ്യപ്പെടു ന്ന ഈ വേളയിൽ തിരുമേനിക്ക് എല്ലാ നന്മകളും ആശംസിക്കുന്നു.
തിയഡോഷ്യസ് തിരുമേനി ഇന്ന് മെത്രാപ്പോലീത്തയായി സ്ഥാനം ഏറ്റെടുക്കുമ്പോൾ എന്റെ ഓർമയിൽ ആദ്യം ഓടി എത്തുന്നത് മാർത്തോമാ സഭയിലെ കാലം ചെയ്ത അഭിവന്ദ്യ തോമസ് മാർ അത്താന്യാസ്യോസ് തിരുമേനിയുടെ സുദീർഘ വീക്ഷണത്തോടെയുള്ള ഒരു പരാമർശം ആണ് . 
1979-ൽ  കൊൽക്കത്ത  മാർത്തോമാ ഇടവകയിലെ നാലു വർഷങ്ങൾ നീണ്ട സേവനത്തിനു ശേഷം   നടന്ന യാത്ര അയപ്പ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് അഭിവന്ദ്യ തോമസ് തിരുമേനി ആയിരുന്നു. 
സഭ മേൽപ്പട്ട സ്ഥാനത്തേക്ക് ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ഒരു പട്ടക്കാരനാണ് ജോർജ് ജേക്കബ് അച്ചൻ എന്ന് തോമസ് തിരുമേനി അന്ന് പരാമര്ശിക്കുകയുണ്ടായി.  
നാല്പത്തൊന്നു വര്ഷങ്ങള്ക്കു ശേഷം ഇന്ന് സഭാ തലവനായി തിയഡോഷ്യസ് തിരുമേനി   അവരോധിക്കപ്പെടുമ്പോൾ തോമസ് തിരുമേനിയുടെ പ്രവചനം പൂർത്തീകരിക്കപ്പെടുകയാണ് .
തിയഡോഷ്യസ് തിരുമേനിയെ അടുത്തറിയണമെങ്കിൽ ജോർജ് ജേക്കബ് എന്ന പട്ടക്കാരനെ നാം ആദ്യം മനസ്സിലാക്കണം. 1976-79 കാലയളവിൽ കൊൽക്കത്ത മാർത്തോമാ ഇടവകയുടെ വികാരിയായി ചുമതല ഏറ്റെടുത്തപ്പോൾ മുതൽ തിരുമേനിയുടെ വ്യക്തതിപ്രവാഹവും ആധ്യാത്മിക ചൈയ്തന്യവും എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്.  
അന്നു മുതൽ തിരുമേനിയുമായി ആത്മ സ്നേഹബന്ധം അഭംഗുരം തുടരാൻ ഭാഗ്യം ലഭിച്ച വ്യക്തി എന്ന നിലയിൽ ഇന്നു ഞാൻ ഏറെ കൃതാര്ഥനാണ്.  
ജീവ കാരുണ്യ പ്രവർത്തനങ്ങളിലും ആതുര സേവനങ്ങളിലും തിരുമേനി അന്നേ തല്പരനായിരുന്നു. ദൈവം തന്നെ ഏൽപ്പിച്ച ചുമതല വളരെ ഗൗരവമേറിയതാണെന്നുള്ള ബോധം തിരുമേനിയുടെ വാക്കിലും പ്രവർത്തിയിലും നമുക്ക് എപ്പോഴും ദർശിക്കുവാൻ കഴിയും. 
മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി, അന്താരാ മിഷൻ തുടങ്ങിയ പ്രസ്ഥാനങ്ങളിൽ കൊൽക്കത്തയിലെ യുവജനങ്ങളെ ഏകോപിപ്പിച്ചു നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ് . തിരുമേനിയുടെ അടുക്കും ചിട്ടയുമുള്ള ലളിത ജീവിതം  എന്നും ഏറെ ആകർഷിച്ചിട്ടുണ്ട്.
ബംഗാളിലെ പ്രസിദ്ധമായ ശാന്തി നികേതൻ യൂനിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനു അപേക്ഷിക്കാൻ 1979-ൽ  പോകുമ്പോൾ ഞാനും തിരുമേനിയെ അനുഗമിച്ചിരുന്നു. ആ യാത്രക്കിടയിൽ തിരുമേനി  പറഞ്ഞപറഞ്ഞ വാക്കുകൾ  ഓർക്കുന്നു. 
നാം രണ്ടു കണ്ണുകൾ കൊണ്ടാണ്  മറ്റുള്ളവരെ കാണുന്നത് എന്നാൽ നമ്മെ നൂറ് കണ്ണുകൾ ആയിരിക്കും ഒരേ സമയം വീക്ഷിച്ചുകൊണ്ടിരിക്കുന്നതു എന്ന്.  ഇത് ഏവർക്കും എന്നും വലിയൊരു പാഠമാണ് നൽകുന്നത്. 
കൃത്യനിഷ്ഠ തിരുമേനിയുടെ ജീവിത വ്രതമാണ് . കത്തുകൾക്ക് കൃത്യമായി മറുപടി അയയ്ക്കുന്ന ഒരു ചിട്ട തിരുമേനി എപ്പോഴും വച്ചുപുലർത്തുന്നു . 
കഴിഞ്ഞ നാൽപ്പതിലധികം  വർഷങ്ങളിലായി അദ്ദേഹം എനിക്കെഴുതിയ എല്ലാ കത്തുകളും ഞാൻ ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്.   ആത്മീയ ദൂദൂതുകൾ അടങ്ങിയ ആ കത്തുകൾ ഭാവിയിൽ ചരിത്ര വിദ്യാർത്ഥികൾക്ക് തീർച്ചയായും ഒരു മുതൽ കൂട്ടായിരിക്കും. 
തിരുമേനിയുടെ    ക്രാന്തദർശനവും ഔന്നത്യമാർന്ന ജീവിതരീതിയും സമഭാവനയും മാർത്തോമാ സഭയെ വിശ്വാസ ദീപ്തിയിലൂടെ   ക്രിസ്തുവിൻറെ പാതയിലേക്ക്  തീർച്ചയായും  നയിക്കും.   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക