Image

ആത്മദു:ഖങ്ങളിൽ ആർപ്പുവിളിക്കാതിരിക്കുക (ഉയരുന്ന ശബ്ദം- 16-ജോളി അടിമത്ര)

Published on 14 November, 2020
ആത്മദു:ഖങ്ങളിൽ  ആർപ്പുവിളിക്കാതിരിക്കുക (ഉയരുന്ന ശബ്ദം- 16-ജോളി അടിമത്ര)

ഈ ആഴ്ചാവസാനത്തെ പ്രധാന വാർത്തയാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ അവധിയെടുക്കൽ. സി.പി .എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നുള്ള അവധി ചരിത്രത്തിൻ്റെ കൂടി ഭാഗമാവുകയാണ്. മാധ്യമങ്ങൾ ആഘോഷിക്കയാണ്  അദ്ദേഹത്തിൻ്റെ അവധിയെടുക്കൽ. നാളുകളായി പേജു വെട്ടിക്കുറച്ച പല പത്രങ്ങളും
 രണ്ടിലധികം പേജുകൾ ഈ ആഘോഷത്തിനായി മാറ്റിവച്ചു.
ചാനൽ ചർച്ചകൾ കത്തിക്കയറി. ചാനൽ ചർച്ചാ സ്ഥിരം തൊഴിലാളികൾ ഉഷാറായി.. പ്രതിപക്ഷത്തിൻ്റെ നിരന്തര ആക്രോശങ്ങൾ...

മാർക്സിസ്റ്റ് പാർട്ടിയെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കി രാജിക്കു വേണ്ടി അലമുറയിടുന്ന പ്രതിപക്ഷം. നാലരവർഷം മുമ്പു അവർ നിന്ന അതേ പ്രതിക്കൂട്ടിലാണ്, ഇപ്പോൾ പാർട്ടി നിൽക്കുന്നതെന്ന് ബോധപൂർവ്വം മറന്നുവോ ?
എല്ലാം കണ്ടും കേട്ടും അറിഞ്ഞും നൊമ്പരപ്പെട്ടും ആ മനുഷ്യൻ.

നാനാവശത്തു നിന്നുമുള്ള കല്ലേറ്. പരിക്കേറ്റ മനസ്സും രോഗം പൂണ്ടടക്കം പിടിച്ച ശരീരവുമായി... പുറമെ ധീരത പ്രകടിപ്പിക്കുമെങ്കിലും നാലുഭാഗത്തു നിന്നുമുള്ള നിന്നുള്ള ആക്രോശങ്ങൾ ഏതു വ്യക്തിയെയാണ് തകർക്കാതിരിക്കുന്നത് ?
ഞാനൊരു പാർട്ടിയിലും അംഗമല്ല. പക്ഷേ,വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും കണ്ണടച്ചു വോട്ടുനൽകുന്ന ആളല്ല.
മാന്യതയുള്ള വ്യക്തിക്കു മാത്രമേ എൻ്റെ വോട്ടു ചെയ്യൂ എന്ന പിടിവാശിയുമുണ്ട്.ഒരു പാർട്ടിക്കുവേണ്ടിയുമുള്ള വക്കാലത്തല്ല ഇത്.

മക്കൾ ചെയ്യുന്ന തെറ്റിന് മാതാപിതാക്കൾ തലതാഴ്ത്തേണ്ടി വരുന്നത് അത്യന്തം സങ്കടകരമാണ്.

അപ്പോൾ ചോദ്യം വരും' മക്കളെ നേരെ ചൊവ്വേ വളർത്തിയിരുന്നെങ്കിൽ ഇങ്ങനെ വരുമോ 'എന്ന്. ഒരു സന്തതി പിഴച്ചു പോയാൽ അച്ഛനമ്മമാർ ഇത്തരം കൂരമ്പുകൾ കേൾക്കേണ്ടി വരുന്നത് സ്ഥിരം സംഭവം. മകൾ പിഴച്ചു പോയാൽ അമ്മയുടെ കുറ്റം. മകൻ പിഴച്ചാൽ അച്ഛൻ്റെ കയ്യിലിരിപ്പ് .വിലയിരുത്തലുകൾ ഇങ്ങനെ പോകും.

നമ്മളാരും മക്കളെ വളർത്തുന്നത് അവർ പിഴച്ചു പോകട്ടെ എന്നു കരുതിയല്ല. മക്കൾ വഴി തെറ്റുമ്പോൾ, ' മിടുക്കൻ, കൂടുതൽ തെറ്റട്ടെ' എന്നും ചിന്തിക്കില്ല. നമ്മുടെ ആ  പഴയ  ചൊല്ലുമറക്കേണ്ട ' അടയ്ക്ക മടിയിൽ വയ്ക്കാം, അടയക്കാ മരമായാലോ..'.

സത്യത്തിൽ 98 ശതമാനം കുഞ്ഞുങ്ങളും സ്വഭാവ ഗുണമുള്ളവരായിത്തന്നെയാണ് വളരുന്നത്. പക്ഷേ വളർച്ചയുടെ പ്രത്യേക നാൽക്കവലകളിൽ അവർക്ക് വഴി തെറ്റുന്നു. സഹയാത്രികർക്ക് ഒപ്പം  ഉല്ലസിച്ച് സഞ്ചരിച്ച യാത്ര തെറ്റായ ദിശയിലേക്ക്  ഏറെ സഞ്ചരിച്ച ശേഷമാണ് അച്ഛനമ്മമാർ അറിയുക. 'നിങ്ങളുടെ മകനെ അവിടെ കണ്ടല്ലോ ' എന്ന് മറ്റുള്ളവർ പറയുമ്പോഴാണ് അച്ഛനമ്മമാർ അപകടം മണക്കുന്നത്. അപ്പോഴേക്കും  തിരിച്ചുവരാനാവാത്ത വിധം അവർ ദൂരത്തായിട്ടുണ്ടാവും. തിരുത്താനാവാത്ത വിധം അടയ്ക്ക മരം ആയിക്കഴിഞ്ഞിട്ടുണ്ടാവും. സഹയാത്രികരായ സുഹൃത്തുക്കളുടെ കുടുക്കിൽ പൂട്ടപ്പെട്ടിട്ടുണ്ടാവും. ശാസനകളും ഉപദേശവും വില പോകാനാവാത്ത വിധം ജീവിതത്തിൻ്റെ  'വഴിയോര കാഴ്ചകളിൽ ' അവർ അഭിരമിച്ച് അടിപ്പെട്ടിട്ടുണ്ടാവും. കൂട്ടുകാർ,സ്വാതന്ത്ര്യം, പണം, തൃഷ്ണ, ലഹരി,സുഖം.. തിളയ്ക്കുന്ന യൗവ്വനം എന്നും കീഴടങ്ങുന്ന കാര്യങ്ങളാണിവ. അച്ഛനമ്മമാർക്ക് എന്തു ചെയ്യാനാവും. ഉപദേശങ്ങൾ വെറുക്കുന്ന കാലമാണത്. അച്ഛനമ്മമാരെ അവഗണിച്ചും കൂട്ടുകാരോട് ചേർന്നു സഞ്ചരിക്കുന്ന ഘട്ടം. മക്കളുടെ കൂട്ടുകാരെ അറിഞ്ഞിരിക്കണമെന്ന് പഴമക്കാർ പറയുന്നതിൽ കാര്യമുണ്ട്.

 മാതാപിതാക്കളുടെ പേരുകളയരുതെന്ന് മക്കൾ വേണം ചിന്തിക്കാൻ. അതിന്, ഇളംപ്രായം മുതൽ അവരുമായി മനോഹരമായ, ആഴത്തിലുള്ള ആത്മബന്ധം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.

 നല്ല മക്കളുള്ള അച്ഛനമ്മമാർ അഹങ്കരിക്കേണ്ടതില്ല, നമ്മുടെ മിടുക്കു കൊണ്ട് കുഞ്ഞുങ്ങൾ വഴി തെറ്റാതിരുന്നതാണെന്ന് അഭിമാനിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല.അതിൽ ഈശ്വരൻ്റെ ദൃഷ്ടിയുണ്ട്, അനുഗ്രഹം ഉണ്ട്. ഈശ്വരവിശ്വാസമില്ലാത്തവർ വിധിയെ കൂട്ടുപിടിച്ചോളൂ.

ബിനോയ് കോടിയേരിയും ബിനീഷ് കോടിയേരിയും പല കാര്യങ്ങളിലും പ്രതിക്കൂട്ടിലാണിപ്പോൾ. പലതിൻ്റെയും സത്യസ്ഥിതിയിൽ മാധ്യമ വിചാണയാണ് ഇവിടെ അരങ്ങ്  തകർക്കുന്നത്. കോടതി വിചാരണ വരട്ടെ, സത്യം തെളിയട്ടെ.
വിദേശത്തെ ചികിത്സ കഴിഞ്ഞ് കോടിയേരി ബാലകൃഷ്ണൻ നാട്ടിലെത്തി രോഗാവസ്ഥയിൽ നിന്ന് പിടി വിട്ടു വരുമ്പോഴാണ് കാര്യങ്ങളാകെ കുഴഞ്ഞു മറിഞ്ഞത്. മകൻ ജയിലിൽ, തെളിവുകൾ എതിര്.സമൂഹം മുഴുവനും മൂക്കത്തു വിരൽ വയക്കുന്നു. പാർട്ടി പ്രതിക്കൂട്ടിലാവുന്നു. ഇലക്ഷൻ വിളിപ്പാടകലെ, ഒപ്പമുണ്ടായിരുന്നവർ പോലും ആടിത്തുടങ്ങി. ഉയർന്നു നിന്ന ആ ശിരസ്സ് കുമ്പിട്ടു പോയി ,മനസ്സ് തകർന്നു.പടിയിറങ്ങിയ രോഗം വീണ്ടും  പടി കയറി വരുന്നു.

രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടി എന്തു തോന്ന്യാസത്തിനും മുതിരുന്നവർ ന്യായാന്യായങ്ങൾ മറക്കുന്നു.ഒരു തിരഞ്ഞെടുപ്പു കാലത്ത്  സ്വന്തം പാർട്ടിയുടെ ബാനറുകൾ വലിച്ചു കീറിയിട്ട്, എതിർ പാർട്ടി ചെയ്തതാണെന്നും പിറ്റേന്ന് പ്രതിഷേധറാലി നടത്തുമ്പോൾ മുന്നിൽ കാണണമെന്നും സ്ഥാനാർത്ഥിയോട് ആവശ്യപ്പെട്ട ചരിത്രം. എൻ്റെ സുഹൃത്തായ അവൾ എന്നെയതിന് കിട്ടില്ലെന്ന് പറഞ്ഞു. അവളെ പാർട്ടി തന്നെ തോൽപ്പിച്ചു.

നെറിയില്ലാത്തവരുടെ നാടാവരുത് കേരളം.
അഭിസാരികകൾക്ക് നിരങ്ങാനുള്ള ഇടമായി നമ്മുടെ നാടിനെ മാറ്റരുത് .ഓരോ പാർട്ടിയും അധികാരത്തിലേറാൻ കാട്ടിക്കൂട്ടിയ ചതിവും വഞ്ചനയും നമ്മൾ കാണുന്നവരാണ്. 'കൊടുത്താൽ കൊല്ലത്തും കിട്ടും. ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും.. ' ഇതൊക്കെ കാര്യമുള്ള പഴഞ്ചൊല്ലുകളാണ്.

 ഒറ്റയ്ക്കു വരുന്നവരല്ല പരാജയങ്ങളും നിർഭാഗ്യങ്ങളും . അവ സംഘം ചേർന്ന് ആർപ്പുവിളിയുമായിട്ടാണ് പടി കടന്നെത്തുക. അപ്പോഴാണ് ഇടിവെട്ടിയവൻ്റെ തലയിൽ 
തേങ്ങ കൃത്യമായി വന്നു വീഴുന്നത്.മാനവും ആരോഗ്യവും പണവും സ്ഥാനവും തട്ടിപ്പറിച്ച് നമ്മളെ നിലത്തിട്ട് ചവിട്ടി, കാറിത്തുപ്പിയിട്ടേ അവ പടിയിറങ്ങൂ.
അതു കണ്ട് ആരും അഹങ്കരിക്കേണ്ട. അടുത്തത് നമ്മുടെ വീട്ടിലേക്കുള്ള വഴിയിലേക്കാണോ എന്നു മാത്രം ഓർമിക്കുന്നത് നല്ലത്. ഒരു മനുഷ്യൻ്റെയും തോൽവിയിൽ, സങ്കടങ്ങളിൽ ആഹ്ളാദിക്കാൻ പാടില്ല. അവൻ്റെ ആത്മ ദു:ഖങ്ങളിൽ സങ്കടപ്പെട്ടില്ലെങ്കിലും ആർപ്പുവിളിക്കാതിരിക്കുക

ആത്മദു:ഖങ്ങളിൽ  ആർപ്പുവിളിക്കാതിരിക്കുക (ഉയരുന്ന ശബ്ദം- 16-ജോളി അടിമത്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക