Image

നാൽപ്പത് കഴിഞ്ഞ് പ്രണയിക്കുന്നവർ (കവിത: എം.ബഷീർ)

Published on 14 November, 2020
നാൽപ്പത് കഴിഞ്ഞ് പ്രണയിക്കുന്നവർ (കവിത: എം.ബഷീർ)
നാൽപ്പത് കഴിഞ്ഞ്
പ്രണയിക്കുന്നവർ
പ്രളയകാലത്തെ  പേടിക്കാറില്ല
ഇതൊക്കെ
ഞങ്ങളെത്ര കണ്ടതാണെന്ന അഹന്തയുടെ
കുന്നിൻ മുകളിലാണവരുടെ വീട്
അവരുടെ പ്രണയത്തിൽ
വിരഹമെന്ന വാക്കേ പാടില്ല
കണ്ണ് നിറഞ്ഞാലും
കരളിലൊതുക്കണം
ഖൽബിനെ  കല്ലുകൊണ്ട് പൊതിയണം
മനമിടറിപ്പിടയുമ്പോൾ
കരയാൻ നീയെന്താ
ചെറിയ കുട്ടിയാണോന്ന്
കണ്ണുരുട്ടും ഒരാൾ മറ്റൊരാളെ
അവരുടെ പ്രണയത്തിൽ
എല്ലാ ഋതുക്കളും ഒന്നിച്ച് കൂടുവെക്കും
നിറയെ ജാലകങ്ങളടച്ചിട്ട
പുരാതന ഗൃഹം പോലുള്ള
ഹൃദയങ്ങളായിരിക്കും അവർക്ക്
ഒന്നിലൂടെ വസന്തം പുത്തനുടുപ്പിട്ട്
കേറിവരുമ്പോൾ
മറ്റൊന്നിലൂടെ വേനൽ
കത്തുന്ന ചിറകുകളുമായി
പാറിയെത്തും
ഒരേ ചില്ലയുടെ രണ്ടറ്റങ്ങളിൽ
പൂക്കാലത്തിന്റെ ഉത്സവമൊരുക്കും
കൊഴിച്ചിലിന്റെ
മരണവീടുമുണ്ടാക്കും
നാൽപ്പത് കഴിഞ്ഞ്
പ്രണയിക്കുന്നവർ
നാലു പാടും നോക്കീട്ടേ
രണ്ടുവാക്ക് മിണ്ടുകയുള്ളൂ
ഈ വയസാം കാലത്ത്
ഇനി വല്ലവരെക്കൊണ്ടും
പറയിപ്പിക്കാണോന്ന് ജാഗ്രതപ്പെട്ടിട്ടേ
ഒന്ന് ചുംബിക്കുകകൂടിയുള്ളൂ
ചില നേരങ്ങളിൽ അവർക്ക്
ഇരുപത്തഞ്ചും പതിനെട്ടുമായിരിക്കും വയസ്സ്
ആഗോളതാപനത്തെക്കുറിച്ച്‌
ആധികാരികമായി പറഞ്ഞോണ്ടിരിക്കുന്നതിനിടയിൽ
ഒരാൾ മറ്റൊരാളുടെ മടിയിൽ
ചാടിക്കേറിയിരുന്ന് ചുറ്റിപ്പടരും
ചിലപ്പോൾ അവർക്ക്
വയസ്സേ ഉണ്ടാവുകയില്ല
അപ്പോഴവർ രണ്ട് സ്കൂൾ കുട്ടികളെപ്പോലെ
കലപിലകൂട്ടി കൈകോർത്തു പായും പിച്ചും പിണങ്ങും
ഇലകൊഴിഞ്ഞാലും
ചില്ലയൊടിഞ്ഞാലും
വേരുകൾകൊണ്ട് കോർത്ത്‌ തുന്നിയതാണ്
അവരുടെ ആത്മാവിനെ
വെയില് കൊള്ളല്ലേടീ യെന്ന്
ഒരാൾ മറ്റേയാളുടെ മേൽ
എപ്പോഴും തണലായി പടർന്നുനിൽക്കും
നോവാതിരിക്കാൻ മുറിവുകളിൽ
നെഞ്ചരച്ച്‌ പുരട്ടും പരസ്പരം
കരയാൻ വരുമ്പോഴൊക്കെ
ചിരിയുടെ മുല്ലവള്ളികളായ്
പൂത്തുപടർന്ന്
ഓർമ്മകളെ കല്ലെറിഞ്ഞോടിക്കും
ചിലപ്പോൾ
മുള്ളുമുരിക്കുകളായി തല്ലുകൂടും
ശലഭച്ചിറകുകളായി നിറംപകരും
നാൽപ്പത് കഴിഞ്ഞ്
പ്രണയിക്കുകയെന്നാൽ
പാറിത്തളർന്ന പക്ഷികൾ
തൂവൽ കൊണ്ട് ആകാശത്തെ
വരക്കുന്നപോലെയാണ്
ജാലകങ്ങളില്ലാത്ത മുറിയിലിരുന്ന്
ഞാനിപ്പോൾ നിലാവുകാണുകയാണെന്ന്
ഒരാൾ മറ്റേയാളോട് നുണപറയും
കടലില്ലാത്ത നഗരത്തിലിരുന്ന്
നമ്മളിപ്പോൾ കൈകോർത്ത്
തിരകളെണ്ണിക്കൊണ്ടിരിക്കുകയാണെന്ന്
വേറൊരു നുണകൊണ്ട് മധുരം പുരട്ടും മറ്റെയാൾ
കാടുകാണാൻ  പോരുന്നോന്നു ചോദിച്ചാൽ
എനിക്കിപ്പോ ബിരിയാണി തിന്നാൻ
കൊതിയെന്നു പറഞ്ഞ് കെറുവിക്കും ഒരാൾ
ഒന്ന് പുണരാൻ കൊതിക്കവേ
നടുവേദനയെക്കുറിച്ച്‌
ആകുലപ്പെടും ഒരാൾ
മഴ നനയാൻ വരുന്നോന്ന് കൈപിടിക്കവേ
ജലദോഷം പിടിച്ച്‌ തുമ്മിത്തളരുമെന്ന്  മറ്റെയാൾ
ഉടൽ പ്രതലങ്ങളിൽ നോവാറ്റുന്ന
ഔഷധ ലേപനമായൊഴുകും
ആത്മാവിനാഴങ്ങളിൽ
മൗനമൊളിപ്പിച്ച
പ്രാചീന മുത്തുകളായ്
ഒറ്റച്ചിപ്പിയിലുറങ്ങും
നാൽപ്പത് കഴിഞ്ഞ്
പ്രണയിക്കുന്നവർക്ക്
ഒരു സ്വപ്നംമതി
തീരാത്ത വസന്തങ്ങളുടെ  
തീവണ്ടിയാത്രകളുണ്ടാക്കാൻ
ഒറ്റ ചുംബനം കൊണ്ട് അവർ
അയ്യായിരം കിനാക്കളെ ഊട്ടും
ഓരോ വാക്കിലും
ഓരോ താജ്മഹൽ പണിയും
പ്രപഞ്ചത്തെയാകെ ഒറ്റക്കവിതയിൽ
കോർത്തെടുക്കും
നാൽപ്പത് കഴിഞ്ഞ്
പ്രണയിക്കുകയെന്നാൽ
കൊഴിഞ്ഞ പൂക്കളിൽ നിന്ന്
മുളച്ച വേരുകൾ
കാടിന്റെ ഭ്രാന്തിനെ
കടുംനിറത്തിൽ
പകർത്തിയെഴുതുക എന്നാണ് ....
Join WhatsApp News
നന്നായിട്ടുണ്ട് 2020-11-14 13:37:29
നന്നായിട്ടുണ്ട്. പ്രത്യേകിച്ചും അവസാനത്തെ അഞ്ച് വരികൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക