Image

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി വിപുലീകരിച്ചു

Published on 13 November, 2020
മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി വിപുലീകരിച്ചു


ലണ്ടന്‍: കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റായി സി.എ. ജോസഫിനെ നിയമിച്ചു. സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഏബ്രഹാം കുര്യനും മറ്റു ഭാരവാഹികളും പ്രവര്‍ത്തക സമിതി അംഗങ്ങളും മാറ്റമില്ലാതെ തുടരുന്നതാണ് . പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരെയും ഭാഷാ സ്‌നേഹികളെയും ഉള്‍പ്പെടുത്തി എസ്.എസ്. ജയപ്രകാശ് ചെയര്‍മാനായി വിദഗ്ധ സമിതിയും ഡോ. അരുണ്‍ തങ്കത്തിന്റെ നേതൃത്വത്തിലുള്ള പത്തംഗ ഉപദേശക സമിതിയും പ്രവര്‍ത്തിച്ചു വരുന്നു. യു കെയില്‍ സാമൂഹിക സാംസ്‌കാരിക മേഖലകളിലും മാതൃഭാഷാ ഉന്നമനത്തിനായും പ്രവര്‍ത്തിക്കുന്ന ജിമ്മി ജോസഫ്, ബിന്ദു കുര്യന്‍, ബിന്‍സി എല്‍ദോ എന്നിവരെയും ഉള്‍പ്പെടുത്തി നിലവില്‍ 16 അംഗ പ്രവര്‍ത്തകസമിതിയും വിപുലീകരിച്ചു.

2017 സെപ്റ്റംബര്‍ 22 ന് ലണ്ടനില്‍ കേരള സാംസ്‌കാരിക മന്ത്രി എ.കെ. ബാലനാണ് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. മലയാളം മിഷന്റെ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പത്തംഗ അഡ്ഹോക്ക് കമ്മിറ്റിയെയും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

യുകെയിലെ കലാ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായ സി.എ. ജോസഫ് യുക്മ സാംസ്‌കാരിക വേദിയുടെ രക്ഷാധികാരിയുമാണ് . ഇക്കഴിഞ്ഞ ലോക് ഡൗണ്‍ കാലയളവില്‍ ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച 'Let's Break It Together' എന്ന സംഗീത പരിപാടിയുടെ മുഖ്യ ചുമതലയും വഹിച്ച
സി.എ. ജോസഫ് ഉജ്ജ്വല വാഗ്മിയും മികച്ച സംഘാടകനുമാണ്. യുക്മയുടെ നേതൃത്വത്തില്‍ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന ജ്വാല ഇമാഗസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും സാംസ്‌കാരിക വേദിയുടെ കലാവിഭാഗം കണ്‍വീനര്‍, ജനറല്‍ കണ്‍വീനര്‍, വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള സി.എ. ജോസഫ് ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ പ്രോഗ്രാം കോഓര്‍ഡിനേറ്ററുമാണ്. പ്രവാസി മലയാളികളുടെ ഇടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട 'സമ്മര്‍ ഇന്‍ ബ്രിട്ടന്‍' 'ഓര്‍മമകളില്‍ സെലിന്‍' 'ഒരു ബിലാത്തി പ്രണയം' എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള സി.എ. ജോസഫ് യുകെ മലയാളികളുടെ പ്രശംസ പിടിച്ചുപറ്റിയ 'ഓര്‍മയില്‍ ഒരു ഓണം'എന്ന ആല്‍ബത്തിനും അയര്‍ക്കുന്നം-മറ്റക്കര സംഗമത്തിന്റെ തീംസോങ്ങിനും ഗാനരചനയും നിര്‍വഹിച്ചിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് യൂണിയന്റെ ഹയര്‍ ഡിപ്ലോമ കോഴ്‌സായ എച്ച്ഡിസിയും കരസ്ഥമാക്കിയിട്ടുള്ള സി.എ. ജോസഫ് നാട്ടില്‍ അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. സഹകരണ ബാങ്ക് ഉദ്യോഗസ്ഥന്‍ ആയിരിക്കെ ലീവെടുത്ത് സൗദി അറേബ്യയിലെ അബഹയില്‍ എത്തിയ ജോസഫ് 15 വര്‍ഷം അവിടെ ജോലി ചെയ്തിരുന്നു. സൗദിയിലും കലാ സാംസ്‌കാരിക മേഖലകളില്‍ സജീവമായിരുന്നു. കമ്മീസ്മുഷയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്മീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. 2006 ല്‍ യുകെയിലെത്തി. ലണ്ടനടുത്ത് ഗില്‍ഫോര്‍ഡില്‍ കുടുംബസമേതം താമസിക്കുന്നു.

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഏബ്രഹാം കുര്യന്‍ 15 വര്‍ഷമായി കുടുംബസമേതം യുകെയിലെ കവന്‍ട്രിയില്‍ ആണ് താമസം. കവന്‍ട്രി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും കേരള സ്‌ക്കൂള്‍ കവന്‍ട്രിയുടെ മുന്‍ പ്രധാനാദ്ധ്യാപകനും ആയിരുന്ന ഏബ്രഹാം കുര്യന്‍, പുരോഗമന കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷയുടെ കവന്‍ട്രി ബ്രാഞ്ച് പ്രസിഡന്റ് ആയും കവന്‍ട്രി കേരളാ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും ആയും ബെര്‍മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. യുക്മ കലാമേളയില്‍ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏബ്രഹാം കുര്യന്‍ മികച്ച സംഘാടകനും വാഗ്മിയുമാണ് . യുകെയില്‍ എത്തുന്നതിനു മുന്‍പ് കേരള വനം വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്നു.

മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ക്രീയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി രൂപീകരിച്ച നാലംഗ വിദഗ്ധ സമിതിയുടെ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുന്നത് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് കോര്‍ഡിനേറ്റര്‍ കൂടിയായ എസ്.എസ് ജയപ്രകാശാണ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കലാ സാംസ്‌കാരിക പ്രസ്ഥാനമായ കര്‍മ കലാകേന്ദ്രത്തിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന എസ്.എസ്. ജയപ്രകാശ് അറിയപ്പെടുന്ന കലാ സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് . സമീക്ഷ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയായും കോട്ടയം ബസേലിയസ് കോളജ് മുന്‍ യൂണിയന്‍ ചെയര്‍മാനായും ജയപ്രകാശ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രവര്‍ത്തക സമിതിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭാസമ്പന്നരായ ആളുകളെ ഉള്‍പ്പെടുത്തി രൂപീകൃതമായ അഡൈ്വസറി കമ്മിറ്റിയുടെ ചെയര്‍മാന്‍ സസ്സെക്സ് യൂണിവേഴ്‌സിറ്റിയിലെ എക്കണോമിക്‌സ് ആന്‍ഡ് ഗ്ലോബല്‍ ഡെവലപ്‌മെന്റ് വകുപ്പ് മേധാവിയായ ഡോ.അരുണ്‍ തങ്കമാണ് .

പ്രവര്‍ത്തക സമിതി കണ്‍വീനര്‍ ആയി ഇന്ദുലാല്‍ സോമന്‍ പ്രവര്‍ത്തിക്കുന്നു. നൂറു ശതമാനം സാക്ഷരത നേടിയ കോട്ടയം ജില്ലയിലെ പ്രമുഖ സാക്ഷരത പ്രവര്‍ത്തകനായി സേവനമനുഷ്ഠിച്ചിരുന്ന ഇന്ദുലാല്‍ സോമന്‍ സമീക്ഷയുടെ മുന്‍ ദേശീയ സമിതി അംഗവും ആയിരുന്നു. അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകനും മലയാളഭാഷാ പ്രചാരകനുമായ ഇന്ദുലാല്‍ സോമന്‍ ലണ്ടനടുത്ത് വോക്കിങ്ങിലാണ് കുടുംബസമേതം താമസം. ഷെഫീല്‍ഡ് എന്‍ എച്ച് എസ് ഹോസ്പിറ്റലില്‍ കുട്ടികളുടെ മനശ്ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിക്കുന്ന ഡോ.സീന ദേവകിയാണ് യുകെ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റ്. ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത് പുരോഗമന സാംസ്‌കാരിക സംഘടനയായ സമീക്ഷയുടെ ദേശീയ പ്രസിഡന്റും മുന്‍ സീരിയല്‍ നടിയും സാഹിത്യകാരിയുമായ സ്വപ്ന പ്രവീണ്‍ ആണ് . മലയാള ഭാഷാ പ്രചാരകരായി പ്രവര്‍ത്തിക്കുന്നവരും വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനാ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരുമായ മുരളി വെട്ടത്ത്, ശ്രീജിത്ത് ശ്രീധരന്‍, സുജു ജോസഫ് , ബേസില്‍ ജോണ്‍, ആഷിക്ക് മുഹമ്മദ് നാസര്‍, ജനേഷ് നായര്‍ രഞ്ജു പിള്ള, എന്നിവരും പ്രവര്‍ത്തക സമിതി അംഗങ്ങളാണ്.

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ കേരളപ്പിറവി ദിനത്തില്‍ മലയാളഭാഷാ പ്രചാരണത്തിനായി തുടക്കം കുറിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നൂറുദിന കര്‍മ്മ പരിപാടികള്‍ ആണ് സംഘാടകര്‍ വിഭാവനം ചെയ്തിരിക്കുന്നത് . മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന പരിപാടികള്‍ക്ക് ഭാഷാ സ്‌നേഹികളായ ആളുകളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ഇക്കഴിഞ്ഞ നവംബര്‍ 8 ഞായറാഴ്ച മലയാളം മിഷന്‍ രജിസ്ട്രാര്‍ എം സേതുമാധവന്‍ 'മലയാളം- മലയാളി-മലയാളം മിഷന്‍' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണം യു കെ ചാപ്റ്ററിനു കീഴിലുള്ള മുഴുവന്‍ സ്‌കൂളുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വളരെ ഉപകാരപ്രദമായിരുന്നു. മലയാളം ഡ്രൈവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് പ്രവര്‍ത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസര്‍, ജനേഷ് നായര്‍, ബേസില്‍ ജോണ്‍ എന്നിവരാണ്.

മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ ആരംഭിച്ച മലയാളം ഡ്രൈവിന്റെ ഭാഗമായി നവംബര്‍ 14 ശനിയാഴ്ച വൈകുന്നേരം 4 പി എം ന് (ഇന്ത്യന്‍ സമയം 9.30 പി എം) പ്രമുഖ കവയിത്രിയും ദളിത് ആക്ടിവിസ്റ്റും പാഠഭേദം മാസികയുടെ എഡിറ്ററുമായ എസ് മൃദുല ദേവി 'പാളുവ (പറയ) ഭാഷയ്ക്ക് മലയാളത്തിലെ പ്രസക്തി' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുന്നു.
'പാളുവ' ഭാഷയില്‍ നിരവധി കവിതകളും രചിച്ചിട്ടുളള എസ് മൃദുലദേവി അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയുമാണ് . മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തുന്ന നവ്യമായ അറിവുകള്‍ പ്രദാനം ചെയ്യുന്ന ഈ ലൈവ് പ്രഭാഷണം എല്ലാ ഭാഷാസ്‌നേഹികളും ശ്രവിക്കണമെന്നും താഴെക്കൊടുത്തിരിക്കുന്ന മലയാളം മിഷന്‍ യുകെ ചാപ്റ്റന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തും പരിപാടികള്‍ ഷെയര്‍ ചെയ്തും യുകെ ചാപ്റ്റര്‍ ഭാഷാ ഉന്നമനത്തിനായി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കണമെന്നും പ്രവര്‍ത്തകസമിതി അഭ്യര്‍ത്ഥിക്കുന്നു.

https://www.facebook.com/MAMIUKCHAPTER/live/

പ്രവാസികളുടെ പുതുതലമുറയെ കേരളത്തിന്റെ സംസ്‌കാരവും ഭാഷയും ആയി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഗവണ്‍മെന്റ് സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍, ഇന്ത്യയ്ക്ക് പുറത്ത് 42 രാജ്യങ്ങളിലും കേരളത്തിന് വെളിയില്‍ 24 സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സംഘടനകളുമായി സഹകരിച്ചുകൊണ്ടാണ് മലയാളം മിഷന്‍ ചാപ്റ്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നത്.

നാല് ഘട്ടങ്ങളിലുള്ള കോഴ്‌സുകളാണ് മലയാളം മിഷന്‍ നടത്തുന്നത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നീ പൂക്കളുടെ പേരുകള്‍ ആണ് ഈ കോഴ്‌സുകള്‍ക്ക് നല്‍കിയിരിക്കുന്നത് . നാലാമത്തെ കോഴ്‌സ് ആയ നീലക്കുറിഞ്ഞി പൂര്‍ത്തിയാക്കുമ്പോള്‍ പഠിതാവ് നാട്ടിലെ പത്താം ക്ലാസിന് തുല്യതയിലെത്തും. കേരളത്തിലെ ഭരണ ഭാഷ മലയാളം ആയതുകൊണ്ട് കേരളത്തില്‍ ജോലി ചെയ്യുന്നതിനായി പിഎസ് സി നടത്തുന്ന എഴുത്തുപരീക്ഷകള്‍ക്ക് മലയാളം മിഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ് . മാതൃഭാഷ പഠിക്കേണ്ടതിന്റെയും സംസാരിക്കേണ്ടതിന്റെയും ആവശ്യകത ഇന്ന് പ്രവാസി മലയാളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

അറിയപ്പെടുന്ന എഴുത്തുകാരിയും പ്രഭാഷകയും കോട്ടയം മണര്‍കാട് സെന്റ് മേരിസ് കോളേജ് മലയാളം വിഭാഗം അധ്യാപികയും ആയിരുന്ന പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് ആണ് മലയാളം മിഷന്റെ ഡയറക്ടര്‍. മലയാളം മിഷന്‍ ഡയറക്റ്ററായി ചുമതലയേറ്റതിന് ശേഷം 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന ലക്ഷ്യത്തിനടുത്തെത്തുവാന്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള മലയാളം മിഷന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

മലയാളം മിഷന്റെ രജിസ്ട്രാര്‍ ആയി ഇപ്പോള്‍ സേവനമനുഷ്ഠിക്കുന്നത് കേരളത്തിലെ സ്‌കൂള്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന ഡയറ്റിന്റെ മേധാവിയായിരുന്ന എം സേതുമാധവനാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ മാനവവിഭവശേഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് എഡ്യൂക്കേഷണല്‍ പ്ലാനിങ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷനില്‍ (NUEPA) നിന്നും എ പ്ലസ് ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ള എം സേതുമാധവന്‍ കേരളത്തിലെ പുതിയ പാഠ്യപദ്ധതി യുമായി ബന്ധപ്പെട്ട പാഠപുസ്തക രചന ശില്പശാല കള്‍ക്കും നേതൃത്വം നല്‍കുന്നു. സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (SCERT) കേന്ദ്രത്തിന്റെ സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സനുമാണ്. അധ്യാപക പരിശീലന രംഗത്ത് ദീര്‍ഘകാല പരിചയസമ്പത്തുള്ള പ്രമുഖ പ്രഭാഷകനായും അറിയപ്പെടുന്ന എം സേതുമാധവന്‍ അധ്യാപക ട്രെയിനിങ്ങിലൂടെ മലയാളം മിഷന്‍ ചാപ്റ്ററുകളിലെ മുഴുവന്‍ അധ്യാപകര്‍ക്കും സുപരിചിതനുമാണ്.

യുകെയില്‍ നല്ല രീതിയില്‍ നടന്നുകൊണ്ടിരിക്കുന്ന സ്‌കൂളുകളില്‍ മൂല്യനിര്‍ണയ പദ്ധതിയായ പഠനോത്സവം 2021 ഏപ്രില്‍ മാസം നടത്തുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തകസമിതി നടത്തിക്കൊണ്ടിരിക്കുകയാണ് . ജാതി മത വര്‍ഗ്ഗ രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി നമ്മുടെ മാതൃഭാഷയും സാംസ്‌കാരിക പൈതൃകവും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുഴുവന്‍ യുകെ മലയാളികളുടെയും പിന്തുണ ഉണ്ടാവണമെന്ന് പ്രവര്‍ത്തകസമിതി അപേക്ഷിക്കുന്നു. മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് ക്ലാസുകള്‍ ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും താഴെകൊടുത്തിരിക്കുന്ന ഈ മെയില്‍ വിലാസത്തിലോ പ്രവര്‍ത്തക സമിതി അംഗങ്ങളെയോ മേഖലാ കോര്‍ഡിനേറ്റര്‍മാരുടെ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ പ്രസിഡന്റ് സി എ ജോസഫും സെക്രട്ടറി ഏബ്രഹാം കുര്യനും അഭ്യര്‍ത്ഥിച്ചു.

1. ബേസില്‍ ജോണ്‍ (സൗത്ത് മേഖല കോഓര്‍ഡിനേറ്റര്‍) 07710021788
2. ആഷിക് മുഹമ്മദ് നാസര്‍ (മിഡ്‌ലാന്‍ഡ്‌സ് മേഖല കോഓര്‍ഡിനേറ്റര്‍) 07415984534
3. ജനേഷ് നായര്‍ (നോര്‍ത്ത് മേഖല കോഓര്‍ഡിനേറ്റര്‍)07960432577
4. രഞ്ജു പിള്ള (സ്‌കോട്ട്ലന്‍ഡ് മേഖല കോഓര്‍ഡിനേറ്റര്‍) 07727192181
5. ജിമ്മി ജോസഫ് (യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ മേഖല കോഓഡിനേറ്റര്‍) 07869400005 6. എസ് എസ് ജയപ്രകാശ് (നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മേഖല കോഓര്‍ഡിനേറ്റര്‍) 07702686022

മലയാളം മിഷന്‍ യുകെ ചാപ്റ്ററിനെ ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം: malayalammissionukchapter@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക