Image

നിതീഷിന്റെ താഴ്ന്ന ശിരസില്‍ ബി.ജെ.പി.യുടെ മുള്‍ക്കിരീടം, ശിരസ് ഉയര്‍ത്തി തേജസ്വി (ഡല്‍ഹികത്ത് : പി.വി. തോമസ് )

പി.വി. തോമസ് Published on 13 November, 2020
 നിതീഷിന്റെ താഴ്ന്ന ശിരസില്‍ ബി.ജെ.പി.യുടെ മുള്‍ക്കിരീടം, ശിരസ് ഉയര്‍ത്തി തേജസ്വി (ഡല്‍ഹികത്ത് :  പി.വി. തോമസ് )
43 വര്‍ഷത്തിനുള്ളിലെ ഏറ്റവും കടുത്ത ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിനുശേഷം ബി.ജെ.പി.ക്ക് അതായത് നരേന്ദ്രമോദി അമിത്ഷാ കൂട്ടുകെട്ടിന് വിജയം കൈവന്നിരിക്കുകയാണ്. അങ്ങനെ ബി.ജെ.പി. ബീഹാറില്‍ വിജയിച്ചു. 2019ന ശേഷം നടന്ന ഒറ്റനിയമസഭ തിരഞ്ഞെടുപ്പിലും ബി.ജെ.പി.ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. മഹാരാഷട്രയില്‍ സഖ്യകക്ഷിയായ ശിവശേന സഖ്യ വി്ട്ട് കോണ്‍ഗ്രസും നാഷ്ണലിസ്റ്റ് കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരിക്കുന്നു. അതിനു മുമ്പ് ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി വന്‍ഭൂരിപക്ഷത്തോടെ ബി.ജെ.പി.യെ തോല്‍പിച്ചു. ഝാര്‍ഖണ്ടിലും ബി.ജെ.പി. തോറ്റു. ഹരിയാനയില്‍ തെരഞ്ഞെടുപ്പാനന്തര സഖ്യത്തിലൂടെ അധികാരം ഒരു വിധം നിലനിര്‍ത്തി. അതുകൊണ്ട് ബീഹാറിലെ വിജയം ബി.ജെ.പി.ക്ക് തികച്ചും ആശ്വാസകരം തന്നെയാണ്. സഖ്യകക്ഷിയായ ജനതദള്‍(യു) വളരെ പിറകോട്ടു പോയി. മുഖ്യമന്ത്രി നിതീഷ്‌കുമാറിന്/ എന്തു സംഭവിച്ചു? അതാണ് ബി.ജെ.പി.യുടെ മറ്റൊരു വിജയം. ഈ വിജയം സാധിച്ചത് എന്‍.ഡി.എ.യിലെ മറ്റൊരു ഘടക കക്ഷിയായ ചിരാഗ് പസ്വാന്റെ ലോകജനശക്തിയിലൂടെയാണ്. ഇത് പരിശോധിക്കാം വഴിയെ. ചിരാഗ് പസ്വാന്‍ കേന്ദ്രമന്ത്രി ആയിരിക്കെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പെ മരിച്ച രാംവിലാസ് പസ്വാന്റെ മകന്‍ ആണ്.

ഇനി ലാലുപ്രസാദ് യാദവിന്റെ (ഇപ്പോള്‍ അഴിമതിക്കുറ്റത്തിന് തടവില്‍) മകന്‍ തേജസ്വിയാദവ് നയിച്ച മഹാസഖ്യത്തിന് എന്ത് സംഭവിച്ചു? അദ്ദേഹത്തിന്റെ രാഷ്ട്രീയജനതദളും സഖ്യകക്ഷികളായ കോണ്‍ഗ്രസും ഇടത്പക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒട്ടും മോശമല്ലാത്ത പ്രകടനം കാഴ്ച വച്ചു. അതുകൊണ്ടാണ് 43 വര്‍ഷത്തിനുള്ളിലെ ഏറ്റവും കടുത്ത പോരാട്ടം ആയി ഇനി നിയമസഭ തെരഞ്ഞെടുപ്പ് മാറിയത്. ഇഞ്ചോടിഞ്ച് പൊരുതിയ മത്സരത്തിലാണ് അവസാനം ബി.ജെ.പി. ജയിച്ചത്. നിതീഷ് കുമാറിനു ജെഡി-യു-വിനും വളരെ ക്ഷീണം ആയിപ്പോയി. സഖ്യത്തിനുള്ളിലെ പോരായിരുന്നു അതിന് കാരണം ബി.ജെ.പി.ക്ക് നിതീഷ്‌കുമാറിനെ ഒതുക്കണം. അതിന് ചിരാഗ് പസ്വാനെ കരുവാക്കി. ഇത് എഴുതുന്ന സമയം വരെ നിതീഷ്‌കുമാര്‍ മുഖ്യമന്ത്രിസ്ഥാനം സ്വീകരിക്കുവാന്‍ മുമ്പോട്ട് വന്നിട്ടില്ല. അദ്ദേഹത്തിന് ചതി മനസിലായെങ്കിലും ഒടുവില്‍ അദ്ദേഹം സമ്മതിച്ചേക്കും. കാരണം നരേന്ദ്രമോദി പരസ്യമായി നിതീഷാണ് ബീഹാറില്‍ എന്‍.ഡി.എ.യുടെ നേതാവ് എന്ന് തിരഞ്ഞെടുപ്പിന് ശേഷവും പ്രഖ്യാപച്ചിട്ടുണ്ട്. പക്ഷേ നിതീഷ് വളരെ തകര്‍ന്ന മട്ടില്‍ ആണ്. 15 വര്‍ഷം തുടര്‍ച്ചയായി അദ്ദേഹം ബി.ജെ.പി. ഭരിച്ചു. ഇത് ഏറ്റവും താഴ്ന്ന സീറ്റ് നിലവാരം ആണ്. ബി.ജെ.പി.യുടെ ആശീര്‍വ്വാദത്തോടെ ചിരാഗ് പസ്വാന്റെ എല്‍.ജെ.പി 25-30 സീറ്റുകളില്‍ നിതീഷിനെ തോല്‍പിച്ചു എന്നാണ് ജെ.ഡി.യു. വൃത്തങ്ങള്‍ പറയുന്നത്. ബി.ജെ.പി.യെക്കാള്‍ കുറഞ്ഞ സീറ്റ് നേടിയ അദ്ദേഹത്തിന് മുഖ്യമന്ത്രി ആകുവാന്‍ താല്‍പര്യമില്ലെന്ന് ജെ.ഡി.യു. വൃത്തങ്ങള്‍ പറഞ്ഞതായിട്ടാണ് ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോട്ട് ചെയ്തത്. ദേശീയ മാധ്യമങ്ങളുടെ റിപ്പോട്ട് പ്രകാരം ചിരാഗ് പസ്വാനും അദ്ദേഹത്തിന്റെ ഒത്താശക്കാരായ ബി.ജെ.പി.യും കൂടെ ചുരുങ്ങിയ പക്ഷം നിതീഷിന്റെ 59 സീറ്റുകള്‍ നശിപ്പിച്ചിട്ടുണ്ട്. ബി.ജെ.പി. അതാണ്  ആഗ്രഹിച്ചത്. നിതീഷിനെ ദുര്‍ബ്ബലനാക്കി ഒര പാവം മുഖ്യമന്ത്രി ആക്കുക. ഇത് ഒരു ചതി രാഷ്ട്രീയം ആണ്. ഇത് നിതീഷിന് മറ്റാരെയും കാള്‍ കൂടുതല്‍ അറിയുകയും ചെയ്യും. മുഖ്യമന്ത്രി ആയാലും അധികകാലം ആയുസില്ലെന്നും അദ്ദേഹത്തിനറിയാം. മന്ത്രിസഭ രൂപീകരണത്തില്‍ പ്രധാനഘടക കക്ഷിയുമായി ഉള്‍പ്പെടുത്തുന്നതു മുതല്‍ വകുപ്പ് അലോക്കേഷന്‍, ഭരണം വരെ പ്രശ്‌നം ആയിരിക്കും.
ഇതിനൊക്കെ പ്രതിഫലമായി ചിരാഗ് പസ്വാന് കേന്ദ്രമന്ത്രി സഭയില്‍ ഒരു സ്ഥാനവും ലഭിച്ചേക്കാം. രാം വിലാസ് പസ്വാന്റെ മരണശേഷം എല്‍.ജെ.പി. കേന്ദ്രമന്ത്രി സഭയില്‍ ഇല്ല. ചിരാഗ് പസ്വാന്റെ നിതീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ബി.ജെ.പി.യുടെ അനുഗ്രഹം ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് അദ്ദേഹത്തെ എന്‍.ഡി.യെയില്‍ നിന്നും പുറത്താക്കുകയോ ഒന്നുശാസിക്കുപോലുമോ ബി.ജെ.പി.യുടെ കേന്ദ്രനേതൃത്വം ചെയ്തില്ല എന്നത്. നിതീഷിന്റെ പിണക്കത്തിന് വേറെയും കാരണങ്ങള്‍ ഉണ്ട്. ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം. കഴിഞ്ഞ് എന്‍.ഡി.എ.യുടെ പോസ്റ്ററുകളില്‍ മോദിയുടെ അല്ലാതെ നിതീഷിന്റെ പടം അടിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബി.ജെ.പി. അദ്ധ്യക്ഷന്‍ ജെ.പി.നഡയും അമിത്ഷായും അഭിന്ദിച്ചത് മോദിയെ മാത്രം ആണ്. പക്ഷേ, അപ്പോഴും നിതീഷ് തന്നെ മുഖ്യമന്ത്രി എന്ന അധര സേവക്ക് മുടക്കം ഉണ്ടായിരുന്നില്ല.

ഇനി എന്‍.ഡി.എ.യുടെയും മഹാസഖ്യത്തിന്റെയും തെരഞ്ഞെടുപ്പ് പ്രകടനത്തിലേക്ക് ഒന്ന് കണ്ണോടിക്കാം. 243 അംഗങ്ങള്‍ ഉള്ള നിയമസഭയില്‍ കേവലഭൂരിപക്ഷം 122 ആണ്. ഇതില്‍ എന്‍.ഡി.എ. 125 സീറ്റുകള്‍ നേടി(ബി.ജെ.പി. 74, ജെഡി-യു 43 പ്ലസ മറ്റുള്ളവര്‍). മഹാസഖ്യത്തിന് നേടാനായത് 110 സീറ്റുകള്‍ (ആര്‍.ജെ.ഡി.75, കോണ്‍ഗ്രസ് 19, ക്മ്മ്യൂണിസ്റ്റ് പാര്‍്ട്ടികള്‍ 16). 25 സീറ്റുകളുടെ മുന്‍തൂക്കം, അതായത് കേവലഭൂരിപകഷം കഴിഞ്ഞ് 3 സീറ്റുകള്‍, എന്‍.ഡി.എ.ക്ക് ലഭിച്ചെങ്കിലും മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ സംഖ്യയില്‍ വലിയ വ്യത്യാസം ഇല്ല. എന്‍.ഡി.എ.യും മഹാസഖ്യവും തമ്മിലുള്ള വോട്ടുകളുടെ വ്യത്യാസം 12,768 ആണ്. അതായത് മൊത്തമുള്ള വോ്ട്ടിന്റെ 0.03 ശതമാനത്തിന്റെ മാത്രം മുന്നിലാണ് എന്‍.ഡി.എ. എന്‍.ഡി.എ.ക്ക് 37.26 ശതമാനം വോട്ട് വിഹിതം ലഭിച്ചപ്പോള്‍ മഹാസഖ്യത്തിന് 37.23 ശമാനം ലഭിച്ചു. ഇതാണ് ഈ തെരഞ്ഞെടുപ്പിന്റെ ഗണിതശാസ്ത്രം.

ഇതിന്റെ രസതന്ത്രം നോക്കിയാല്‍ മോദിക്ക് ഒപ്പം തന്നെ സ്റ്റാര്‍ തേജസ്വി യാദവ് ആണ്. കേവലം 31 വയസ് ഉള്ള തേജസ്വിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ മാമ്മോദിസ ആയിരുന്നു ഇ്ത്. അവസാനം വരെ പൊരുതി അദ്ദേഹം തോല്‍ക്കുകയോ തോല്‍ക്കാതിരിക്കുകയോ ചെയ്തു. വോട്ടെണ്ണലിലെ പാകപ്പികയെകുറിച്ചും തുച്ഛമായ ഭൂരിപക്ഷത്തില്‍ എന്‍.ഡി.എ. ജയിച്ച സീറ്റുകളിലെങ്കിലും പുനര്‍ഗണന നടത്തണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും തള്ളിക്കളഞ്ഞത് വിവാദമായി നിലനില്‍ക്കുന്നു. ഉദാഹരണം ആയി ഹില്‍സ മണ്ഡലം. അവിടെ ജെ.ഡി.യു.- യു.ആര്‍.ജെ.ഡി.യെ തോല്‍പിച്ചത് വെറും 12 വോട്ടുകള്‍ക്ക് ആണ്. വോ്‌ട്ടെണ്ണല്‍ നടന്നുകൊണ്ടിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഒരു ഫോണ്‍ കോള്‍ കൗണ്ടിംങ്ങ് ഓഫീസര്‍ക്ക് ലഭിച്ചെന്നും മറ്റും ആരോപണങ്ങള്‍ ഉണ്ട്. അതിന്റെ വാസ്തവം എന്തായിരുന്നാലും പുനര്‍ഗണന നിരസിച്ചത് ശരിയായില്ല. സി.പി.ഐ.(എം.എല്‍.) ജയിച്ച രണ്ട് നിയോജക മണ്ഡലങ്ങളിലും എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം 100-നും 1000 ത്തിനും അടുത്തായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തില്‍ ഏഴ് നിയോജക മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത് 500 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാത്രം ആണ്. അതുപോലെ 23 മണ്ഡലങ്ങളില്‍ 1000ത്തിനും 1200-നും വോട്ടുകളുടെ ഭൂരിപക്ഷത്തിലും ഇവിടെയെല്ലാം പുനര്‍ഗണന നിഷേധിച്ചത് അനീതിയാണ്.

മഹാസഖ്യത്തെ ഹനിച്ച മറ്റ് രണ്ട് പ്രധാന ഘടകങ്ങള്‍ ആണ് എം.ഐ.എം.-0 അതിന്റെ നേതാവ് അസാധുദിന്‍ ഒവെയ്‌സിയും. ഒവെയ്‌സി ചിരാഗ് പസ്വാനെ പോലെ മഹാസഖ്യത്തിന്റെ അന്തകന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടി മുസ്ലീം സ്വാധീനം ഉള്ള സീമാഞ്ചലില്‍ അഞ്ച് സീറ്റുകള്‍ ആണ് ജയിച്ചത്. ഇത് മഹാസഖ്യത്തിന്റെ മതേതര വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തി. മഹാസഖ്യത്തിന് ഇവിടെ വലിയ തിരിച്ചടി നേരിട്ടു. ഒവെയ്‌സിയുടെ പാര്‍ട്ടി അഞ്ചു സീറ്റുകള്‍ നേടിയത് മാത്രമല്ല ന്യൂനപക്ഷ സമുദായത്തിലെ വോട്ടിന്റെ ഭിന്നതമൂലം അത് ബി.ജെ.പി.യെയും ജെ.ഡി.-യുവിനെയും സഹായിക്കുകയും ചെയ്തു.

മഹാസഖ്യത്തിന്റെ മറ്റൊരു പരാജയം കോണ്‍ഗ്രസ് ആയിരുന്നു. സഖ്യകക്ഷിയായ കോണ്‍ഗ്രസ് വിലപേശി 70 സീറ്റുകള്‍ വാങ്ങി. വിലപേശല്‍ മറ്റൊന്നുമല്ല തേജസ്വി യാദവിനെ മുഖ്യമന്ത്രി മുഖം ആയി അംഗീകരിക്കാം. പക്ഷേ, ഈ 70 സീറ്റുകളില്‍ വെറും 19 സീറ്റുകള്‍ മാത്രം വിജയിക്കുവാനാണ് കോണ്‍ഗ്രസിന് സാധിച്ചത്. ആ സീറ്റുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ആര്‍.ജെ.ഡി.ക്കുമായി പകുതിയായി പങ്കിട്ടെങ്കില്‍ ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ഫലം മറിയാകുമായിരുന്നു. അതായത് കോണ്‍ഗ്രസ് 35, ബാക്കി 35 കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ആര്‍.ജെ.ഡി.ക്കും തുല്യം തുല്യം. 70 സീറ്റുകള്‍ മത്സരിക്കുവാനുള്ള സംഘടന ശക്തിയോ, നേതൃത്വമോ, അനുയായികളോ, വിഭവശേഷിയോ ആശയ ദിശയോ ഒന്നും കോണ്‍ഗ്രസിന് ബീഹാറില്‍ ഇല്ല.
മഹാസഖ്യത്തില്‍ കൊടിപാറിയത് കമ്മ്യൂണിസ്റ്റ് സഖ്യം ആണ്. മത്സരിച്ച  29 സീറ്റുകളില്‍ 16 സീറ്റുകള്‍ ഇവര്‍ ജയിച്ചു. സി.പി.ഐ.(എം.എല്‍.) 12, സി.പി.ഐ.യും സി.പി.എമ്മും രണ്ട്  സീറ്റുകള്‍ വീതം. ഇത് കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റിന്റെ ബീഹാറിലെ ഗതകാലപ്രഭാവത്തെ വിളിച്ചോതുന്നതാണ്. വിജയ ഗതകാലപ്രഭാവത്തെ വിളിച്ചോതുന്നതാണ്. വിജയ ശതമാനത്തില്‍ 29-ല്‍ 16 സീറ്റുകള്‍ നേടിയ ഇടതുസഖ്യം പ്രധാനപാര്‍ട്ടികളില്‍ ബി.ജെ.പി.ക്ക്(66.4 ശതമാനം) തൊട്ട് പിറകില്‍ ഉണ്ട്(55.2 ശതമാനം). ഇത് ബീഹാറില്‍ ഇടതുപക്ഷത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പിന്റെ സൂചനയാണോ? ഇതില്‍ ആര്‍.ജെ.ഡി.യുടെ വോട്ട് കൈമാറ്റത്തിന്റെ ശക്തി ഉണ്ടെങ്കിലും ദാരിദ്ര്യത്തിലും നിരക്ഷരതയിലും ആരോഗ്യമേഖലയിലും കുടിയേറ്റ തൊഴിലാളികളുടെ യാതയിലും ഖനി മാഫിയയുടെ ചൂഷണത്തിലും മുന്‍ നിരയില്‍ നില്‍ക്കുന്ന ഫ്യൂഡല്‍ ബീഹാറില്‍ ഇവിടെ കമ്മ്യൂണിസ്റ്റ് ഉയര്‍ത്തെഴുന്നേല്‍പിന് സ്‌കോപ്പ് ഉണ്ട്.

എന്‍.ഡി.എ.ക്ക് തകര്‍പ്പന്‍ വിജയശതമാനം നേടുവാന്‍ സാധിച്ചില്ലെങ്കിലും ബി.ജെ.പി.യുടെ ചരിത്രപരമായ വിജയത്തിലും ജെ.ഡി.-യുവിനെ പിന്‍തള്ളുവാന്‍ സാധിച്ചതിലും നരേന്ദ്രമോദിക്ക് നല്ല പങ്കുണ്ട്. അദ്ദേഹം കാശ്മീര്‍ പ്രശ്‌നവും, ആര്‍ട്ടിക്കിള്‍ 370-0 പുല്‍വാമ ഭീകരാക്രമണവും രാമക്ഷേത്രനിര്‍മ്മാണവും എല്ലാം ഉയര്‍ത്തുകവഴി ഹിന്ദുത്വ വോ്ട്ടുകളുടെ ധ്രുവീകരണത്തിന് ശ്രമിച്ച് ഒരു പരിധിവരെ വിജയിച്ചു. പക്ഷേ, ബീഹാര്‍ തെരഞ്ഞെടുപ്പിലെ താരം തേജസ്വ യാദവ് ആണ്. പ്രഭമങ്ങിയതാരം നിതീഷ്‌കുമാറു. ഇത് നിതീഷ്‌കുമാര്‍ എന്ന വമ്പന്‍ രാഷ്ട്രീയ വടവൃക്ഷത്തിന്റെ ശരല്‍ക്കാലം ആണ്.

 നിതീഷിന്റെ താഴ്ന്ന ശിരസില്‍ ബി.ജെ.പി.യുടെ മുള്‍ക്കിരീടം, ശിരസ് ഉയര്‍ത്തി തേജസ്വി (ഡല്‍ഹികത്ത് :  പി.വി. തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക