Image

നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതിരിക്കരുത് (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 11 November, 2020
നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതിരിക്കരുത് (ശ്രീകുമാർ ഉണ്ണിത്താൻ)
അനിൽ  നല്ല ഉറക്കത്തിൽ നിന്നും ഉണർന്നു. പിന്നീട് ഉറങ്ങാൻ കഴിയുന്നില്ല, കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കടന്നു വെളുപ്പായപ്പോഴേക്കും അറിയാതെ    നിദ്രയിലേക്ക്  വീണ്ടും മടങ്ങി. ആ നിദ്രയിൽ  കണ്ട സ്വപ്നം അനിലിനെ  അൻപത്  വർഷം  പിന്നിലേക്ക്  നയിച്ചു.  ഏഴര വെളുപ്പിന് കാണുന്ന സ്വപ്നം ഫലിക്കുമെന്നു  പറയാറുണ്ടങ്കിലും ഇത്  ഫലിക്കാൻ യാതൊരു വഴിയുമില്ല. എത്രയോ  വർഷങ്ങൾക്കു  മുൻപ്  നടന്ന സംഭവം, അതെ തന്റെ ദിവ്യ പ്രണയം ഒരു സിനിമ  കഥ  പോലെ  പ്രതിഫലിപ്പിക്കാൻ  തന്റെ മനസിന് കഴിഞ്ഞു. നമ്മളിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങൾ   വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ മനസിൽ  അവിസ്മരണീയമായി  നിലകൊള്ളും എന്നതിന്റെ കുടി തെളിവാണ് തന്റെ സ്വപ്‍നം. അത് ഇന്നലെ നടന്ന ഒരു സംഭവത്തെ പോലെ തോന്നി .

അനിലും അനിതയും ബാല്യകാല സുഹൃത്തുക്കൾ ആയിരുന്നു . കുട്ടികാലം മുതലെ ഒരുമിച്ചു കളിച്ചു വളർന്ന അവർ  കണ്ണെത്താ ദൂരത്തോളം കിടക്കുന്ന പാടശേഖരവും കൈത്തോടുകളും തോട്ടിലൂടെ ഒഴുകി നടക്കുന്ന പരല്‍ മീനുകളെയുമെക്കെ പിടിച്ചും, സാറ്റു കളിച്ചും അങ്ങനെ അവരുടെ ബാല്യകാലം  വളരെ സന്തോഷമായി കടന്നുപോയി. കോളേജിലും  അവിടെയും  അവരുടെ പ്രണയം  പൂത്തുലഞ്ഞു.  അവർ ഒരിക്കലും പിരിയാത്ത പ്രണയജോഡികൾ ആയി.

പ്രേമത്തിനു  ജാതിയില്ല. മതമില്ല. പ്രായമില്ല. ഭാഷയുടെയോ ദേശത്തിന്റെയോ അതിര്‍വരമ്പുമില്ല,   അനിലും അനിതയും മാത്രമുള്ള ലോകം തീര്‍ത്ത് , മരണത്തിനുപോലും പിരിക്കാന്‍ കഴിയാത്ത അഭേദ്യമായ ബന്ധം  അവർക്കിടയിൽ  ശക്തിപ്രാപിച്ചു.പ്രണയം അനശ്വരമായ അനുഭൂതിയാണ്. ആര് പറഞ്ഞാലും കേൾക്കാതെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ദിവ്യമായ, സ്വതന്ത്രമായ അനുഭൂതി തീർക്കാൻ അതിന് കഴിയുന്നു എന്നൊക്കെ  പറയുന്നു.  ഇവിടെ  അത് യാഥാർഥ്യമായി.

എന്തെന്നില്ലാത്ത സുഖവും ഭാവതീവ്രതയും മനുഷ്യമനസ്സുകളില്‍ ജനിപ്പിക്കുന്ന ഒരേയൊരു വികാരമാണ് പ്രണയം എന്ന് കവികൾ പറയാറുണ്ട് . മലയാളത്തിൽ  ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കൃതികൾ എടുത്താൽ പ്രണയമായിരിക്കും വിഷയമെന്നത് തീര്‍ച്ച. വായനക്കാരന്റെ മനസ്സിലേക്ക് പ്രണയതീവ്രത പോലെ എളുപ്പത്തില്‍ മറ്റൊരു വികാരവും എത്തിക്കാന്‍ കഴിയാത്തതാണ് അതിനുകാരണം. പക്ഷേ ആരെങ്കിലും  ഒന്ന് പ്രണയിക്കുന്നത്  ഒരു മലയാളി  അറിഞ്ഞാൽ  അതിനു നൂറു കഥകൾ മെനയാൻ അവർ പാടുപെടുന്നത് കാണാം.

അങ്ങനെ  അത് ഇവിടെയും  സംഭവിച്ചു . അവരുടെ പ്രണയം  വീടുകളിൽ ചർച്ചയായി. അവിടെ ജാതിയും , മതവും, സാമ്പത്തികവും എല്ലാം  പ്രശ്നമായി വന്നു.     അതോടെ  വീട്ടുകാരുടെ  പല വിധത്തിലുള്ള  എതിർപ്പുകളും  കൂടിവന്നു .അവർ  തന്റെ  ചുറ്റുപാടുകളെപ്പറ്റിയും യാഥാർഥ്യങ്ങളുമായും  പൊരുത്തപ്പെടാൻ ശ്രമിച്ചിച്ചു. നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന കപട സദാചാര മനോഭാവവും , അതിർവരമ്പുകളും അവരെ സംബന്ധിച്ചടത്തോളം  വിഷമിപ്പിക്കുന്നതായിരുന്നു.

ആരോ പറഞ്ഞിട്ടുണ്ട്, ജീവിതയാത്രയിലെ ഏറ്റവും വലിയ കണ്ടെത്തല്‍, സ്വന്തം ഇണയെ തെരഞ്ഞെടുക്കുന്നതാണ് എന്ന് .  അച്ഛനമ്മമാരുടെ സ്‌നേഹപിന്തുണ ഏതൊരു ബന്ധത്തിന്റെ പൂര്‍ണ്ണതയ്ക്കും അത്യന്താപേക്ഷിതമാണ് താനും. അവർ ധർമ്മസങ്കടത്തിൽ ആയി.

വളരെ നാളുകൾ നീണ്ടുനിന്ന പ്രണയം തകർന്നു പോകുമ്പോൾ വല്ലാത്ത  നിരാശ  തോന്നും. ഈ ലോകത്ത്  അവർ ഒറ്റയ്ക്കായത്   പോലെ. രണ്ടു പേർക്കും  ഉറക്കം  നഷ്‌ടമായി .ജീവിതം തന്നെ അവസാനിപ്പിച്ചാലോ  എന്ന് അവർ  പരസ്പരം  ചിന്തിച്ചു.

അന്ധമായി പ്രണയിച്ച് ഒരു സുപ്രഭാതത്തില്‍ എല്ലാവരുടെയും മുഖത്ത് കരിവാരിത്തേച്ച് മറ്റൊന്നും ചിന്തിക്കാതെ തെരുവിലേക്കിറങ്ങാനൊരുങ്ങുന്ന പ്രണയങ്ങളില്‍ പവിത്രതയും ഉദാത്തതയും  കാണുന്നവര്‍  കണ്ടേക്കാം . പക്ഷേ   വീട്ടുകാര്‍ക്കു കൂടെ  യോജിച്ച ഒരാളെ തെരെഞ്ഞെടുക്കുവാൻ  പ്രേരിപ്പിക്കുബോൾ,  നമ്മുടെ  ഇഷ്‌ടാനിഷ്‌ടങ്ങൾക്കു  അവിടെ വലിയ വിലയൊന്നും കാണില്ല .   പ്രണയം ഒരു പക്ഷേ അന്ധമായിരിക്കാം, എന്നാല്‍ ജീവിതം അന്ധമാകാതിരിക്കാന്‍ വേണ്ടിയാണ്  വീട്ടുകാരുടെ
 ഈ  ഉപദേശങ്ങൾ  എന്നൊക്കെ  പറയുമെങ്കിലും, അതിൽ യാഥർഥ്യത്തിന്റെ കണികപോലും കാണില്ല.

മറ്റു പലരെയും  പോലെ  അനിലും അനിതയും  അവരുടെ പ്രണയത്തെക്കാൾ ഉപരി വീട്ടുകാരുടെ ഇഷ്‌ടങ്ങൾക്കു വഴങ്ങി .  തികച്ചും വ്യത്യസ്തമായ ജീവിത  സാഹചര്യങ്ങളില്‍ നിന്നും ഒന്നിക്കാനൊരുങ്ങുമ്പോള്‍ എതിര്‍പ്പുകള്‍ സാധാരണമാണ്. അവരുടെ  മനസിലെ മോഹങ്ങള്‍ അവർ  ആര്‍ക്കൊക്കയോ വേണ്ടി ത്യജിച്ചു.  അവരുടെ  മോഹവും സ്വപ്നവും എല്ലം  ദുസ്വപ്നങ്ങൾ  ആയി.

അവർ വീട്ടുകാരുടെ ഇഷ്‌ടമനുസരിച്ചു വേറെ വിവാഹവും കഴിച്ചു.  അനിൽ ജർമനിയിൽ താമസമാക്കി. അതിന് ശേഷം അനിതയെ കണ്ടിട്ടേയില്ല.  രണ്ടു വർഷങ്ങൾക്കു മുൻപ്  ഭാര്യ മരിച്ചു. നാലു കുട്ടികൾ ഉണ്ട് , നാലുപേരും  ഉയർന്ന ജോലിയിൽ.  ഇപ്പോൾ  ഏകനായി താമസം.

പക്ഷേ ഇന്നലെ കണ്ട സ്വപ്നം അതല്ലായിരുന്നു. അവരുടെ കൗമാരകാലത്തെ   പ്രണയം  പൂത്തുല്ലസിക്കുന്നതും  പ്രണയത്തിനു ഒടുവിൽ അവർ വിവാഹിതരാവുന്നതും എല്ലാം ശുഭമായി അവസാനിക്കുന്ന  മനോഹരമായ  ഒരു പ്രണയ വിവാഹം. അവരുടെ വിവാഹത്തിൽ അൻപത്   വർഷം മുൻപ് ജിവിച്ചരുന്ന എല്ലാവരെയും  കാണാൻ കഴിഞ്ഞു . അനിലിന്റെ മനസ്സ്  സന്തോഷം കൊണ്ട് മതിമറന്നു. സ്വപ്നത്തിൽ എങ്കിലും  പ്രണയിച്ച അവരുടെ  വിവാഹം എന്നത് അവൻ ഇപ്പോൾ  ചിന്തിച്ചിട്ട് പോലുമില്ല. പക്ഷേ അതിന്റെ മധുരം അനിലിന്  ഓർക്കാൻകൂടി കഴിയുന്നില്ല.

അനിൽ കണ്ണാടിയിൽ ഒന്ന് നോക്കി.  നരച്ച മുടികളും മീശയും.  പക്ഷേ എന്റെ മനസിന് ആ  വാർദ്ധക്യം  ബാധിച്ചിട്ടില്ല. പ്രണയം ചെറുപ്പക്കാർക്ക് വേണ്ടിയുള്ളതല്ലേ , എന്നെപോലെ പ്രായമായവർക്ക്  ഇത്  സ്വപ്നം പോലും കാണേണ്ട  ആവശ്യല്ലല്ലോ. വാർദ്ധക്യം ഒരു ശാരിക അവസ്ഥമാത്രമാണ്, അത് നമ്മുടെ മനസ്സിനെ  ബാധിക്കുന്നതെയില്ല എന്നക്കെ പറയുമെങ്കിലും, നമ്മുടെ സമൂഹം  അത് അംഗീകരിക്കുമോ?

ഹാ .. ഇത്  വെറുമൊരു സ്വപ്നമല്ലേ ഞാൻ  എന്തിന്  അതിനെപ്പറ്റി വിഷമിക്കണം .

രാവിലെത്തെ  പതിവ് നടപ്പിന് ശേഷം ഒരു കാപ്പി വാങ്ങാം എന്ന് വിചാരിച്ചു അടുത്ത  കോഫി ഷോപ്പിൽ  ലൈനിൽ നിന്നു. മുന്നിൽ  മുന്നുപേർകൂടിയുണ്ട്, അതിൽ  ഒരു പ്രായമായ സ്ത്രിയും. അവരുടെ മകളാണെന്ന്  തോന്നുന്ന ഒരു സ്ത്രിയും  അവരുടെ രണ്ടുകുട്ടികളും ഉണ്ട്. അവർ മലയാളത്തിൽ സംസാരിക്കുന്നത്  കേട്ടപ്പോൾ , ഞാൻ തിരക്കി നിങ്ങൾ മലയാളികൾ ആണ് അല്ലേ. അവരുടെ മറുപടി  അതെ  എന്നായിരുന്നു. ഞാൻ  വിടും നാടുമെക്കെ  തിരക്കി അവർ എന്റെ നാട്ടിൽ നിന്നുതന്നെ.

ആ  പ്രായമായ സ്ത്രിയെ സൂക്ഷിച്ചു നോക്കിയപ്പോൾ  പരിചയം ഉള്ള മുഖം . ഇന്നലെ കണ്ട സ്വപ്നത്തിലെ  അനിത തന്നെ.  

അവർ കുറെ നേരം സംസാരിച്ചു. അവർക്ക്  ഒത്തിരി കാര്യങ്ങൾ പറയാനുള്ളത് പോലെ തോന്നി. അവരുടെ രണ്ടുപേരുടെയും കണ്ണുകളിൽ വീണ്ടും   പ്രണയിക്കാൻ വെമ്പൽ കൊള്ളുന്നത് പോലെ. അവർ  കോളേജ് കാലത്തെ  സുഹൃത്തുക്കൾ ആണെന്ന് അനിത മകളോട് പറഞ്ഞു. വീണ്ടും കാണാം  എന്ന് പറഞ്ഞു  പിരിയിക്കുയും ചെയ്തു.

വീണ്ടും ആ  പ്രണയം അവന്റെ മനസ്സിൽ ചഞ്ചലതകൾ ഉണ്ടാക്കി. ജീവിത സായാഹ്നത്തിന്റെ പാടിവാതിൽക്കലെത്തി നിൽക്കുന്ന എനിക്കിനിയും  പ്രണയമോ? അതിന്  എനിക്കിനിയും  കഴിയുമോ ?
   
 പ്രണയമെന്ന വികാരത്തിന് അൻപത്  വർഷം  കഴിഞ്ഞിട്ടും  കാര്യമായ മാറ്റം ഒന്നും  സംഭവിച്ചിട്ടില്ല എന്ന്  അവന്റെ അനുഭവത്തിൽ നിന്നും   മനസ്സിലാവുന്നു . എത്ര കാലം കഴിഞ്ഞാലും  അതിന്റെ ഭാവം ഒന്നു തന്നെയായിരിക്കും. ആണും പെണ്ണും ഉള്ളിടത്തോളം കാലം അത് നിലനില്‍ക്കുകയും ചെയ്യും. പ്രണയത്തെ വ്യത്യസ്തമാക്കുന്നത് കാലമല്ല, മറിച്ച് മനുഷ്യ ഹൃദയങ്ങളിലെ വ്യതിയാനങ്ങളാണ്.  അവന്റെ മനസ്സ് വീണ്ടും  അവളെ കാണാൻ  കൊതിക്കുന്നു പോലെ  തോന്നി.

ലോകത്തിലെ ഏറ്റവും സുന്ദരമായ പ്രണയസ്മാരകമേതെന്നു ചോദിച്ചാല്‍ നിസ്സംശയം കൊട്ടാരങ്ങളുടെ കിരീടമായ താജ്മഹല്‍ ആണെന്ന്  ചൂണ്ടിക്കാണിക്കാം, എന്നാല്‍ ഏറ്റവും പാവനമായ  പ്രണയം ഷാജഹാന്റെയും മുംതാസിന്റെയുമായിരുന്നെന്ന് ഒരു ചരിത്രവും  പറയില്ല. പക്ഷേ ഇവിടെ  അനിലിന്റെ മനസിൽ തോന്നുന്നു  അവന്റെ പ്രണയമായിരുന്നു ലോകത്തിലേക്ക്  ഏറ്റവും  പാവനമായിരുന്നത് എന്ന്‌.
 
“നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതിരിക്കരുത്” -മാധവികുട്ടി പറഞ്ഞതെത്ര ശരിയാണ്. സ്വപ്നത്തിന്റെ പാതി ചാരിയ വാതിലിലൂടെയെങ്കിലും പ്രണയത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയാത്തവർ ഭാഗ്യഹീനന്‍മാർ  തന്നെ . എത്രയോ വർഷം  കഴിഞ്ഞിട്ടും ഇന്നും  ആ  പഴയ പ്രണയത്തെ  പറ്റി  അവൻ  ആലോചിക്കുബോൾ  സമയം  പോകുന്നത്  അറിയാറേയില്ല. അത്ര ശക്തമാണ് പ്രേമത്തിന്റെ മധുരം. അത് അനുഭവിച്ചു തന്നെ അറിയണം . മനസ്സ്‌ നിറഞ്ഞ്‌ പ്രണയിക്കുവാൻ സാധിക്കുകയെന്നത്‌ തന്നേ ഒരു ജന്മത്തിന്റെ പുണ്യമാണന്നു  അനിൽ വിശ്വസിക്കുന്നു.

"വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം"
Join WhatsApp News
കിടന്ന് പ്രാര്‍ത്ഥിച്ചാൽ 2020-11-11 18:39:23
''ചേച്ചീയേ.. ചേട്ടനെന്തിയേ.. കടയിൽ പോയി.. എങ്കിൽ പായിട് നമുക്ക് പ്രാർത്ഥിക്കാം..'' വീട്ടില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ 58കാരന്‍ പാസ്റ്ററും 20കാരിയും തമ്മില്‍ അടുത്തു.. വീട്ടില്‍ വിവാഹാലോചന എത്തിയപ്പോള്‍ യുവതി പാസ്റ്റര്‍ക്ക് ഒപ്പം ഇറങ്ങി പോയി. കഴിഞ്ഞ 27ന് മുണ്ടക്കയത്ത് എത്തിയ പാസ്റ്ററുടെ കൂടെ യുവതി ഇറങ്ങി പോയി.തുടര്‍ന്ന് ഇരുവരുടെയും മൊബൈല്‍ ഫോണ്‍ വിറ്റ ശേഷം യുവതിയുമായി തമിഴ്‌നാട്ടിലേക്ക് കടന്നു.കമ്പത്ത് എത്തിയതിന് പിന്നാലെ ബൈക്കും പാസ്റ്റര്‍ വിറ്റു.തുടര്‍ന്ന് വിവിധ ലോഡ്ജുകളിലായി കമ്പം,തേനി എന്നിവിടങങ്ങളില്‍ ഇരുവരും കഴിഞ്ഞ് വരികയായിരുന്നു.നേരത്തെ യുവതിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പാസ്റ്ററുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഒന്ന് കിടന്ന് പ്രാര്‍ത്ഥിച്ചാൽ മിക്കവാറും അസുഖം ഒക്കെ മാറും- naradhan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക