Image

ഒബാമയ്ക്കും ഹിലരിക്കും വിലയിട്ട് അല്‍ക്വയ്ദ; ആപ്പിളിന്റെ ആദ്യ കമ്പ്യൂട്ടര്‍ ലേലത്തിന്

Published on 09 June, 2012
ഒബാമയ്ക്കും ഹിലരിക്കും വിലയിട്ട് അല്‍ക്വയ്ദ; ആപ്പിളിന്റെ ആദ്യ കമ്പ്യൂട്ടര്‍ ലേലത്തിന്
മൊഗാദിഷു: യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്റെയും തലയ്ക്ക് സൊമാലിയയിലെ അല്‍ക്വയ്ദ വിഭാഗം വിലയിട്ടു. വില കേട്ട് ആരും ഞെട്ടരുതെന്ന് മാത്രം. ഒബാമയുടെ തലയ്ക്ക് 10 ഒട്ടകത്തിന്റെയും ഹിലരിയുടെ തലയ്ക്ക് 10 കോഴിയുടെയും വിലയേ ഉള്ളൂവെന്നാണ് അല്‍ക്വയ്ദ അവകാശപ്പെടുന്നത്. അല്‍ക്വയ്ദ നേതാക്കളുടെ തലയ്ക്ക് ഇനാം പ്രഖ്യാപിക്കുന്ന യുഎസിന്റെ നടപടിയെ കളിയാക്കാനായാണ് അല്‍ക്വയ്ദ ഒബാമയുടെയും ഹിലരിയുടെയും തലയ്ക്ക് വിലയിട്ടത്. വിഡ്ഡിയായ ഒബാമ എവിടെ ഉണ്‌ടെന്ന് വിവരം നല്‍കുന്നവര്‍ക്ക് 10 ഒട്ടകത്തെയും ഹിലരിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 കോഴിയും ഇനാമായി നല്‍കുമെന്നാണ് അല്‍ക്വയ്ദയുടെ വെബ്‌സൈറ്റില്‍ വാഗ്ദാനം ചെയ്തത്. അല്‍ക്വയ്ദയുടെ സൊമാലിയന്‍ വിഭാഗമായ അല്‍ ഷബാബിലെ ഏഴു നേതാക്കളുടെ തലയ്ക്ക് യുഎസ് വിദേശകാര്യവകുപ്പ് കഴിഞ്ഞ ദിവസം ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അല്‍ക്വയ്ദയുടെ നടപടി.

ആപ്പിളിന്റെ ആദ്യ കമ്പ്യൂട്ടര്‍ ലേലത്തിന്

ന്യൂയോര്‍ക്ക്: ടച്ച് സ്ക്രീനുകളുടെയും ഐപാഡിന്റെയുമെല്ലാം കാലത്ത് സ്ക്രീന്‍ പോലുമില്ലാത്തൊരു കമ്പ്യൂട്ടര്‍ ലേലത്തിന്. 1976ല്‍ ആപ്പിള്‍ നിര്‍മിച്ച ആദ്യ കമ്പ്യൂട്ടറാണ് ലേലത്തിനെത്തുന്നത്. ലേലത്തിലൂടെ 1,80000 ഡോളര്‍ നേടാനാകുമെന്നാണ് കരുതുന്നത്. ഈ മാസം 15ന് പ്രമുഖ ലേലസ്ഥാപനമായ സോതെബൈ ആണ് ലേലം സംഘടിപ്പിക്കുന്നത്. ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവ് വോസ്‌നിയാക്കിന്റെ ബുദ്ധിയില്‍ വിരിയുകയും ആപ്പിളിന്റെ എല്ലെമെല്ലാമായിരുന്ന സ്റ്റീവ് ജോബ്‌സ് കരിയറിന്റെ തുടക്കത്തില്‍ വിപണനം നടത്തുകയും ചെയ്ത കമ്പ്യൂട്ടറാണ് ലേലത്തിനെത്തുന്നത്. 1976 ജൂലൈയില്‍ വില്‍പനയ്‌ക്കെത്തിയപ്പോള്‍ 666.66 ഡോളറായിരുന്നു കമ്പ്യൂട്ടറിന്റെ വില

വൈറ്റ്ഹൗസിലെ വാര്‍ത്ത ചോര്‍ച്ച അന്വേഷിക്കുന്നു

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബറാക് ഒബാമയുടെ വിജയം സുനിശ്ചിതമാക്കാന്‍ വേണ്ടി ദേശീയസുരക്ഷാ സംബന്ധമായ രഹസ്യങ്ങള്‍ വൈറ്റ്ഹൗസില്‍ നിന്നു ബോധപൂര്‍വം മാധ്യമങ്ങള്‍ക്കു ചോര്‍ത്തിനല്‍കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം അന്വേഷിക്കാന്‍ യുഎസ് സര്‍ക്കാര്‍ രണ്ട് അറ്റോര്‍ണിമാരെ നിയമിച്ചു. റൊണാള്‍ഡ് സി. മാഷന്‍ ജൂനിയര്‍, റോഡ് ജെ. റോസന്‍സ്റ്റീന്‍ എന്നിവരെയാണ് അറ്റോര്‍ണി ജനറല്‍ എറിക് ഹോള്‍ഡര്‍ നിയമിച്ചത്. എഫ്ബിഐയും ഇതു സംബന്ധിച്ച അന്വേഷണം നടത്തിവരുന്നുണ്ട്. അടുത്ത നാളുകളില്‍ ഒബാമയെ വ്യക്തിപരമായി ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ടുകള്‍ പ്രമുഖ യുഎസ് പത്രങ്ങളുടെ ഒന്നാം പേജുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വധിക്കേണ്ട തീവ്രവാദികളുടെ പട്ടിക ഒബാമ നേരിട്ടു നിരീക്ഷിക്കുന്നു എന്നതായിരുന്നു ഒരു റിപ്പോര്‍ട്ട്. ഇറാന്‍ ആണവ പദ്ധതി അട്ടിമറിക്കാന്‍ സൈബര്‍ ആക്രമണത്തിന് ഒബാമ ഉത്തരവിട്ടെന്നായിരുന്നു മറ്റൊരു വാര്‍ത്ത.

പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചു തീവ്രവാദികളെ കൊന്നൊടുക്കാനുള്ള നടപടികള്‍, യെമനിലെ തീവ്രവാദി ഗ്രൂപ്പില്‍ കടന്നുകയറിയ ഇരട്ടച്ചാരന്‍ തുടങ്ങിയ വാര്‍ത്തകളും അടുത്ത കാലത്തു പ്രത്യക്ഷപ്പെട്ടവയില്‍ പെടുന്നു. തനിക്കു വേണ്ടിയാണു വാര്‍ത്ത ചോര്‍ത്തിനല്‍കിയതെന്ന ആരോപണം ഒബാമ നിഷേധിച്ചു. എന്നാല്‍ വാര്‍ത്ത ചോര്‍ത്താന്‍ ഉന്നതതലത്തില്‍ ആരെയോ ചുമതലപ്പെടുത്തിയതാണെന്നു പ്രഥമദൃഷ്ട്യാ തന്നെ ബോധ്യപ്പെടുമെന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടി. രഹസ്യം ചോര്‍ത്തിയതു ദേശീയസുരക്ഷയെ അപകടപ്പെടുത്തുന്നതാണെന്നും കുറ്റപ്പെടുത്തി.

ഒബാമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോബി ജിന്‍ഡാല്‍

വാഷിംഗ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റഅ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലൂസിയാന ഗവര്‍ണറും ഇന്ത്യന്‍ വംശജനുമായ ബോബി ജിന്‍ഡാല്‍ രംഗത്തെത്തി. ജിമ്മി കാര്‍ട്ടറിനുശേഷം പ്രസിഡന്റ് പദവിയിലെത്തുന്ന ഏറ്റവും കഴിവുകെട്ട വ്യക്തിയാണ്് ബറാക് ഒബാമയെന്ന് ജിന്‍ഡാല്‍ പറഞ്ഞു.

അങ്ങേയറ്റം ഉദാരതാവാദിയും അങ്ങേയറ്റം കഴിവുകെട്ടവനുമാണ് ഒബാമ. ഈ രണ്ട് സ്വഭാവവിശേഷങ്ങള്‍ കൂടിചേരുമ്പോള്‍ അദ്ദേഹം ഏറ്റവും വിനാശകരിയായ പ്രസിഡന്റുമാവുന്നുവെന്ന് ഷിക്കാഗോയില്‍ യാഥാസ്ഥിതിക രാഷ്ട്രീയസമ്മേളനത്തില്‍ ജിന്‍ഡല്‍ അഭിപ്രായപ്പെട്ടു. സ്വകാര്യ മേഖലയോട് ഒബാമയ്ക്ക് മമതയില്ലെന്നും അദ്ദേഹത്തിന്റെ ഭരണകൂടം യുഎസിനെ യൂറോപ്യന്‍ മാതൃകയിലുള്ള സോഷ്യലിസത്തിലേക്കാണ് നയിക്കുന്നതെന്നും ജിന്‍ഡല്‍ കുറ്റപ്പെടുത്തി. ഒബാമഭരണകൂടത്തിലെ പലര്‍ക്കും സ്വകാര്യ സംരംഭകരില്‍ വിശ്വാസമില്ലെന്നാണ് തോന്നുന്നത്. സര്‍ക്കാരിന് നികുതിപ്പണം ലഭ്യമാക്കുന്ന ഒന്നാണെന്നതില്‍ക്കവിഞ്ഞ പ്രാധാന്യം അവര്‍ സ്വകാര്യമേഖലയ്ക്ക് കല്‍പ്പിക്കുന്നില്ല. ഒബാമയ്ക്ക് സ്വകാര്യമേഖല ഒരു അന്യരാജ്യംപോലെയാണ്. അദ്ദേഹത്തിന് അവിടം സന്ദര്‍ശിക്കാന്‍ പാസ്‌­പോര്‍ട്ടും കാര്യങ്ങള്‍ മനസിലാക്കാന്‍ പരിഭാഷകനെയും ആവശ്യമാണെന്നും ജിന്‍ഡല്‍ പരിഹസിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക