Image

കരിങ്കുന്നം അസോസിയേഷനും, കലികയും ബിഡികെയും രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

Published on 08 November, 2020
 കരിങ്കുന്നം അസോസിയേഷനും, കലികയും ബിഡികെയും രക്തദാനക്യാമ്പ് സംഘടിപ്പിച്ചു


കുവൈറ്റ് സിറ്റി: കേരളപ്പിറവിയോടനുബന്ധിച്ച് കുവൈറ്റ് കരിങ്കുന്നം അസോസിയേഷന്‍, കലിക ശാസ്ത്രസാഹിത്യ കൂട്ടായ്മ എന്നിവയുടെ സഹകരണത്തോടെ ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്റര്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. നവംബര്‍ 6, വെള്ളിയാഴ്ച ഉച്ചക്ക് ഒന്നു മുതല്‍ വൈകുന്നേരം ആറു വരെ അദാന്‍ ബ്ലഡ് ബാങ്കില്‍ വച്ച് നടന്ന ക്യാമ്പില്‍ 144 പേര്‍ രക്തം ദാനം ചെയ്തു. അന്തരിച്ച കുവൈത്ത് അമീര്‍, ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ സ്മരണാര്‍ത്ഥം കൂടിയായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം കുവൈറ്റ് കരിങ്കുന്നം അസോസിയേഷന്‍ രക്ഷാധികാരി ജോഷി മാരിപ്പുറം നിര്‍വ്വഹിച്ചു. ബിഡികെ രക്ഷാധികാരി മനോജ് മാവേലിക്കര കേരളപ്പിറവി സന്ദേശം നല്‍കി. കലിക ബഷീര്‍, ദീപ്‌തേഷ്, രാജന്‍ തോട്ടത്തില്‍, ജയ്‌സണ്‍ വിച്ചാട്ട് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

കരിങ്കുന്നം അസോസിയേഷന്‍ പ്രസിഡണ്ട് ജയേഷ് തോട്ടനാനിയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ രഘുബാല്‍ ബിഡികെ സ്വാഗതവും, നിമിഷ് കാവാലം നന്ദിയും പറഞ്ഞു.
നളിനാക്ഷന്‍, ദീപുചന്ദ്രന്‍, ജെയ്‌സണ്‍ മേലേടം, രമ്യ ജെയ്‌സണ്‍, റെജി, ദീപു, ജെനി, ജെയ്സ്, ലിസ്റ്റിന്‍,റിനു, റിന്റു, സോഫി രാജന്‍, വേണുഗോപാല്‍, രാജേഷ് ആര്‍ജെ, തോമസ് ജോണ്‍ അടൂര്‍, മുനീര്‍, രജീഷ് ലാല്‍, രഞ്ജിത്, സതീഷ്, പ്രവീണ്‍, മന്‍സൂര്‍, എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ലോകത്തിന്റെ ഏത് കോണില്‍ പോയാലും സ്വന്തം നാടിനോടും, മാതൃഭാഷയോടുമുള്ള ആത്മബന്ധം ഉയര്‍ത്തിപ്പിടിക്കുന്നവരാണ് മറ്റുള്ളവരേപ്പോലെ തന്നെ കേരളീയരും. അതുകൊണ്ട് തന്നെ കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാമ്പില്‍ കേരളീയ വേഷത്തില്‍ തന്നെയാണ് മിക്കവരും പങ്കെടുത്തത്.

ഓരോ വിശേഷദിനങ്ങളിലും രക്തദാനമെന്ന മഹത്തായ കര്‍മ്മം ചെയ്യുന്നതിലൂടെ മനുഷ്യന്‍ തീര്‍ത്ത എല്ലാ അതിര്‍വരമ്പുകള്‍ക്കും അപ്പുറം പരസ്പരം പങ്കുവയ്ക്കലിന്റെയും, സഹജീവിസ്‌നേഹത്തിന്റെയും സന്ദേശം സമൂഹത്തില്‍ വ്യാപിപ്പിക്കുക എന്നതാണ് ബിഡികെ ഉദ്ദേശിക്കുന്നത്.

സെന്‍ട്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തുടങ്ങിയ രക്തദാനപ്രചരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവരും, അടിയന്തിര ഘട്ടത്തില്‍ രക്തദാതാക്കളുടെ സൗജന്യസേവനം ആവശ്യമുള്ളവരും ബിഡികെ കുവൈറ്റിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരുകളായ 6999 7588 / 5151 0076 എന്നിവയിലൊന്നില്‍ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക