Image

ബിന്ദു ടിജിയ്ക്ക് നെരളക്കാട്ട് രുഗ്മണിയമ്മ കവിതാ പുരസ്കാരം കവി അയ്യപ്പന്‍ പഠനകേന്ദ്രം സമ്മാനിച്ചു

(ജോര്‍ജ് നടവയല്‍ Published on 08 November, 2020
ബിന്ദു ടിജിയ്ക്ക് നെരളക്കാട്ട് രുഗ്മണിയമ്മ കവിതാ പുരസ്കാരം കവി അയ്യപ്പന്‍ പഠനകേന്ദ്രം സമ്മാനിച്ചു
ഡാളസ്: കവി അയ്യപ്പന്‍ അനുസ്മരണവും, നെരളക്കാട്ട് രുഗ്മണിയമ്മ കവിതാ പുരസ്കാരസമര്‍പ്പണവും നടത്തി. എ.അയ്യപ്പന്‍ കവിതാപഠനകേന്ദ്ര ട്രസ്റ്റും ലാനയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. കെ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. എ. അയ്യപ്പന്‍ കവിതാപഠനകേന്ദ്രം ട്രസ്റ്റ് പ്രസിഡന്റ്, കവി, ഗാന രചയിതാവ്, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലാ സ്ഥാപക വൈസ് ചാന്‍സലര്‍, കേരളാ മുന്‍ ചീഫ് സെക്രട്ടറി എന്നീ നിലകളില്‍ പ്രശസ്തനാണ് കെ ജയകുമാര്‍. "നിശബ്ദ ദൂരങ്ങള്‍' എന്ന കാവ്യസമാഹരം  രചിച്ച  കവയിത്രി ബിന്ദു ടിജിയ്ക്ക് "നെരളക്കാട്ട് രുഗ്മണിയമ്മ കവിതാ പുരസ്കാരം' കെ ജയകുമാര്‍ സമ്മാനിച്ചു.  ലാനാ പ്രസിഡന്റ്‌ജോസന്‍ ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു. എ.അയ്യപ്പന്‍ കവിതാപഠനകേന്ദ്രം ട്രസ്റ്റ് സെക്രട്ടറിയും,  സമകാലിക കവികളില്‍ ശ്രദ്ധേയനുമായ കവി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. ലാന സെക്രട്ടറി അനിലാല്‍ ശ്രീനിവാസന്‍ നന്ദി പറഞ്ഞു. ലാന ജോയ്ന്റ് സെക്രട്ടറി ജോര്‍ജ്ജ് നടവയല്‍ അവതാരകനായിരുന്നു.

നിരൂപകനും ഗ്രന്ഥകര്‍ത്താവും കാലടി സംസ്കൃത സര്‍വ്വകലാശാല തൃശൂര്‍ കേന്ദ്രം മലയാളവിഭാഗം മേധാവിയുമായ ഡോ.എം കൃഷ്ണന്‍ നമ്പൂതിരി, ബിന്ദു ടി ജിയുടെ "നിശ്ശബ്ദ ദൂരങ്ങള്‍' എന്ന പുരസ്കാര കൃതി അവലോകനം ചെയ്ത് പരിചയപ്പെടുത്തി.

ചിത്രകാരിയും കവിയും തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജ് പ്രൊഫസറുമായ ഡോ. കവിത ബാലകൃഷ്ണന്‍ പ്രശസ്തിപത്രം അവതരിപ്പിച്ചു. ലാന അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ ജോസ് ഓച്ചാലില്‍, നെരളക്കാട്ട് രുഗ്മണിയമ്മയുടെ മകളും ചിത്രകാരിയും കവയിത്രിയുമായ നിര്‍മ്മല പിള്ള, എഴുത്തുകാരി ആമി ലക്ഷ്മി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. പുരസ്കാര ജേത്രി കവയിത്രി ബിന്ദു ടിജി മറുപടി പറഞ്ഞു.
എ അയ്യപ്പന്‍ അനുസ്മരണവും കവി സമ്മേളനവും കൊടുങ്ങല്ലൂര്‍  കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ കോളേജിലെ റിട്ടയേഡ് മലയാളം പ്രൊഫസറും നിരൂപകയുമായ വി.കെ സുബൈദ ഉദ്ഘാടനം ചെയ്തു. കവിയരങ്ങില്‍ ലാനാ ട്രഷറാര്‍ കെ കെ ജോണ്‍സണ്‍, സന്തോഷ് പാലാ, അനശ്വര്‍ മാമ്പിള്ളി, ഹരിദാസ് തങ്കപ്പന്‍ എന്നിവര്‍ അയ്യപ്പന്റെ കവിതകള്‍ ആലപിച്ചു.

കെ ജയകുമാര്‍: "2014ല്‍ എ അയ്യപ്പന്‍ കവിതാ പഠന കേന്ദ്രം സ്ഥാപിച്ചത് മുതല്‍ കൃത്യമായി അയ്യപ്പന്‍ സ്മരണയും കവിതാ പുരസ്കാര ദാനവും നടത്തന്നുണ്ട്. കോവിഡ് പ്രതികൂല സാഹചര്യത്തിലും അത് മുടങ്ങാതെ നടത്താന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ട്. എ.അയ്യപ്പന്‍ കവിതകളിലെ ഭാഷാപ്രയോഗവും ഉള്‍മുഴക്കവും ലാളിത്യവും മാന്ത്രികതയും അനന്യസുന്ദരങ്ങളായി അലയടിക്കുന്നു. മലയാള ഭാഷയെ കേരളത്തിലെ സകല വിദ്യാഭ്യാസ മേഖലയിലും ഉള്‍ക്കൊള്ളിക്കേണ്ടതിന്റെ പ്രാധാന്യം, ഭാഷാ ദിനം ആചരിക്കുന്ന കേരളപ്പിറവി ദിനാഘോഷവേളയില്‍ തീക്ഷ്ണമാകുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തും മലയാള ഭാഷ സജീവമാകണം. ഭാഷ ഏറ്റവും ഉജ്ജ്വലമായ അവസ്ഥയില്‍ എത്തുന്നത് എഴുത്തുകാരന്റെ ഭാഷയിലൂടെയാണ് . എഴുത്തുകാരാണ് ഭാഷയുടെ ശക്തിയെയും സൗന്ദര്യത്തെയും പുറത്തുകൊണ്ടുവരുന്നത്. എഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍,  കുമാരനാശാന്‍ മുതല്‍ ചങ്ങമ്പുഴ, കടമ്മനിട്ട എന്നിങ്ങനെ അനവധി മലയാള മഹാകവികള്‍ ഭാഷയുടെ ശക്തി സ്രോതസുകള്‍ നമുക്ക് കാണിച്ചു തരുന്നു. മലയാള സാഹിത്യകൃതികള്‍ ലോക സാഹിത്യത്തിന്‍റെ ശ്രദ്ധയിലേക്ക് വരണം . നോബല്‍ സമ്മാനം പോലുള്ള അംഗീകാരങ്ങള്‍ മലയാള കൃതികള്‍ക്ക് ലഭിക്കണം. ഇതിനായി നമ്മുടെ കൃതികള്‍ ലോക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തേണ്ടത് ആവശ്യമാണ്. ലാനയുടെ സഹകരണം അഭ്യര്‍ഥിക്കുന്നു. ബിന്ദു ടിജിയുടെ നിശ്ശബ്ദ ദൂരങ്ങള്‍ എന്ന കൃതിയ്ക്ക് എ അയ്യപ്പന്‍ ട്രസ്റ്റ് നെരളക്കാട്ട് രുഗ്മണിയമ്മ പുരസ്കാരം നല്‍കുന്നതില്‍ അതീവ സന്തോഷമുണ്ട്. കവിതയെ സൂക്ഷ്മമായി വാറ്റിയെടുക്കുന്ന ഒരു തന്ത്രം ബിന്ദുവിന്റെ രചനകളിലുണ്ട്. നിശ്ശബ്ദതയിലാണ് കവിത പിറക്കുന്നത്. മരുഭൂമിയില്‍ കാതങ്ങളോളം ജലരാശി തേടുന്ന വേരിന്റെ ആസക്തിയാണ് എന്റെ കവിത എന്ന് ബിന്ദു പറയുന്നു. എല്ലാ കവികളിലും കുടികൊള്ളുന്ന അറ്റമില്ലാത്ത ശുഭാപ്തി വിശ്വാസം കൊണ്ട്, മരുഭൂമിയുടെ അടിത്തട്ടിലൂടെ എന്റെ വേരുകള്‍ ജലരാശി തേടുന്നു എന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം എഴുതുമ്പോള്‍ അവര്‍ കവിയായി മാറുന്നു. പദങ്ങളെ വളരെ ജാഗ്രതയോടുകൂടിയും സ്‌നേഹത്തോടുകൂടിയും ബിന്ദു ടിജി പരിചരിക്കുന്നു'.  .

ഡോ.എം കൃഷ്ണന്‍ നമ്പൂതിരി: "കാവ്യഭാഷയിലും ഭാവനയിലും ബിംബകല്പനയിലും ആവിഷ്കാര രീതിയിലും ആഖ്യാനതന്ത്രത്തിലും വ്യത്യസ്തമായ ഒരു നില കവയിത്രി ബിന്ദു ടിജി പുലര്‍ത്തുന്നു. പലായനം, മായാത്ത കറുപ്പ് , വളര്‍ത്തുകവിത, ഉടലാഴങ്ങള്‍ , സ്വപ്നക്കെണി, കടല്‍ തേടി എന്നീ കവിതകള്‍ അതിശ്രദ്ധേയ കവിതകള്‍'.

വി.കെ സുബൈദ: "ഭാഷയെ കുറിച്ച് ഏറെ ഉത്തരവാദിത്തമുള്ള കവിയാണ് അയ്യപ്പന്‍ . ഗദ്യം എഴുതണമെങ്കില്‍ പോലും വൃത്തശാസ്ത്രം അറിയണം എന്ന് ഉദ്‌ബോധിപ്പിച്ച കവി. അയ്യപ്പന്‍റെ കവിതകള്‍ മനുഷ്യജീവിതത്തിന്റെ നിഗൂഢതകള്‍ അന്വേഷിക്കുന്നു'.

ലാനാ പ്രസിഡന്റ് ജോസന്‍ ജോര്‍ജ്ജ്:എ അയ്യപ്പന്‍ കവിതാ പഠനകേന്ദ്രട്രസ്റ്റ്  നടപ്പാക്കുന്ന മലയാള കൃതികളുടെ പരിഭാഷാ യത്‌നത്തില്‍ ലാന പൂര്‍ണ്ണമായും സഹകരിക്കും'.
 
ലാനാ സെക്രട്ടറി അനിലാല്‍ ശ്രീനിവാസന്‍: "അമേരിക്കയില്‍ നിന്നുള്ള  മലയാളം എഴുത്തുകാരെ അംഗീകരിക്കുന്ന  കേരളമലയാളസാഹിത്യലോ കത്തിന്റെ പുതു സമീപനം ഏറെ പ്രതീക്ഷ നല്‍കുന്നു'.

(ജോര്‍ജ് നടവയല്‍, ലാനാ ജോയ്ന്റ് സെക്രട്ടറി)


Join WhatsApp News
Sudhir Panikkaveetil 2020-11-08 13:14:29
Hearty congratulations Ms.Bindu Tigi Ji.
Bindu Tiji 2020-11-09 00:32:30
Thank you Sudheer Sir
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക