Image

ഭരണകുപ്പായം (ഷാജു ജോൺ)

Published on 08 November, 2020
ഭരണകുപ്പായം (ഷാജു ജോൺ)
ഭരണം ...?.
 കൈമാറി  ഊരുന്ന  പളുങ്കുകുപ്പായം
പലരുടെ കൊതിക്കെറുവുകൾക്കിടയിൽ   
ചിലർ മാത്രമണിയും    
മൊഞ്ചുള്ള  കാഞ്ചനകുപ്പായം
 പ്യൂപ്പ പെറ്റിട്ട നനുത്ത നൂലിൽ
'പൗരാവകാശം'  നെയ്തിട്ട പട്ടു കുപ്പായം

എന്നാലോ ......?
സ്വർണ നൂലിൽ കോർത്ത
മരതക മണികൾ തിളങ്ങും
ഗോചരമല്ലാത്തോരഴിമതി തൻ  
വ്യാളി മുഖമാണത്തിൽ  നിറയെ!
അഞ്ചു വര്‍ഷം തഞ്ചത്തിലൊരാളിടും
ഇഞ്ചി കവർപ്പു നുണഞ്ഞ പോൽ  
പിന്നെ മറ്റൊരാൾക്കേകും  
 
ഊരുമ്പോൾ ........?
അസഹ്യമാം  നാറ്റമാണത്തിനു  
വിയർപ്പിന്റെ കെട്ട നാറ്റം,
അഴുക്കിന്റെ  ഓവുചാൽ നാറ്റം
ചൂടി വാടിയ  പിച്ചിപ്പൂവിന്റെ  നാറ്റം
കഫം കെട്ടിയ തൊണ്ടയിൽ നിന്ന്  
ചിതറി തെറിച്ചെത്തിയ  തുപ്പലിന്റെ
 അറപ്പുളവാക്കുന്ന നാറ്റം   

അനന്തരം .........?
കൈമാറിയാൽ  കഥയപ്പാടെ  മാറും
നിറമൽപമേ  മങ്ങാതത്   
ഡ്രൈ ക്‌ളീനിങ്ങിനാൽ  പുതു പുത്തനാക്കും  
അറേബ്യൻ അത്തറിൽ ആറാടിക്കും     
നൂലല്പം മാത്രം പൊട്ടിച്ചു  പാകമാകും
പുതുമാറ്റങ്ങളിൽ മറ്റെല്ലാമലിഞ്ഞു പോകും  
കിരീടധാരണയുത്സവ കൊഴുപ്പിൽ
വാഴ്വ് ചൊല്ലുന്ന വിധേയാരാൽ
മോടിയായ്  അണിയിക്കപ്പെടും  

തുടർന്ന് ...........?.  
 നീലച്ച നീന്തൽ തടാകത്തിലെ
ശാന്തമാം   ഓളപ്പരപ്പിൽ
ഒഴുകുന്ന കാഞ്ചന താലത്തിലെ  
 മധു ചഷകം ചുണ്ടോടടുപ്പിക്കും   
നവയുഗ  ഒമർഖയമുമാരാവുമവർ   
ഹുക്ക പുകച്ച ചുരുളുകളിലൂടെ  
സ്വപ്നാടനത്തേരിൽ   അനന്തമാം
ആകാശത്തു നീന്തി നടക്കും  
മദന  നർത്തന നടന  താളത്തിൽ
ചടുല ചുവടുകളിൽ
ഇടറാതെ പടർന്നൊഴുകും
 

അപ്പോഴും..........!
പുറത്തു നിലവിളികൾ  ആണ്
വിശപ്പിന്റെ കാളുന്ന വിളി,
കൊറോണയുടെ കൊലവിളി,
ജീവിക്കാനുള്ള വ്യഗ്രതയുടെ  വിളി
മൗനം മറുപടി പറയുന്നൊരീ വിളികൾ,   
ഭൗമ പടലത്തിൻ അതിരുകളിൽ
എവിടെയോ അമർന്നു തീരുന്നു  

ഓ ...........!.
തരാട്ടോന്നുമല്ലല്ലോ ആ വിളികൾ-
കാതുകൾക്കിമ്പമേകാൻ   
കേൾക്കുവാനൊട്ടു  നേരവുമില്ല
ഒരു  കൺസൾറ്റന്റിനെ  വയ്ക്കാം  
അവർ നോക്കട്ടെ
ഭണ്ഡാരത്തിലല്ലേ  വെള്ളിക്കാശുള്ളത് !
കുപ്പായം ഉരാതെ നോക്കാൻ
ഓശാന പാടുന്നോരാശ്രിതരെ   വേണം
'ഹല്ലേലുയ്യാ' പാടുന്ന ഗായകരെവിടെ ?
നിരനിരയായവരെ   അണിനിരത്തു....

ആരവിടെ? ...
രാജാവ് നഗ്നനെന്നാരെങ്കിലും പറഞ്ഞുവോ ?
ആ നാവുകൾ ചുണ്ടോടു  ചേർത്ത്
കാരിരുമ്പുരുക്കിയുല ചെയ്ത ശൂലം തുളക്കട്ടെ
ശരണ മന്ത്രങ്ങൾക്കൊന്നും ഭേദിക്കനാകാതെ    
ഇരു പുറവും മണിച്ചിത്ര പൂട്ടിട്ടു മുദ്ര വയ്ക്

അടിയൻ .....!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക