Image

പുഴയൊഴുകുന്നു (കവിത: ആറ്റുമാലി)

Published on 07 November, 2020
പുഴയൊഴുകുന്നു (കവിത: ആറ്റുമാലി)
കാട്ടില്‍ കഴിച്ച ബാല്യകാലം
ഒരു കുസൃതിക്കുരുന്നായിരുന്നു പുഴ.
പാറക്കെട്ടുകളും കാട്ടുവള്ളികളും കൂട്ട്.
കാട്ടുചില്ലകളില്‍ ഊയലാടി;
കാട്ടുപൂക്കളെ മുത്തംവെച്ചു.
തെളിനീരില്‍ പരല്‍മീനുകള്‍ സഖികളായി.
ഉയരെ വെള്ളിമേഘങ്ങളും
ഓരത്ത് മാന്‍പേടക്കിടാങ്ങളും
കണ്ണിമയ്ക്കാതെ നോക്കിനില്‍ക്കെ,
അടിത്തട്ടില്‍, തിളങ്ങുന്ന മണല്‍ത്തരികള്‍
ഓരോന്നും കുളിര്‍ചൂടി മയങ്ങി.

നാട്ടില്‍ കഴിച്ച യൗവനം:
ഇരുകരകളിലും കുട ചൂടി
നിന്ന കേരനിരകളെ കണ്ടപ്പോള്‍,
പുസ്തക സഞ്ചികളുമായി സോല്ലാസം
കടന്നുപോകുന്ന കുട്ടികളെ കണ്ടപ്പോള്‍,
അവരുടെ നൂറുനൂറ് കഥകളും,
പൊട്ടിച്ചിരികളും കാതിലെത്തിയപ്പോള്‍,
താന്‍ വളര്‍ന്നതും വലുതായതും
വൈകിയാണെങ്കിലും പുഴ അറിഞ്ഞു.
മഴക്കാലങ്ങളില്‍ തവിട്ടുനിറമുള്ള
കോടിമുണ്ടുകള്‍ മാറിമാറിയുടുത്തു.
കര്‍ക്കിടകത്തില്‍ പനിച്ച് വിളച്ച്
കരകവിഞ്ഞൊഴുകി നാടിനെ വിറപ്പിച്ചു!

കാലം വീണ്ടുമൊഴുകി. ഒപ്പം പുഴയും;
സമതലങ്ങളിലൂടെ, വയലേലകള്‍ക്കരികിലൂടെ.
എന്തെന്തു ദുരനുഭവങ്ങള്‍, പീഢാനുഭവങ്ങള്‍!
എത്രയോ തവണ വിഷച്ചാലുകളില്‍
മുങ്ങിമരിക്കേണ്ടതായിരുന്നു!
നിറവും മണവും ഗുണവും നഷ്ടപ്പെട്ട്,
വീത്ത് പഴുത്ത പുഴയാണിന്ന്!
ആരും പ്രാത:സ്‌നാനത്തിനെത്താറില്ല.
പടവുകളില്‍ കുടിവെള്ളം തേടിയെത്താറില്ല.
മൂക്കുപൊത്തി പോകുന്ന പഥികര്‍.
വഴിമാറിപ്പോകുന്ന മൃഗങ്ങള്‍!
ഊര്‍ദ്ധ്വന്‍ വലിക്കുന്ന പുഴ!
ഓര്‍മ്മയിലുണരുന്ന ബാല്യം-
എന്തുനല്ല തുടക്കമായിരുന്നു!
പണ്ടുണ്ടായ മതങ്ങള്‍ പോലെ,
പിന്നുണ്ടായ ഇസങ്ങള്‍ പോലെ,
ഇന്നും ഈ പൊഴയൊഴുകുന്നു!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക