Image

അഭിപ്രായ വോട്ട്, പ്രവചനങ്ങൾ: നമ്മൾ എന്തിന് ചെവി കൊടുക്കണം? (മീട്ടു റഹ്മത്ത് കലാം)

Published on 06 November, 2020
അഭിപ്രായ വോട്ട്, പ്രവചനങ്ങൾ: നമ്മൾ എന്തിന് ചെവി കൊടുക്കണം?  (മീട്ടു റഹ്മത്ത് കലാം)

തിരഞ്ഞെടുപ്പ് കാലം ആകുന്നതോടെ സജീവമാകുന്ന പ്രത്യേക വിഭാഗമാണ് രാഷ്ട്രീയ നിരീക്ഷകർ. ആര് വാഴും ആരു വീഴും എന്നത് സംബന്ധിച്ച കൃത്യമായ കണക്കുകൾ കയ്യിലുണ്ടെന്ന് വീമ്പിളക്കിയാണ് ഇവരുടെ രംഗപ്രവേശം. ജനങ്ങൾക്ക് വിശ്വാസം തോന്നുന്ന രീതിയിൽ ഓരോ മണ്ഡലത്തിലും ഓരോ സ്ഥാനാർത്ഥിക്കും എത്ര വോട്ട് ലഭിക്കുമെന്നും എത്ര ഭൂരിപക്ഷത്തിൽ വിജയം കരഗതമാകുമെന്നും ഇക്കൂട്ടർ കവിടി നിരത്തിപ്പറയും. രാഷ്ട്രീയത്തിൽ താല്പര്യം ഇല്ലാത്തവരെപ്പോലും ആകർഷിക്കുന്ന ലഹരി പോലെ എന്തോ ഒന്ന് അവരുടെ വാചക കസർത്തിലുണ്ട്. ഒന്ന് കേട്ടാൽ അവരെന്താണ് ഇനി മൊഴിയുന്നതെന്ന്  അറിയാനുള്ള ആകാംക്ഷയിൽ ഊണും ഉറക്കവും ഉപേക്ഷിക്കാൻ വരെ പ്രേരിപ്പിക്കുന്നത്ര വശ്യമാണ് ഇലക്ഷൻ ചൂടിൽ ഉതിർന്നുവീഴുന്ന പ്രവചനപ്പെരുമഴ. 

3.5 പോയിന്റുകൾക്കാണ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡ സ്വന്തമാക്കിയത്. 2016 ൽ 1.1 പോയിന്റുകൾക്ക് ട്രംപ് ഫ്ലോറിഡയിൽ വിജയിച്ചിരുന്നതുമാണ്. മൂന്നിരട്ടി ശക്തമായ വിജയമാണ് ട്രംപ് നേടിയെടുത്തത്. പ്രവചന വീരന്മാരുടെ കവിടിയിൽ ജോ ബൈഡൻ ഫ്ലോറിഡയിൽ 2.5 പോയിന്റുകൾക്ക് വിജയിക്കുമെന്നാണ് തെളിഞ്ഞിരുന്നത്. 

ഇനി ഇതിനെ ആളുകൾ പോളിംഗ് പിഴവെന്ന് വിളിക്കും. സാമാന്യ യുക്തിയിൽ ഫ്ളോറിഡയുടെ പോക്ക് നോക്കിയാൽ 2016 ലെ ഇലക്ഷനെത്തുടർന്ന് ഗവർണറുടെ കാര്യത്തിലും 2018 ൽ സെനറ്റിലും സംഭവിച്ചതിന്റെ ആവർത്തനം എന്നോണം ഈ വിജയത്തിൽ അതിശയിക്കാൻ ഒന്നും തന്നെയില്ല. 

യഥാർത്ഥത്തിൽ രാഷ്ട്രീയ പ്രവചനം തട്ടിപ്പാണ്. ഊഹാപോഹങ്ങൾക്കപ്പുറം അതിൽ ഒരുതരത്തിലും കഴമ്പില്ല. പ്രവചനാതീതമായതുകൊണ്ടാണ് ഫലം അറിയാൻ ആളുകൾ ആവേശത്തോടെ കാത്തിരിക്കുന്നതും. എന്നാൽ എന്തൊക്കെയോ ചില പഴയ കാല കണക്കുകളും എടുത്ത് ഇനി ഇതാണ് സംഭവിക്കുക എന്ന് ശാസ്ത്രീയമായി അവതരിപ്പിച്ച് പറ്റിക്കുകയാണ് പോളിംഗ് ഫലങ്ങളിലൂടെ. 

ജനിക്കാൻ പോകുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് പറയുന്നതുപോലെയാണ് ആര് ജയിക്കുമെന്ന് പ്രവചിക്കുന്നതും. പ്രവചനങ്ങൾ ശരിയാകാനും അല്ലാതിരിക്കാനുമുള്ള സാധ്യത തുല്യമാണല്ലോ. യഥാർത്ഥത്തിൽ ഈ പോളിംഗ്, രാഷ്ട്രീയക്കാരുടെ പതിനെട്ട് അടവുകളിലൊന്നാണ്. തുടർച്ചയായ തർക്കങ്ങളിലൂടെ അവർ ജനമനസ്സുകളെ സ്വാധീനിച്ച് വോട്ട് ചെയ്യിക്കും. മനഃശാസ്ത്രപരമായി രണ്ടു തരം ആളുകളെ പോളിംഗ് ബാധിക്കും. തങ്ങൾ ഉദ്ദേശിക്കുന്ന സ്ഥാനാർഥി വിജയിക്കുമെന്നുള്ള പോളിംഗ് ഫലം, വോട്ടർമാരിൽ ആവേശവും ഊർജവും നിറയ്ക്കും. ഇതിന് വിപരീതമായി എതിരാളിയെ അനുകൂലിക്കുന്നവരിൽ നിരാശയും മടുപ്പും ജനിപ്പിക്കും. പോളിംഗ് ഒരിക്കലും രാജ്യത്തിന് ഗുണകരമായ ഒന്നല്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. 

പ്രവചനങ്ങളിൽ വിശ്വസിച്ച് നമുക്ക് അമളി പറ്റുന്ന ആദ്യ സംഭവമല്ല ഫ്ലോറിഡയിൽ കണ്ടത്. 2012 ലെ ഒബാമ തിരഞ്ഞെടുപ്പിലും 2014 ൽ സെനറ്റിലും 2016 ൽ ട്രംപ് -ഹിലരി മത്സരത്തിലും എല്ലാം നമ്മൾ മണ്ടന്മാരായതാണ്. എങ്കിലും പ്രവചനങ്ങൾക്ക് കാതോർക്കൽ ഇനിയും തുടരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക