Image

ഷാര്‍ജയില്‍ വന്‍ തീപിടുത്തം: മലയാളികളുടെ സ്ഥാപനങ്ങള്‍ കത്തി നശിച്ചു

Published on 09 June, 2012
ഷാര്‍ജയില്‍ വന്‍ തീപിടുത്തം: മലയാളികളുടെ സ്ഥാപനങ്ങള്‍ കത്തി നശിച്ചു
ഷാര്‍ജ: ഷാര്‍ജ റോളയിലുണ്ടായ തീപിടിത്തത്തില്‍ മലയാളികളുടെ സ്ഥാപനങ്ങള്‍ കത്തിനശിച്ചു. ഹെഡ്‌ പോസ്‌റ്റോഫിസ്‌ പ്രവര്‍ത്തിക്കുന്ന ഭാഗത്തുള്ള ഗേറ്റ്‌ ബില്‍ഡിങില്‍ വെള്ളിയാഴ്‌ച വൈകീട്ട്‌ നാലുമണിയോടെയാണ്‌ തീപിടിത്തമുണ്ടായത്‌. ആര്‍ക്കും പരിക്കില്ല. വന്‍ സാമ്പത്തിക നഷ്ടം കണക്കാക്കുന്നു.

തൃശൂര്‍ പാവറട്ടി സ്വദേശി ഷെരീഫ്‌ നടത്തുന്ന ദാറുല്‍ റുഖിയ എന്ന പുസ്‌തക വില്‍പനശാലയിലാണ്‌ അപകടമുണ്ടായത്‌. സമീപത്ത്‌ മഞ്ചേരി സ്വദേശി അബ്ദുല്‍ ലത്തീഫ്‌ നടത്തുന്ന സ്റ്റുഡിയോ, മലപ്പുറം സ്വദേശി അസീസിന്‍െറ ഹൈഫ ഗ്‌ളാസ്‌ സ്‌റ്റോര്‍ എന്നിവയിലേക്കും തീ പടര്‍ന്നു. ഇതില്‍ ബുക്ഷോപ്പ്‌ പൂര്‍ണമായും കത്തിനശിച്ചു. ഇവിടെയുണ്ടായിരുന്ന കളര്‍ ഫോട്ടോസ്റ്റാറ്റ്‌ മെഷീന്‍, അനവധി പുസ്‌തകങ്ങള്‍, മറ്റു പഠനോപാധികള്‍ എന്നിവ തീ വിഴുങ്ങി. മറ്റുള്ള സ്ഥാപനങ്ങള്‍ക്ക്‌ ഭാഗികമായ കേടുപാടുകള്‍ സംഭവിച്ചു.

നിരവധി മലയാളികളുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്തെ മൂന്ന്‌ നിലയുള്ള റസിഡന്‍ഷ്യല്‍ കെട്ടിടമാണിത്‌. വെള്ളിയാഴ്‌ചകളില്‍ ഉച്ചക്ക്‌ ശേഷമാണ്‌ സ്ഥാപനങ്ങള്‍ തുറക്കാറുള്ളത്‌. ഇന്നലെ പതിവുപോലെ സ്ഥാപനം തുറന്നയുടന്‍ അകത്തുനിന്ന്‌ പുകയുയരുന്നത്‌ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ കടയില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക്‌ ഓടിയ തിന്‌ പിന്നാലെ തീ ആളിപ്പടര്‍ന്നു. ഇത്‌ കണ്ട്‌ മുകള്‍ നിലകളില്‍ താമസിക്കുന്നവര്‍ പുറത്തേക്കിറങ്ങിയോടി. ബാച്ചിലര്‍മാരാണ്‌ അധികവും താമസിക്കുന്നത്‌. പാസ്‌പോര്‍ട്ട്‌ പോലുള്ള രേഖകളുമായി ഇവര്‍ പുറത്തേക്കോടുകയായിരുന്നു. വിവരം അറിഞ്ഞ്‌ സിവില്‍ ഡിഫന്‍സുകാര്‍ എത്തി കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിഛേദിക്കുകയും തീ മറ്റിടങ്ങളിലേക്ക്‌ വ്യാപിക്കുന്നത്‌ തടയുകയും ചെയ്‌തത്‌ കൊണ്ട്‌ വന്‍ ദുരന്തം ഒഴിവായി. മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ്‌ തീ നിയന്ത്രണവിധേയമായത്‌. അപകടത്തെ തുടര്‍ന്ന്‌ പൊലീസ്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ വന്‍ ഗതാഗതക്കുരുക്കാണ്‌ മേഖലയില്‍ രൂപപ്പെട്ടത്‌.
ഷാര്‍ജയില്‍ വന്‍ തീപിടുത്തം: മലയാളികളുടെ സ്ഥാപനങ്ങള്‍ കത്തി നശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക