Image

ബാക്കിപത്രം ക്രവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 05 November, 2020
ബാക്കിപത്രം ക്രവിത: വേണുനമ്പ്യാര്‍)
അലറുന്ന മൌനത്തിന്റെ പൂര്‍ണിമയില്‍  
പൂഴിത്തരിയോരോന്നും  പാറയായി
പാറയോരോന്നും പര്‍വതമായി
പര്‍വതങ്ങളുടെ   കപാലത്തില്‍നിന്നു ചുരത്തപ്പെട്ടു
ഗംഗയും യൂഫ്രട്ടീസും!

മുലക്കണ്ണിനു ചുട്ടികുത്തുന്ന മംസക്കുത്തുകള്‍പോലെ
കടല്‍ക്കരയില്‍ പൂഴിത്തരികള്‍ വേറിട്ട്....വേറിട്ട്...!

വേറിട്ട് വേറിട്ട് നിന്നവയുടെ
എണ്ണം എണ്ണിനോക്കി
ക്ഷീരപഥത്തിലെ നക്ഷത്രങ്ങള്‍ക്ക് തുല്യമാണവ  
അവയൊക്കെ ഒന്നിച്ചപ്പോള്‍
മരുഭൂമികള്‍ ഉണ്ടായി  
എണ്ണിയാല്‍ തീരാത്ത മരുഭൂമികള്‍!!

മരുഭൂമികളില്‍ ചുമട് താങ്ങാന്‍ വിധിക്കപ്പെട്ട
ഒട്ടകങ്ങളാണോ മനുഷ്യര്‍?
അവര്‍ക്കൊരിക്കലും സിംഹങ്ങളാകാന്‍
കഴിയില്ലെന്നുണ്ടോ !  

മുന്തിരിത്തോപ്പുകളില്‍ പാര്‍ക്കാന്‍  
അവര്‍ക്കു അനുവാദമില്ല
ലഹരിയുടെ ഓരോ പാനപാത്രത്തിലും നിറയുന്നത്  
അവരുടെ ചുടുരക്തം.
 
ഭീതി കലര്‍ന്ന  ഉന്മാദത്തില്‍  മാന്തവെ
പൊരിമണലിനുള്ളില്‍ തടഞ്ഞത്  വേതാളച്ചിരി
ഫ്രീസ്  ചെയ്ത ഒരു തലയോട്;
കരയിലുപേക്ഷിക്കപ്പെട്ട  വലംപിരിശംഖിന്റെ നിറം
എന്റെ മുടിയും ചെവിയും കണ്ണുംമററുംചിരണ്ടിയെടുത്താല്‍
ശേഷിക്കുന്നത് ഇത്   പോലൊരു  ഓടാകില്ലേ?  
അപ്പോള്‍ എന്റെ സ്വപ്‌നങ്ങള്‍, ഓര്‍മ്മകള്‍, ഇവയൊക്കെ
എവിടെപ്പോയി ഒളിക്കും?  എന്നെ ഞാനാക്കുന്നതെല്ലാം ഒരു നിമിഷം
എനിക്ക് അന്യമാവില്ലേ?


ഇതൊരു പക്ഷെ ഞാനൊരിക്കലും പിച്ച കൊടുക്കാത്ത
ആ ഒറ്റക്കയ്യന്‍  പിച്ചക്കാരന്റെ തലയോടാകാം.
ഇതൊരു പക്ഷെ ഒരിക്കല്‍ ഞാന്‍ ചുടുചുംബനങ്ങള്‍ കൊണ്ട്
വീര്‍പ്പു മുട്ടിച്ചു കൊന്ന ആ കാമുകിയുടേതാകാം.
ഒന്നും മനസ്സിലാകുന്നില്ല;
ഈ തലയോടിന്റെ ഉടമ ആര്?
പൂഴിയില്‍ കുഴിച്ചിട്ട ഒരു കുരുശിനുകീഴെ
ഈ ദുസ്വപ്നം ആരുടെ?

ഒരു പക്ഷെ ജീവിതത്തില്‍ ഗതി മുട്ടി ആത്!മഹത്യ ചെയ്ത ഒരുവന്റേതാകാം.
അല്ലെങ്കില്‍   എന്നുള്ളിലെ ആ അപരന്റെ, ഡബിളിന്റെ  
പൊട്ടിത്തെറിക്കാറായ തലയോട്ടിയാകില്ലെന്നു ആര് കണ്ടു!.

ഗംഗേ പറയൂ, യൂഫ്രട്ടീസ് പറയൂ,  
ആസ്തിബാധ്യതകള്‍ മാഞ്ഞുപോയ  
ഈ ബാക്കിപത്രംമാത്രം  എന്തിന്...?എന്തിന്..?
പൂഴിയില്‍ കുഴിച്ചിട്ട ഒരു കുരുശിനുകീഴെ
ഈ ദുസ്വപ്നം ആരുടെ?   ആരുടെ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക