Image

കുവൈറ്റില്‍ മലയാള മാസാചരണത്തിനു തുടക്കം കുറിച്ചു

Published on 02 November, 2020
 കുവൈറ്റില്‍ മലയാള മാസാചരണത്തിനു തുടക്കം കുറിച്ചു


കുവൈറ്റ് സിറ്റി: കേരള സര്‍ക്കാരിന്റെ മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്ററിനു കീഴിലുള്ള മേഖല ഓഫീസായ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ (എസ്എംസിഎ) സംഘടിപ്പിക്കുന്ന മലയാള മാസാചരണത്തിനു തുടക്കമായി.

എസ്എംസിഎ കുവൈറ്റിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടി മലയാള മിഷന്‍ പഠനകേന്ദ്രങ്ങള്‍ സംഘടിപ്പിക്കുന്ന 'ഭൂമി മലയാളം' പരിപാടിയോട് ചേര്‍ന്നാണ് നടത്തപ്പെടുന്നത്.

നവംബര്‍ ഒന്നിനു നടന്ന മാസാചരണ വിളംബര സമ്മേളനത്തില്‍ രാഷ്ട്ര ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ മാത്യു ചന്ദ്രന്‍കുന്നേല്‍ മുഖ്യാതിഥി ആയിരുന്നു. പത്രവായനയിലൂടെ വ്യക്തിത്വ വികാസമെന്ന വിഷയത്തിലൂന്നി നിന്നുകൊണ്ട് അദ്ദേഹം സംസാരിച്ചു. കുട്ടികളില്‍ പത്ര പാരായണം ഒരു ശീലമാക്കുന്നതിന് ദീപിക ദിനപത്രവും എസ്എംസിഎ മലയാള പഠനകേന്ദ്രവും ചേര്‍ന്ന് നടത്തുന്ന പദ്ധതിക്കും ഇതോടെ തുടക്കമായി.

ഒരു മാസം നീളുന്ന പരിപാടികളുടെ പോസ്റ്റര്‍പ്രകാശനം മാത്യു മറ്റത്തില്‍ നിര്‍വഹിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ബോബി കയ്യാലപ്പറമ്പില്‍ പരിപാടികള്‍ വിശദീകരിച്ചു. കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികസനവും മലയാളി സംസ്‌കാരത്തിന്റെ രൂപീകരണവും പരിശീലനവും ലക്ഷ്യമിട്ടുകൊണ്ടു നടത്തുന്ന 'കേരള ശ്രീ' റിയാലിറ്റി ഷോ മാസാചരണത്തിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും.

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ ഓരോ ഘട്ടത്തിലും പരിശീലന കളരികള്‍ ഉണ്ടായിരിക്കും. കൂടാതെ ആര്‍ജെ ഫാദര്‍ എന്നറിയപ്പെടുന്ന സിജോ ചെനാടന്‍ സിഎംഐ നേതൃത്വം നല്‍കുന്ന 'മാറുന്ന മലയാളി, മാറുന്ന മലയാളം' എന്ന വെബിനാറും പത്ര പ്രവര്‍ത്തകനായ ജോമോന്‍ മങ്കുഴിക്കരി നയിക്കുന്ന 'വാര്‍ത്തകള്‍ ഉണ്ടാവുന്ന വഴി' എന്ന വെബിനാറും നടക്കും. ഓരോ ദിവസവും മലയാളത്തിലെ സാഹിത്യ ശാഖകളിലെ പ്രതിഭാശാലികളെ പരിചയപ്പെടുത്തുന്ന സുവര്‍ണ തൂലിക എന്ന വീഡിയോ സീരീസും ആഴ്ചതോറും കുട്ടികളുടെ കാലാഭിരുചികള്‍ പ്രകടിപ്പിക്കുന്ന യുട്യൂബ് റിലീസുകളും മലയാള മാസാചരണത്തിന്റെ ഭാഗമായുണ്ടാവും.

ലോകമെമ്പാടുമുള്ള മലയാളം മിഷന്‍ പ്രവര്‍ത്തകരോടും പഠിതാക്കളോടും ചേര്‍ന്ന് എസ്എംസിഎ കുവൈറ്റിന്റെ കുട്ടികളും അധ്യാപകരും ഭാഷാ പ്രതിജ്ഞ ചൊല്ലി. മലയാളം മിഷന്‍ കുവൈറ്റ് ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ബഷീര്‍ ബാത്ത പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. എസ്എംസിഎ കുവൈറ്റ് വൈസ് പ്രസിഡന്റ് സുനില്‍ റാപ്പുഴ അധ്യക്ഷത വഹിച്ചു. ബിജോയ് പാലാക്കുന്നേല്‍, ആന്റണി മനോജ്, ജാനെക്‌സ് ജോസ്, ജോനാ മഞ്ഞളി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജോയിന്റ് സെക്രട്ടറി ലിയോ കൊള്ളന്നൂര്‍ സ്വാഗതവും ട്രഷറര്‍ വില്‍സണ്‍ വടക്കേടത്ത് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക