Image

ബെര്‍ലിനില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു

Published on 02 November, 2020
 ബെര്‍ലിനില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചു


ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളുള്ള വിമാനത്താവളം ബര്‍ലിന്‍ ബ്രാണ്ടന്‍ബുര്‍ഗ് വില്ലിബ്രാന്റ് എന്ന പേരിലാണ് അറിയപ്പെടുക.

ഒന്‍പത് വര്‍ഷം വൈകി, സാങ്കേതിക തടസങ്ങളെ ചൊല്ലി ഒന്‍പത് തവണ ഉദ്ഘാടനം മാറ്റി വച്ചാണ് ഇപ്പോള്‍ ഇത് സാധ്യമായത്. അമിത ബജറ്റിലും വൈറസ് ബാധിച്ച വിമാന ഗതാഗത പ്രതിസന്ധിയുടെ മധ്യത്തിലുമാണ് പുതിയ വിമാനത്താവളം പണി പൂര്‍ത്തിയാക്കി രാജ്യത്തിനായി സമര്‍പ്പിച്ചത്.

2006 ലാണ് ഇതിന്റെ പണി തുടങ്ങിയത്. നേരത്തെ നഗരത്തിലുണ്ടായിരുന്ന ടെമ്പിള്‍ഹോഫ് 2008 ല്‍ നിര്‍ത്തിയിരുന്നു. ടേഗല്‍, ഷോണെഫെല്‍ഡ് എന്നീ വിമാനത്താവളങ്ങള്‍ ഏകോപിപ്പിച്ചാണ് പുതിയ വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ നവം 8 നു ടേഗല്‍ വിമാനത്താവളം പ്രവര്‍ത്തന രഹിതമാവും.

ശേഷിയുടെ കാര്യത്തില്‍, പ്രതിവര്‍ഷം 46 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയുന്നതാണ് പുതിയ വിമാനത്താവളം. ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിച്ച് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കു ശേഷം രാജ്യത്തെ മൂന്നാമത്തെ വലിയ വിമാനത്താവളമാണിത്. നിശ്ചയിച്ച ബജറ്റിനേക്കാള്‍ 4 ബില്യണ്‍ യൂറോ അധിക ച്ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.2023 ല്‍ വിമാനത്താവളം പൂര്‍ണതോതില്‍ സജ്ജമാകുന്‌പോള്‍ 7 ബില്യണ്‍ യൂറോയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കുറഞ്ഞ നിരക്കില്‍ പറക്കുന്ന ഈസി ജെറ്റ് വിമാനമാണ് ഉദ്ഘാടന ലാന്റിംഗ് നടത്തിയത്. തുടര്‍ന്നു രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായ ലുഫ്താന്‍സയും പറന്നിറങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക