Image

കണ്ണീർ സെൽഫികൾ {കവിത: വേണുനമ്പ്യാർ}

Published on 01 November, 2020
കണ്ണീർ സെൽഫികൾ {കവിത: വേണുനമ്പ്യാർ}
1

കണ്ണീർ കുറുക്കി
കല്ലുപ്പ് കിട്ടി;
സൂക്ഷിച്ചു കരളിന്റെ
പൊൻസഞ്ചിയിൽ.  
മുറിവിലന്യോന്യം  
പുരട്ടി,  വീണ്ടും
നോവിൻ തിരിക്കു
കൊളുത്തുമഗ്നി!
വേരും ചിറകുമറ്റവർ  നാം
മുദ്രപ്പത്രത്തിലൊപ്പിട്ടു നൽകും  
ദുർവാശിക്കണ്ണീർ!

2

ഉള്ളിക്കണ്ണീർ  മകൾക്കു  നൽകാം,
മുതലക്കണ്ണീർ മകന്
പുകക്കണ്ണീർ  മകൾക്കു  നൽകാം,
കാമക്കണ്ണീർ മകന്  
നൽകാമസൂയക്കണ്ണീർ
ശത്രുവാമയൽക്കാരനും!

3

ഏതു  ഹിമാലയം  ഉരുകിയിട്ടാണ്
നിന്റെ  കണ്ണുകളിലൂടെ ഗംഗാജലം  ഒഴുകുന്നത്
ആ ഹിമാലയത്തെ അറിയാനുള്ള മനസ്സ്  എനിക്കില്ലാതായോ!!

4

ഓലപ്പാമ്പിനെ    കണ്ടു  അസ്സൽ  പാമ്പാണെന്ന് കരുതി, ഒരിക്കൽ,  നീ  പേടിച്ചു നിലവിളിച്ചില്ലേ!  നിന്റെ കവിളിൽനിന്ന്  ഞാൻ ആ   സംത്രാസക്കണ്ണീരൊക്കെയും     ഒരിലക്കുമ്പിളിൽ   വാർത്തെടുത്തിരുന്നല്ലോ!     ജീവന്റെ നിധിയായ   ഒരോർമ്മക്കൂടായിരുന്നില്ലേ  ആ ദിനം!  
 
ഇല്ലിക്കമ്പും  ഈർക്കിലിയും  വെള്ളയ്ക്കയും  കൊണ്ട്      
ഒരു  കളിവണ്ടിയുണ്ടാക്കി   അന്ന്  കൈമാറിയപ്പോൾ,  ഓർമ്മയുണ്ടോ,    
ഗംഗ   ഉറവിടമായ  ഹിമാലയത്തിലേക്ക് തിരിച്ചുപോയത്?
 
5

"സന്തോഷം വരുമ്പോൾ   വലതു കണ്ണിൽ  നനവ്  പടരും.   എന്നാൽ
ദുഖത്തിന്റെ കണ്ണീർ  പൊട്ടുക  ഇടതു കണ്ണിലാകും."    
തുടർന്ന് കണ്ണീരിന്റെ രാസസംയോഗത്തെക്കുറിച്ചു  സയന്റിസ്റ്റായ യുവസുഹൃത്ത്    വാചാലനായി :   "കവികൾ പുകഴ്ത്താറുള്ള ഒരു വിശുദ്ധിയും കണ്ണീരിനില്ല, മാഷെ.  ഇറ്റ് കണ്ടൈൻസ്   മുസിൻ , ലിപിഡ്സ് , ലൈസോസയിൻ, ലാക്ടോഫെറിൻ , ലിപോക്കലിൻ, ലക്ചറൈറ്റിൻ , ഇമ്മ്യൂണോഗ്ലോബുലിൻസ് ......"

6

വീടെന്ന   വജ്രക്കുമിളയുടെ വട്ടച്ചൂവരിനകത്തു  
ഞാൻ ഒരു ജീവശ്ശവം,  നീ മറ്റൊരു ജീവശ്ശവം!
മരണത്തിനു മുന്നേ നമ്മൾ മരിക്കാൻ ശീലിക്കുകയാണോ?

കാലുഷ്യത്തിന്റെ ഏതു ചുഴലിക്കറ്റിലാണ്
അലിവിൻറെ   ബാലപാഠങ്ങൾ  വിസ്മരിച്ചു പോവുന്നത്?

ഒന്നിന് പിറകെ മറ്റൊന്നായി സോപ്പ്കുമിളകൾ    ഊതി പറത്തി,പകയും  ക്രോധവും   അളവുകളും  തീണ്ടാത്ത കണ്ണീരിൽ സ്നാനപ്പെട്ട്         ഒരിക്കൽക്കൂടി പണ്ടേപ്പോലെ  വണ്ടറടിച്ചു കുന്നിൻചെരിവിലും   പുഴയോരത്തും  കിനാവിലെന്നോണം   കനമേതുമില്ലാതെ   പറക്കാതെ പറക്കാനാവില്ലേ!   എങ്ങനെയാണ്   ചിറകുകൾ നഷ്ടമായത്? ആരാണ്   വേരുകൾ കുഴിച്ചെടുത്തു   കനലിലിട്ടത്?    

7

എന്തിനാ     എനഞ്ഞോണ്ടിരിക്കുന്നത് ? നിനക്ക്  ആ സയന്റിസ്റ്റിനെയാണ് ഇഷ്ടമെങ്കിൽ നീ  എല്ലാം  വിട്ടെറിഞ്ഞു  അവന്റെകൂടെ  ഇറങ്ങിപ്പോ.
വീട്ടിൽ  എനിക്കല്പം സമാധാനം തരണം.   ഒറ്റയ്ക്ക് ജീവിക്കാൻ അറിയാത്തവനല്ല ഞാൻ.  മടുപ്പിക്കുന്ന ഈ പതിവുചടങ്ങു ഒന്ന് നിർത്തുന്നുണ്ടോ? ഇങ്ങനെ   പോയാൽ ഉറപ്പായും  ഒരു ഭ്രാന്തന്റെ കണ്ണീരിൽ     മുങ്ങി   പിടഞ്ഞു  പിടഞ്ഞു.........നിന്റെ കണ്മുന്നിൽ.................  ഞാൻ................!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക