പാമ്പും കോണിയും - നിർമ്മല - നോവൽ - 18
SAHITHYAM
31-Oct-2020
SAHITHYAM
31-Oct-2020

കുഞ്ഞിനെ കുളിപ്പിക്കാൻ വല്യമ്മച്ചിയില്ല.
ചോറുവെച്ച് നെയ് ചേർത്ത് ഊട്ടാൻ അമ്മയില്ല.
വേതിട്ട് കുളിപ്പിക്കാൻ കാളിയമ്മയില്ല.
കാലിനിടയിലെ മുറിവ് നീറിപ്പിടഞ്ഞാൽ പറയാനൊരാളുമില്ല.
പുതു മണവാളൻമാർക്ക് കഞ്ഞി വെക്കാനറിയില്ല.
മീൻകൂട്ടി ചോറു വേണം.
പ്രസവിച്ച് തൊണ്ണൂറ്റാറു മണിക്കൂർ കഴിഞ്ഞപ്പോൾ യുവതികൾ ജോലിക്കു പോയി. അമ്മ ചമയാൻ നേരം തികയുന്നതിനുമുമ്പേ ...
ഓരോ മണിക്കൂറും ഡോളറാണു വിളയിക്കുന്നത്. രൂപയായി പെരുകുന്ന ഡോളർ. മോർട്ട്ഗേജ്, നാട്ടിൽ പണിയുന്ന വീട് . അനുജന്റെ പഠിത്തം.
പെറ്റു കിടക്കുന്നത് ആർഭാടമാണ്.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ;
നിർമ്മലയുടെ നോവൽ
പാമ്പും കോണിയുംകളി തുടരുന്നു..
.... .... ....
നാട്ടിൽ നിന്നും മടങ്ങി വന്നു കഴിഞ്ഞ് പെട്ടി തുറക്കുന്നത് ലളിതയ്ക്കിഷ്ടമാണ്. ഉപ്പേരിയുടെ , അവിലോസുണ്ടയുടെ , ഏലയ്ക്കയുടെ , കുരുമുളകിന്റെ മണങ്ങൾ പുതിയ പാത്രങ്ങൾ. പുട്ടുകുടവും കുറ്റിയും, ഇടിയുരൽ, ഇഡ്ഡലി കുട്ടകം, സ്റ്റീലിന്റെ തട്ടുപാത്രം , പുതിയ സാരികൾ, ബ്ലൗസ്സുകൾ, ജൂബ്ബ, ധോത്തികൾ, പാവയ്ക്കാക്കുരു, പയറിൻവിത്ത്, ആഭരണങ്ങൾ , ചെരിപ്പുകൾ.
പെട്ടി നിറയെ കേരളമാണ്. പെട്ടി നിറയെ സ്നേഹമാണ്. പെട്ടി നിറയെ കരുതലാണ്. പെട്ടി നിറയെ നഷ്ടങ്ങളുടെ അടയാളമാണ്.
പൊതിഞ്ഞു കൊണ്ടുവന്ന പത്രങ്ങൾ ചുളിവു നിവർത്തി കബോഡിലെ ഒരു മൂലയിൽ ലളിത സൂക്ഷിച്ചുവെക്കും. ഇടയ്ക്കിടെ എടുത്തു വായിച്ചു നോക്കും. വിജയനും അതെടുത്ത് വായിക്കുന്നത് അവൾ കാണാറുണ്ട്. വിജയൻ നാട്ടിൽവെച്ച് പത്രം മുഴുവനും ദിവസവും രാവിലെ മനപാഠമാക്കിയതാണ്. പിന്നെ റേഡിയോ ന്യൂസും ക്ഷമയോടെ കേട്ടതാണ്. എന്നിട്ടും അയാളെന്തിനാണു ചുളുങ്ങിപ്പഴകിയ വാർത്തയിലേക്ക് ഇടയ്ക്ക് കൈയെത്തിക്കുന്നതെന്ന് ലളിതയ്ക്കു മനസ്സിലായില്ല.
വിജയൻ കുറെയേറെ പുസ്തകങ്ങൾ ഓരോ വരവിലും കൊണ്ടുവരും.എന്നിട്ടും മതിയാവാതെ അമേരിക്കയിൽ ന്യൂയോർക്കിൽ നിന്നോ മറ്റോ ഇറങ്ങുന്ന മലയാള പ്രസിദ്ധീകരണങ്ങൾ കിട്ടാൻ അയാൾ ആരെയൊക്കെയോ വിളിച്ചു. ഓരോ പെന്നിയും എണ്ണിച്ചെലവാക്കുന്ന വിജയൻ ലോങ് സിസ്റ്റൻസ് കോളിനു പണം കളയുന്നത് ലളിതയ്ക്കു മനസ്സിലായില്ല.
ലളിത കേരളത്തിലുള്ള ബന്ധുക്കളോട് മഞ്ഞിന്റെ തണുപ്പും സാൻഡ്വിച്ചിന്റെ അരുചിയും പറഞ്ഞില്ല. സമുദ്രങ്ങളും കാടുകളും മലകളും ഇടയിൽ കിടക്കുന്നു. ആ തണുപ്പും രുചിയും പറഞ്ഞാൽ മനസ്സിലാവുന്നത് എങ്ങനെയാണ് ? - 20 ഡിഗ്രിയിൽ വെള്ളവും ശരീരവും കല്ലാകുന്നത് പൊരി വെയിലിലിരിക്കുന്നവർ എങ്ങനെ അറിയാനാണ്. മകരത്തണുപ്പിൽ വിറച്ച് അമ്മ അവൾക്കു കത്തെഴുതി.
- ഇക്കൊല്ലം ഇവിടേം നല്ല തണുപ്പാ !
അരി വാങ്ങാൻ മഞ്ഞിൽ ഏറെ ദൂരം പോകണമെന്നു പറഞ്ഞാൽ അമ്മ എങ്ങനെ സങ്കല്പിക്കാനാണ്. പച്ചമുളക് കടകളിൽ വാങ്ങാൻ കിട്ടാത്ത സാധനമാണെന്നു പറഞ്ഞറിയിക്കുന്നത് എങ്ങനെയാണ്.
- അതിനു നിങ്ങളു റൊട്ടീം എറച്ചീം അല്യോ എപ്പഴും കഴിക്കുന്നത്.
ഇറച്ചി എന്നാൽ മസാലചേർത്തു വേവിച്ചെടുത്ത സൊയമ്പൻ കറി എന്നു മാത്രം അറിയുന്നവരോട് എന്തു പറയാനാണ്.
നാട്ടിലേക്കു ഫോൺ വിളിക്കുന്നതും അക്കാലങ്ങളിൽ ഒരു ചടങ്ങു തന്നെയായിരുന്നു. നാട്ടിലെ സമയം നോക്കണം. ആദ്യം പൂജ്യം മാത്രം കറക്കി ഓപ്പറേറ്ററെ വിളിക്കണം. വിളിക്കാനുള്ള നമ്പറും സംസാരിക്കേണ്ട ആളുടെ പേരും കൊടുക്കണം. കൊച്ചുവറീത് , പത്മനാഭൻ , ഏലിയാമ്മ... കാനഡയിലെ ടെലഫോൺ ഓപ്പറേറ്റർമാർക്കു തീരെ ഇഷ്ടപ്പെടാത്ത കാര്യമാണത്. അവർ നമ്പറുകൾ ഉച്ചത്തിൽ ആവർത്തിക്കുകയും പേരുകൾ പറയാൻ ബുദ്ധിമുട്ടുണ്ടെന്ന് ശബ്ദത്തിലൂടെയും പെരുമാറ്റത്തിലൂടെയും വ്യക്തമാക്കുകയും ചെയ്യും.
പിന്നെ കാത്തിരിപ്പാണ്. ചിലപ്പോൾ മിനിറ്റുകൾക്കുള്ളിൽ കണക്ഷൻ കിട്ടും. ഫോണെടുക്കുമ്പോൾ ഓപ്പറേറ്ററാവും രണ്ടുപേരെയും ചേർത്തു കൊടുക്കുന്നത്. കേരളത്തിലെ നാട്ടിൻപുറങ്ങള ഫോണുള്ളത് ചില വീടുകളിൽ മാത്രമായിരുന്നു. നാട്ടിലെ പ്രമുഖരുടെ ആരുടെയെങ്കിലും വീട്ടിലാവും അത്. ആദ്യം ആ വീട്ടിലേക്കു വിളിച്ചു പറയും.
- ഇത് ചെന്നാംകുടിയിലെ ജോയിയാണ്. അര മണിക്കൂറു കഴിഞ്ഞ് ഞാൻ പിന്നേം വിളിക്കാം. ജിമ്മിയോടു വരാൻ പറയണം.
ഫോണുള്ള വീട്ടിലെ ജോലിക്കാരൻ ചെന്നാംകൂടിയിലെ വീട്ടുമുറ്റത്തെത്തും.
- ദേ, കാനഡായീന്നു ഫോണൊണ്ട്. അര മണിക്കൂറുകഴീമ്പം ജിമ്മിച്ച നോടു വരാൻ പറഞ്ഞു.
അപ്പോൾ വീട്ടിൽ പരിഭ്രമം നിറയും. എന്തിനായിരിക്കും അവൻ വിളിച്ചത്. പലതരത്തിലുള്ള ഊഹങ്ങളും സങ്കല്പ കാരണങ്ങളും വീട്ടിലുള്ളവർ പരസ്പരം നിരത്തി നോക്കും. ഇതാവും കാരണം അതോ മറ്റെന്തെങ്കിലും ദുർവാർത്ത ഉണ്ടാവുമോ അവനു പറയാൻ?
അങ്ങോട്ടു ചോദിക്കുവാനും പറയുമാനുമുള്ള കാര്യങ്ങൾ ഫോൺ അറ്റൻഡ് ചെയ്യാൻ പോകുന്ന ഭാഗ്യവാനെ വീണ്ടും വീണ്ടും പറഞ്ഞേൽപിക്കും. ഒടുക്കം കാത്തു കാത്തിരുന്ന് അരമണിക്കൂർ എത്തുന്നതിനു മുമ്പേ ഫോണുള്ള വീടിന്റെ വരാന്തയിൽ ചിലപ്പോൾ ഫോൺ വയിട്ടുള്ള മുറിയിൽ തന്നെ കാത്തിരിക്കും.
കണക്ഷൻ കിട്ടിക്കഴിഞ്ഞാലും ഉച്ചത്തിൽ സംസാരിക്കണം. ഫോൺ ലൈനിൽ ഇരപ്പും പൊട്ടലുകളും ഇടയ്ക്കിടെ കേൾക്കാം. ഓരോ മിനിറ്റിനും കൊല്ലുന്ന വിലയാണ് ബെൽ കാനഡ എന്ന ഫോൺ കമ്പനി ഈടാക്കുന്നത്. എന്നാലും ചിതറിയ കുറച്ചു ശബ്ദം കേൾക്കുന്നത് വലിയ കാര്യം തന്നെയാണ്. കേട്ട ഓരോ വാക്കും ഓർത്തിരിക്കാൻ അവർ കഴിയുന്നത്ര ശ്രമിക്കും.
വീടു പണിയുന്നതിൽ ജിമ്മിക്ക് അതിയായ ഉൽസാഹം ഉണ്ടായിരുന്നു. അച്ചാച്ചൻ അയയ്ക്കുന്ന പണത്തിന്റെ കണക്ക് അവൻ കൃത്യമായി സൂക്ഷിച്ചു. അത് ജിമ്മി പണിയിച്ച വീടായിരുന്നു. ഇടയ്ക്കിടെ ജോയി വിളിക്കുന്നത് അവന് അഭിമാനകരമായി.
എൺപതുകൾ ആയപ്പോഴേക്കും സ്വന്തമായി ഫോണെടുക്കാൻ പലരും ശ്രമിച്ചു നോക്കി. പക്ഷേ , ചുവപ്പുനാടയിൽ കുരുങ്ങി കേരളത്തിലെ സാധാരണ സർക്കാർ കാര്യം പോലെ അതു തടഞ്ഞു കിടന്നു.
ചിലപ്പോൾ വിളിച്ച് വീട്ടിലേക്കൊരു വാർത്ത പറഞ്ഞേൽപിക്കും.
- അമ്മുക്കുട്ടി പ്രസവിച്ചു. ആൺകുഞ്ഞ് സുഖമായിരിക്കുന്നു.
പ്രസവം കഴിഞ്ഞാൽ തൊണ്ണൂറുദിവസം കിടക്കുന്ന പാരമ്പര്യം ഓർത്ത് പെണ്ണുങ്ങൾ കരഞ്ഞു. തൊണ്ണൂറു മണിക്കൂർ തികയുന്നതിനു മുമ്പേ അവർ അടുക്കളയിൽ കയറി. ചോറു വെക്കണം. കറി വെക്കണം. വാക്വം ചെയ്യണം. കുഞ്ഞിനെ കുളിപ്പിക്കണം.
കുഞ്ഞിനെ കുളിപ്പിക്കാൻ വല്യമ്മച്ചിയില്ല.
ചോറുവെച്ച് നെയ് ചേർത്ത് ഊട്ടാൻ അമ്മയില്ല.
വേതിട്ട് കുളിപ്പിക്കാൻ കാളിയമ്മയില്ല.
കാലിനിടയിലെ മുറിവ് നീറിപ്പിടഞ്ഞാൽ പറയാനൊരാളുമില്ല.
പുതു മണവാളൻമാർക്ക് കഞ്ഞി വെക്കാനറിയില്ല. മീൻകൂട്ടി ചോറു വേണം. പ്രസവിച്ച് തൊണ്ണൂറ്റാറു മണിക്കൂർ കഴിഞ്ഞപ്പോൾ യുവതികൾ ജോലിക്കു പോയി. അമ്മ ചമയാൻ നേരം തികയുന്നതിനുമുമ്പേ . ഓരോ മണിക്കൂറും ഡോളറാണു വിളയിക്കുന്നത്. രൂപയായി പെരുകുന്ന ഡോളർ. മോർട്ട്ഗേജ്, നാട്ടിൽ പണിയുന്ന വീട് . അനുജന്റെ പഠിത്തം.
പെറ്റു കിടക്കുന്നത് ആർഭാടമാണ്.
* വാനിൽ നിന്നുമിറങ്ങിവന്ന മകുടം തലയിൽ നിന്നും നിലത്തിറക്കി വെച്ച് മണവാളന്മാർ വീട്ടമ്മമാരായി, കൈക്കുഞ്ഞിന്റെ അമ്മയും ആയയുമായി. ഡ്രൈവറും ബാങ്കറുമായി.
തുടരും...
* 'വാനിൽ നിന്നും മകുടം ... മണവാളൻ തൻ ശിരസ്സിൽ ' എന്നത് ക്രിസ്ത്യാനികളുടെ വിവാഹസമയത്തെ ചൊല്ല്. സ്വർഗത്തിൽ നിന്നും സ്വർണ കിരീടം വരന്റെ ശിരസ്സിൽ വെക്കുന്നതായ സങ്കല്പം.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments