Image

അനു സ്കറിയാ ഫോമാ യൂത്ത് കോർഡിനേറ്റർ

(രാജു ശങ്കരത്തിൽ - ഫോമാ ന്യൂസ് ടീം) Published on 31 October, 2020
അനു സ്കറിയാ ഫോമാ യൂത്ത് കോർഡിനേറ്റർ

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അംബ്രല്ല സംഘടനയും  അമേരിക്കൻ മലയാളികളുടെ അഭിമാന പ്രസ്ഥാനവുമായ   ഫോമയുടെ യുവജന വിഭാഗത്തിന് കൂടുതൽ കരുത്തും പ്രവർത്തക്ഷമതയും നൽകുവാൻ ഫോമാ നാഷണൽ കമ്മറ്റി മെമ്പർ ആയ അനു സ്കറിയായെ ഫോമാ യൂത്ത് കോർഡിനേറ്റർ ആയി ഐക്യകണ്ഠേന തിരഞ്ഞെടുത്തു. 

പന്ത്രണ്ടാം വയസ്സിൽ അമേരിക്കയിലെത്തി സ്‌കൂൾ - കോളേജ് വിദ്യാഭ്യാസം അമേരിക്കയിൽ പൂർത്തിയാക്കിയ അനു,  ഒട്ടനവധി പ്രവർത്തന വിജയങ്ങളിലൂടെ മികച്ച സംഘാടകൻ എന്ന് ഇതിനകം നിരവധി തവണ തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. നന്നേ ചെറുപ്പത്തിൽ തന്നെ  തൻറെ പിതാവായ സ്കറിയാ പി.ഉമ്മനോടൊപ്പം അദ്ദേഹം  അംഗമായിരുന്ന മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ടായിരുന്നു അനുവിന്റെ സംഘടനാ പ്രവർത്തനങ്ങളുടെ  തുടക്കം. 2003 - ൽ മാപ്പ് യൂത്ത് ചെയർമാനായി മാപ്പിന്റെ പ്രവർത്തന പന്ഥാവിലെത്തിയ അനു പിന്നീട് മാപ്പിലെ പ്രവർത്തന കണ്ണികളിലെ പ്രധാനിയായി മാറി   .   2015 -ലും യൂത്ത് ചെയർമാനായിരുന്ന ആദ്ദേഹത്തിന്റെ പ്രവർത്തന സാമർത്യത്തിന്റെ അംഗീകാരമായി 2016 -ൽ യൂത്ത് ചെയർമാൻ  ആർട്ട്സ് ചെയർമാൻ എന്നീ രണ്ട് സ്ഥാനങ്ങൾ ഒരേ സമയം അദ്ദേഹത്തെ തേടിയെത്തി. 2017 -ലും 2018 - ലും തുടർച്ചയായി എതിരുകളില്ലാത്ത മാപ്പിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനു എക്കാലത്തെയും മികച്ച പ്രസിഡന്റ്‌മാരിലൊരാൾ എന്ന ഖ്യാദി നേടി അക്കാലയളവിൽ കൂടുതൽ യുവജനങ്ങൾക്ക്‌ ഉപകാരപ്രദമായ നിരവധി പരിപാടികൾ നടത്തി സംഘടനയിലെ  യുവജന പങ്കാളിത്തം വർദ്ധിപ്പിച്ചു.   ആദ്ദേഹത്തിന്റെ പ്രവർത്തന മികവിന്റെ അംഗീകാരമായി ഫോമയുടെ 2020 -2022  കാലയളവിലെ നാഷണൽ കമ്മറ്റി മെമ്പറായി മിഡ് അറ്റ്ലാന്റിക് റീജിയനിൽ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 

ഏതൊരു സമൂഹത്തിന്റെയും ഭാവി വാഗ്ദാനങ്ങളും പ്രതീക്ഷയുമാണ് യുവജന വിഭാഗം. അമേരിക്കന്‍ മലയാളി സമൂഹത്തിലെ യുവജനങ്ങള്‍ നമ്മുടെ ഭാഷയോടും സംസ്‌കാരത്തോടും പൈതൃകത്തോടും  അകലം പാലിക്കുന്നു എന്ന സത്യം മനസ്സിലാക്കി, അമേരിക്കൻ മലയാളികളായ യുവജനങ്ങളെ ഉൾപ്പെടുത്തി, നമ്മുടെ കമ്യൂണിറ്റിയോട് ചേർന്ന് നിന്നുകൊണ്ട് കേരത്തിന്റെ തനതായ  സംസ്ക്കാരവും പൈതൃകവും ഉൾക്കൊള്ളിപ്പിച്ചുകൊണ്ട് , പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത്‌ റെപ്രെസെന്ററിവുകളോട് ചേർന്ന് നിന്നുകൊണ്ട് ഫോമയുടെ പന്ത്രണ്ട് റീജിയനുകളിലും യൂത്ത്‌ ഫോറം ഉണ്ടാക്കി കൂടുതൽ യുവജനങ്ങളെ  വിവിധ പ്രവർത്തന മണ്ഡലങ്ങളിൽ എത്തിച്ചു അവരുടെ  കഴിവുകളെ പ്രോത്‌സാഹിപ്പിക്കുക എന്നതാണ്  ഉദ്ദേശിക്കുന്നതെന്ന്  അനു വ്യക്തമാക്കി. 

അമേരിക്കയിലെ വിവിധ സംസ്ഥാങ്ങളിലിൽ നിന്നുമുള്ള യുവതലമുറയെ പങ്കെടുപ്പിച്ചു കൊണ്ട്  അവർ നയിക്കുന്ന ചർച്ചകളിൽനിന്ന് ആശയങ്ങൾക്കും  ആഗ്രഹങ്ങൾക്കും  പ്രാധാന്യം നൽകിക്കൊണ്ട്  വിദ്യാഭ്യാസ സാമൂഹിക സാമ്പത്തിക അസമത്വങ്ങളിൽ  നിന്നും മോചിപ്പിക്കാൻ  പ്രാപ്തരാക്കുന്ന ഒരു പ്രവർത്തന മേഖല ആണ് യൂത്ത്  ഫോറം കൊണ്ട് ഉദ്ദേശിക്കുന്നത്.  കാലാവസ്ഥ വ്യതിയാനം തുടങ്ങി ഭാവി തലമുറകൾക്കു അതിജീവന പ്രസ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള പ്രശ്നങ്ങൾ മുൻ നിറുത്തി സംവാദങ്ങളും അതിനോട് അനുബന്ധിച്ചുള്ള പ്രായോഗിക പ്രവർത്തങ്ങളും ഉണ്ടാകും. 

കഴിവും താല്പര്യവുമുള്ള മലയാളി യുവാക്കളെ അമേരിക്കൻ രാഷ്ട്രീയത്തിന്‍റെ മുഖ്യ ധാരയിലേക്ക് എത്തിക്കുവാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുവാൻ  നേതൃത്വം നൽകും. ഇതിനുവേണ്ടി യുവാക്കൾക്കായുള്ള  പരിശീലനക്കളരികൾ സംഘടിപ്പിക്കുകയും, അമേരിക്കൻ രാഷ്ട്രീയത്തിൽ ഇപ്പോൾ മുൻനിരയിലുള്ള മലയാളി നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു വിദഗ്‌ദ ഉപദേശക സമിതിക്ക് രൂപം കൊടുക്കുകയും ചെയ്യും യുവജനങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പല കർമ്മ പദ്ധതികളും നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. ഇവയൊക്കെയാണ് ഫോമാ ഉദ്ദേശിക്കുന്നത്. 

       വിധ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിസ്വാർത്ഥമായ  സേവനങ്ങളിലൂടെ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മസൂദ് അൽ അൻസാർ, കാൽവിൻ കവലയ്ക്കൽ, കുരുവിള ജെയിംസ് എന്നീ കരുത്തുറ്റ യുവജന പ്രവർത്തകരെയാണ്  2020 - 2022  ഫോമാ യൂത്ത് റപ്രസെന്ററ്റീവ്സ് ആയി തിരഞ്ഞെടുത്തിട്ടുള്ളത്. ഇവർക്ക് യൂത്ത് കോർഡിനേറ്റർ ആയ അനു സ്കറിയായുടെ ശക്തമായ നേതൃത്വം കൂടി ആവുമ്പോൾ അത് ഫോമയുടെ യുവജന വിഭാഗത്തിന്  കൂടുതൽ കരുത്തേകും എന്ന കാര്യത്തിൽ സംശയം വേണ്ടായെന്നും, ഇവരുടെ പ്രവർത്തനം ഫോമയ്‌ക്ക് എന്നും ഒരു മുതൽക്കൂട്ടായിരിക്കുമെന്നും ,  ഫോമാ  പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി റ്റി. ഉണ്ണികൃഷ്ണൻ, ട്രഷറാർ തോമസ് റ്റി. ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിൻറ് സെക്രട്ടറി ജോസ് മണക്കാട്, ജോയിൻറ് ട്രഷറാർ ബിജു തോണിക്കടവിൽ എന്നിവർ സംയുകത പ്രസ്താവനയിൽ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക